പല്ലുതേക്കാനും കുളിക്കാനും മടിയുണ്ടോ? അത് വിഷാദത്തിന്റെ ലക്ഷണങ്ങളാകാം
text_fieldsമാനസിക സമ്മർദം ശാരീരിക പ്രശ്നങ്ങൾക്കടിയാക്കുമോ?
ഉത്കണ്ഠ ബാധിച്ച് ഒരാഴ്ചയായി വിഷാദാവസ്ഥയിലാണ് നിങ്ങളെങ്കിൽ, വയറുവേദന, പുറം വേദന, കൈകാലുകൾക്ക് വേദന തുടങ്ങി പലയിടത്തും വേദനയും ആരംഭിക്കും. അതോടൊപ്പം തലവേദനയും അലസതയും ക്ഷീണവും അനുഭവപ്പെടാൻ തുടങ്ങിയേക്കാം.അതായത് മാനസിക സമ്മർദ്ദങ്ങൾ നിങ്ങളെ രോഗിയെപ്പോലെയാക്കിയേക്കാം.
ഉത്കണ്ഠയും പരിഭ്രമവും ഉള്ളപ്പോൾ നിരവധി പേർക്ക് വയറിന് പ്രശ്നമുണ്ടാകും. നിങ്ങളുടെ മാനസികാവസ്ഥ മൂലം ശാരീരിക അവസ്ഥ മോശമാവുകുമ്പോൾ, അതിനെ സൈക്കോസോമാറ്റിക് എന്ന് വിളിക്കുന്നു. സൈക്കോസോമാറ്റിക് ലക്ഷണങ്ങൾ യഥാർത്ഥമല്ലെന്ന് പലരും വിശ്വസിക്കുന്നു - എന്നാൽ അവ യഥാർത്ഥ ലക്ഷണങ്ങളാണ്.
എന്തുകൊണ്ടാണ് മാനസിക സമ്മർദ്ദം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്
ഒരു പാമ്പിനെ കണ്ടാൽ നമ്മൾ ഓടും. അതിനു മുന്നോടിയായി നമ്മുടെ ശരീരത്തിൽ വിവിധ മാറ്റങ്ങൾ ഉണ്ടാകും. നെഞ്ചിടിപ്പും ശ്വാസഗതിയും കൂടും. ഭയത്തിൽ നമ്മുടെ ഓട്ടത്തിന്റെ വേഗത വർധിപ്പിക്കും.
അഡ്രിനാലിൻ, കോർട്ടിസോൾ എന്നിങ്ങനെ രണ്ട് ഹോർമോണുകളാണ് നമ്മുടെ ഹൃദയമിടിപ്പ് കൂട്ടുന്നതും രക്തസമ്മർദ്ദം ഉയർത്തുന്നതുമെല്ലാം. ഇത് ശാരീരികമായ ഊർജം കൂടുതലായി പ്രയോഗിക്കാൻ നമ്മെ സഹായിക്കും. ആ ഭീഷണി അവസാനിച്ചാൽ നമ്മുടെ ശരീരം സാധാരണ നിലയിലേക്ക് എത്തും. ഈ ശാരീരിക മാറ്റം നിങ്ങളെ അപകടത്തിൽ നിന്ന് രക്ഷിക്കാനുള്ളതാണ്. ഇത്തരം ഒപ്റ്റിമൽ ആങ്സൈറ്റികൾ നല്ലതാണ്.
എന്നാൽ ഇത്തരം ലക്ഷണങ്ങൾ സ്ഥിരമായി നിലനിൽക്കുകയാണെങ്കിൽ അത് നല്ലതല്ല. സ്ഥിരമായ സമ്മർദ്ദം എന്നത് നിങ്ങളുടെ അഡ്രിനാലിൻ, കോർട്ടിസോൾ ലെവൽ ഉയർന്നു നിൽക്കുന്നുവെന്നതാണ് കാണിക്കുന്നത്. അത് ഒരിക്കലും സന്തുലിതാവസ്ഥയിൽ എത്താത്തതിനാൽ ശാരീരികമായി പല പ്രശ്നങ്ങളും നേരിടേണ്ടി വരും.
ഉത്കണ്ഠയും വിഷാദവും പ്രധാനമായും നിങ്ങളുടെ വേദന സഹിക്കാനുള്ള കഴിവിനെ ഇല്ലാതാക്കും. കാരണം വേദനയോട് പ്രതികരിക്കുന്ന തലച്ചോറിന്റെ അതേഭാഗമാണ് ഉത്കണ്ഠയോടും വിഷാദത്തോടും പ്രതികരിക്കുന്നത്.
രൂക്ഷമായ മാനസിക സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ
- തലവേദന
- മൈഗ്രേൻ
- പേശി പിരിമുറുക്കവും വേദനയും
- വയറിളക്കം, വയറുവേദന, വിശപ്പിലുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയ ദഹന പ്രശ്നങ്ങൾ
- ഉറക്കപ്രശ്നങ്ങൾ
- മന്ദത
വിഷാദത്തിന് ശാരീരിക ലക്ഷണങ്ങളുണ്ട്. അവയേതെല്ലാണെമന്ന് നോക്കാം
- വേദന
- ദഹന പ്രശ്നങ്ങൾ
- ക്ഷീണം
- തലവേദന
- കണ്ണിനുള്ള പ്രശ്നങ്ങൾ
സ്ട്രെസും ട്രോമയും സ്വന്തം രോഗപ്രതിരോധ ശേഷിയെ തന്നെ ബാധിക്കാം. ഹാഷിമോട്ടോ തൈറോയ്ഡിറ്റീസ്, സോറിയാസിസ്, സന്ധിവാതം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇവ വഴിവെക്കാം.
എന്നാൽ പലരും മാനസിക പ്രശ്നങ്ങൾ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് തിരിച്ചറിയുന്നില്ല. അതായത്, മാനസിക പ്രശ്നങ്ങൾ ശാരീരിക പ്രശ്നങ്ങൾ പോലെ ഗൗരവമുള്ളതായി സമൂഹം കാണുന്നില്ലെന്നതാണ് വസ്തുത. പുറമേക്ക് കാണാത്ത ശാരീരിക പ്രശ്നങ്ങൾ നാം ചെവികൊള്ളാറില്ല. ഒക്കെ തോന്നലാണെന്ന് പറഞ്ഞ് തള്ളുകയാണ്. ചില ഡോകട്ർമാരും പല ശാരീരിക ബുദ്ധിമുട്ടുകളെയും മാനസികമാണെന്ന് നിസാര വത്കരിക്കുകയും ചെയ്യും. എന്നാൽ അത് തോന്നൽ മാത്രമല്ല, മറ്റ് പല കാരണങ്ങൾ മൂലവും ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാം.
ശാരീരിക ലക്ഷണങ്ങൾ ശാരീരിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണോ അല്ലെങ്കിൽ മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണോ എന്ന് നിർണ്ണയിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഡോക്ടറെ കാണുന്നതാണ്. രക്തപരിശോധന നടത്തിയും മറ്റും ഇതിന് സാധിക്കും.
പരിശോധനകളിൽ അടിസ്ഥാനപരമായ മെഡിക്കൽ കാരണങ്ങളൊന്നും കാണുന്നില്ലെങ്കിൽ, ഒരു മാനസികാരോഗ്യ വിലയിരുത്തൽ നടത്തേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വേദനകൾ മാനസികമാണെന്ന് തെളിഞ്ഞാൽ, അതും തള്ളിക്കളയരുത്.
നിരന്തരമായ പേശി വേദന മാനസിക സമ്മർദ്ദത്തിന്റെ ഫലമാണെന്ന് കണ്ടെത്തിയാൽ എന്തു ചെയ്യും?
മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ വ്യക്തികൾക്കനുസരിച്ച് വ്യത്യസ്തമായ സമീപനമാണ് വേണ്ടി വരുക. ഒരു നീണ്ട നടത്തം, ഓട്ടം അല്ലെങ്കിൽ ഒരു നൃത്ത പരിപാടി പോലെയുള്ള വ്യായാമങ്ങളിൽ ഏർപ്പെടുക. ഇത് ഒരു നിമിഷത്തേക്കെങ്കിലും മനസ്സിനെ സമ്മർദ്ദത്തിൽ നിന്ന് അകറ്റാൻ സഹായിച്ചേക്കാം.
സമ്മർദത്തെ നേരിടാനുള്ള മറ്റൊരു മാർഗം, ഇഷ്ടപ്പെട്ട കാര്യങ്ങളിൽ ഏർപ്പെടുക എന്നതാണ്. സാവധാനത്തിലുള്ള വ്യായാമം അല്ലെങ്കിൽ ആഴത്തിലുള്ള ശ്വസന വിദ്യകൾ തുടങ്ങി നിങ്ങളെ അത്യന്തം ശാന്തമാക്കുന്ന എന്തെങ്കിലും ചെയ്യുക. ശാന്തത അനുഭവിക്കാൻ നിങ്ങളെ സഹായിക്കുന്നതെന്തും പരിശീലിക്കുന്നത് ഗുണകരമാകും.
സമ്മർദ്ദത്തെ നേരിടാൻ സഹായിക്കുന്നതിന് ദീർഘകാല പദ്ധതികൾ കണ്ടെത്തുക. സൈക്കോസോമാറ്റിക് വേദനക്ക് പെട്ടെന്ന് പരിഹാരമൊന്നുമില്ലെങ്കിലും, നിങ്ങളുടെ മാനസികാവസ്ഥയും ശാരീരിക ആരോഗ്യവും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കുന്നത് കുറച്ച് ആശ്വാസം നൽകിയേക്കാം.
നിങ്ങളുടെ വേദനക്ക് ശാരീരികമോ മാനസികമോ ആയ കാരണങ്ങളുണ്ടോ എന്നതല്ല, അത് ഗൗരവമായി എടുക്കണമെന്നതാണ് പ്രധാനം. ഏറ്റവും നിസാരമെന്ന് കരുതുന്ന കാര്യങ്ങൾ പോലും നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു.
ശുചിത്വം ശീലമാക്കുന്നത് ഒരു നല്ല കാര്യമാണ്, കാരണം ഇത് രോഗങ്ങളെ തടയുകയും നമ്മുടെ ശരീരത്തെ പരിപാലിക്കാൻ സഹായിക്കുകയും ചെയ്യും. എന്നാൽ ഒരുപാട് ആളുകൾ വിഷാദാവസ്ഥയിൽ അടിസ്ഥാന ശുചിത്വം പാലിക്കാൻ പാടുപെടുന്നു. കുളിക്കുക, കൈകഴുകുക, പല്ല് തേക്കുക, അലക്കുക, മുടി ചീകുക എന്നിവ ഇതിൽ ഉൾപ്പെടാം.
പല്ല് തേക്കുന്നതോ മുടി കഴുകുന്നതോ പോലുള്ള ലളിതമായ സ്വയം പരിചരണ പ്രവർത്തികൾ ചെയ്യാൻ വേണ്ടത്ര ഊർജ്ജമില്ലെന്ന് രോഗികൾ പരാതിപ്പെടാം. കുടുംബാംഗം അവരെ ഓർമ്മിപ്പിച്ചില്ലെങ്കിൽ പലരും വ്യക്തിപരമായ ശുചിത്വ ആവശ്യങ്ങൾ ശ്രദ്ധിക്കുന്നില്ല.
എന്തുകൊണ്ടാണ് വിഷാദം മൂലം കുളിക്കുന്നത് ഇത്ര ബുദ്ധിമുട്ടാക്കുന്നത്?
വിഷാദത്തിന്റെ ശാരീരിക ലക്ഷണങ്ങൾ, ശാരീരിക വേദന പോലുള്ളവ, ആളുകൾ കുളിക്കുന്നത് ഒഴിവാക്കാൻ കാരണമാകുന്നു. വ്യക്തിപരമായ ശുചിത്വ ആവശ്യങ്ങൾക്ക് ശാരീരികമായി പ്രാപ്തരല്ലെന്ന് അവർക്ക് തോന്നും.
വിഷാദരോഗത്തിന് പുറമേ, ഉത്കണ്ഠാ വൈകല്യങ്ങളും സെൻസറി പ്രോസസ്സിംഗ് ഡിസോർഡറുകളും കുളിക്കുന്നതും വ്യക്തിഗത ശുചിത്വം പാലിക്കുന്നതും ബുദ്ധിമുട്ടുള്ള കാര്യമാക്കുന്നു.
സെൻസറി പ്രോസസ്സിംഗ് പ്രശ്നങ്ങളുള്ള വ്യക്തികൾ കുളിക്കാൻ പാടുപെടും. കാരണം ജലത്തിന്റെ താപനില അവർക്ക് ശാരീരികമായി വേദനാജനകമാണ്.
അമിത വൃത്തിയുണ്ടോ? അതും മാനസിക പ്രശ്നമാകാം
ചില മാനസികരോഗങ്ങൾ ആളുകളെ വൃത്തിയെക്കുറിച്ചോർത്ത് വളരെ ആകുലരാക്കുന്നു. സാധാരണയായി ശുചിത്വവുമായി ബന്ധപ്പെട്ടിരിക്കുന്ന മാനസികരോഗം ഒബ്സസീവ് കംപൾസീവ് ഡിസോർഡർ (OCD) ആണ്. OCD ഉള്ള ആളുകളെ തമാശക്കുപകരിക്കുന്ന കഥാപാത്രങ്ങളായാണ് സാധാരണ ചിത്രീകരിക്കുന്നത്.
OCD ശുചിത്വത്തെക്കുറിച്ചുള്ളതല്ല. അത് വിഷമകരമായ ചിന്തകളെ നിയന്ത്രിക്കാൻ കഴിയാത്തതിനാലുണ്ടാകുന്ന അവസ്ഥയാണ്. ഉദാഹരണത്തിന് കൈകഴുകുന്നതു പോലുള്ള പ്രവർത്തിയിൽ ഏർപ്പെടുമ്പോൾ രോഗാണുക്കളെ കുറിച്ചുള്ള ഭയം മൂലമോ മറ്റോ നിരന്തരം കൈകഴുകേണ്ടി വരുന്നു.
നിങ്ങൾ ശുചിത്വവുമായി ബന്ധപ്പെട്ട OCD ഉള്ളവരാണെങ്കിൽ അടുത്ത ജോലിയിലേക്ക് പോകുന്നതിന് മുമ്പ് നിശ്ചിത തവണ കൈ കഴുകുന്നത് പോലുള്ള ശുചിത്വ ചടങ്ങുകൾ ആവർത്തിച്ച് നടത്തേണ്ടതുണ്ടെന്ന് തോന്നാം. ഇത് നമ്മുടെ ദിനചര്യകളെ ബാധിക്കാം.