ഉണർന്നയുടൻ ഫോണിലേക്ക് കൈ പോകുന്നുണ്ടോ? ഇത് വെറും അഡിക്ഷനല്ല; ശാസ്ത്രം പറയുന്നത് കേൾക്കൂ
text_fieldsരാവിലെ ഉറക്കമുണർന്നയുടൻ കണ്ണുതുറക്കുന്നതിന് മുൻപേ കൈകൾ അറിയാതെ ഫോണിലേക്ക് നീങ്ങുന്ന ശീലം ഇന്ന് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ദിനചര്യയായി മാറിയിട്ടുണ്ട്. മൊബൈൽ ഫോണിനോടുള്ള കടുത്ത അടിമത്തം അല്ലെങ്കിൽ ആത്മനിയന്ത്രണമില്ലായ്മ കൊണ്ടാണ് ഇങ്ങനെയുണ്ടാകുന്നത് എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ ഇതിന് പിന്നിൽ മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണമായ മനഃശാസ്ത്രപരമായ കാരണങ്ങളുമുണ്ടെന്നാണ് മനഃശാസ്ത്ര വിദഗ്ധർ വ്യക്തമാക്കുന്നത്.
രാത്രിയിലെ നീണ്ട മണിക്കൂറുകളിലെ ഉറക്കത്തിന് ശേഷം ലോകവുമായി വീണ്ടും ബന്ധപ്പെടാനുള്ള തലച്ചോറിന്റെ സ്വാഭാവിക ത്വരയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നാം ഉറങ്ങുമ്പോൾ ലോകത്ത് എന്തെങ്കിലും സുപ്രധാന മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോ, ആരെങ്കിലും പ്രധാന സന്ദേശങ്ങളോ ഇമെയിലുകളോ അയച്ചിട്ടുണ്ടോ എന്നറിയാനുള്ള ആകാംക്ഷയും, പുതിയ ദിവസത്തിലേക്ക് ഒരുങ്ങുന്നതിന് മുന്നോടിയായി ചുറ്റുപാടുകളെ മനസ്സിലാക്കാനുള്ള 'ഓറിയന്റേഷൻ' പ്രക്രിയയും ഇതിൽ പ്രവർത്തിക്കുന്നുണ്ട്.
കൂടാതെ, ബിഹേവിയറൽ സൈക്കോളജിയിലെ 'ഹാബിറ്റ് ലൂപ്പ്' എന്ന തത്വവും ഇതിന് പിന്നിലുണ്ട്. അലാറം ഓഫാക്കാൻ ഫോൺ എടുക്കുന്നത് ഒരു ശീലമായി മാറുകയും, അപ്രതീക്ഷിതമായി ലഭിച്ചേക്കാവുന്ന നല്ലൊരു സന്ദേശമോ വിവരമോ നൽകുന്ന സന്തോഷം ഈ പെരുമാറ്റത്തെ വീണ്ടും ആവർത്തിക്കാൻ തലച്ചോറിനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, വെറുമൊരു വിവരശേഖരണത്തിനപ്പുറം ഈ പരിശോധന രാവിലെ തന്നെയുള്ള നീണ്ട സോഷ്യൽ മീഡിയ സ്ക്രോളിംഗിലേക്ക് നീങ്ങുന്നത് ആ ദിവസത്തെ മാനസികാവസ്ഥയെയും ഉൽപ്പാദനക്ഷമതയെയും ദോഷകരമായി ബാധിച്ചേക്കാമെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
ഇതുകൂടാതെ, ആധുനിക ഡിജിറ്റൽ യുഗത്തിൽ വ്യാപകമായി കാണപ്പെടുന്ന 'ഫോമോ' അഥവാ പ്രധാനപ്പെട്ട എന്തെങ്കിലും വിവരങ്ങൾ തനിക്ക് നഷ്ടപ്പെട്ടുപോകുമോ എന്ന ഭയം ഈ സ്വഭാവത്തെ കൂടുതൽ ശക്തമാക്കുന്നു. താൻ ഉറങ്ങുന്ന സമയത്ത് സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ ജീവിതത്തിൽ എന്തുണ്ടായി, ജോലിസ്ഥലത്തുനിന്നോ സോഷ്യൽ മീഡിയയിൽ നിന്നോ ഏതെങ്കിലും നിർണായക വിവരങ്ങൾ വന്നിട്ടുണ്ടോ എന്ന ഭയം അറിയാതെ തന്നെ വ്യക്തികളെ ഉണർന്നയുടൻ സ്ക്രീനിലേക്ക് നോക്കാൻ പ്രേരിപ്പിക്കുന്നു. ഇത് ഒരു പരിധി വരെ ഡിജിറ്റൽ ബന്ധങ്ങൾ നിലനിർത്താനുള്ള സ്വാഭാവിക ത്വരയാണെങ്കിലും നമ്മുടെ വ്യക്തിജീവിതത്തിലെ സ്വകാര്യ നിമിഷങ്ങളെ ഇവ ഇല്ലാതാക്കുന്നുണ്ട്.
ഈ സ്വഭാവത്തിൽ നിന്ന് പതിയെ മോചിതരാകാൻ പകരമായി ലളിതമായ 'മോണിംഗ് റൂട്ടീനുകൾ' വികസിപ്പിച്ചെടുക്കണമെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നത്. ഫോണിന് പകരം പരമ്പരാഗത അലാറം ക്ലോക്കുകൾ ഉപയോഗിക്കുക, ഉണർന്നയുടൻ ലളിതമായ സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യുക, പ്രഭാത വെളിച്ചത്തിലേക്ക് ഇറങ്ങിനിൽക്കുക തുടങ്ങിയ ചെറിയ മാറ്റങ്ങൾ തലച്ചോറിലെ സ്ട്രെസ് കുറയ്ക്കാനും ഡോപ്പമിൻ നില സന്തുലിതമായി നിലനിർത്താനും സഹായിക്കും. ഇത്തരം ക്രമീകരണങ്ങൾ ദിവസത്തിന്റെ തുടക്കത്തിൽ തന്നെ കൂടുതൽ മാനസിക വ്യക്തതയും സമാധാനവും നൽകാൻ ഉപകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

