പാലിച്ചില്ലെങ്കിലും വെറുതെ എടുത്തോളൂ ന്യൂ ഇയർ റെസല്യൂഷൻ
text_fieldsപുതിയ വർഷത്തിന്റെ ഹർഷത്തിലേക്ക് കലണ്ടറും ക്ലോക്കും നീങ്ങുമ്പോൾ നാമെല്ലാം പുതുവർഷപ്രതിജ്ഞകളുമായി തയാറായി നിൽക്കും. ആരോഗ്യമുള്ള ഭക്ഷണം മുതൽ മുടക്കാത്ത വ്യായാമം വരെയും, കൂടുതൽ യാത്രകൾ മുതൽ സമ്പാദ്യശീലം വരെയും, സോഷ്യൽ മീഡിയ സമയം കുറക്കുമെന്നുമെല്ലാമായിരിക്കും പലരുടെയും ന്യൂ ഇയർ റസല്യൂഷൻ.
ഓരോ ജനുവരിയുടെയും പതിവ് പാറ്റേണായിരിക്കും പിന്നീടങ്ങോട്ട്. ആദ്യത്തെ ആഴ്ചയിലെ ആവേശം പതിയെ തണുക്കും. വളരെ ആസൂത്രണം ചെയ്ത് ഒരുക്കിയെടുത്ത പ്രതിജ്ഞയെല്ലാം പതിയെ ഉപേക്ഷിക്കും. ഭൂരിഭാഗം പേരുടെയും പതിവാണിത്. ഇങ്ങനെയാണെങ്കിലും പുതുവർഷ പ്രതിജ്ഞ എടുക്കൽ അവസാനിപ്പിക്കരുതെന്നാണ് മാനസികാരോഗ്യ വിദഗ്ധർ ഉപദേശിക്കുന്നത്. പ്രതിജ്ഞ പാലിക്കുന്നതിന്റെ കാലദൈർഘ്യത്തോളംതന്നെ പ്രധാനമാണ് പ്രതിജ്ഞയെടുക്കുകയെന്ന പ്രവൃത്തിയെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
‘‘പ്രതിജ്ഞകൾ നമുക്ക് പ്രതീക്ഷയും മനോനിയന്ത്രണവും നൽകും’’ -ബിഹേവിയറൽ സയൻസ് വിദഗ്ധൻ ഡോ. രാഹുൽ ഛന്ദോക്ക് അഭിപ്രായപ്പെട്ടു. അത് നമ്മുടെ സ്വാഭാവിക വളർച്ചയെ ഉണർത്തുകയും ദൈനദിനചര്യകളിൽ സ്വാധീനം ചെലുത്തുകയും ചെയ്യും. വർഷം മുഴുവൻ ആ ലക്ഷ്യം നിലനിർത്താൻ കഴിഞ്ഞില്ലെങ്കിലും സ്വയം തിരിച്ചറിയാനും ഉദ്ദേശ്യശുദ്ധി മനസ്സിലാക്കാനും ആസൂത്രണം നമ്മെ സഹായിക്കും.’’ -അദ്ദേഹം പറയുന്നു.
ഇത്തരം പ്രതിജ്ഞകളുടെ ശക്തിയെന്നത് കൃത്യമായി നടപ്പാക്കുകയെന്നതിനേക്കാൾ അതിന്റെ ഉദ്ദേശ്യത്തിലാണ്. കൈവരിക്കാനാകാതെ പോയാൽ പരാജയബോധം തോന്നിക്കുന്ന വലിയ ലക്ഷ്യങ്ങളേക്കാൾ, അതിലേക്കുള്ള ചുവടുവെപ്പ് നൽകുന്ന ആവേശവും ശീലങ്ങളും പിന്നീട് നമ്മെ നയിക്കും. അവ മനുഷ്യരെ അവരുടെ മൂല്യങ്ങളെക്കുറിച്ച് ബോധവാന്മാരായി നിലനിർത്തും. ഓരോ വീഴ്ചക്കുശേഷവും വീണ്ടും ലക്ഷ്യങ്ങളിലേക്കു തിരികെ വരാനുള്ള സ്വാതന്ത്ര്യം നൽകും. ‘ദിവസേന ഇത്ര ദൂരം നടക്കു’മെന്നതുപോലുള്ളതോ ‘ഇടയ്ക്കിടെ കുറിപ്പെഴുതു’മെന്നതോ പോലുള്ള പ്രതിജ്ഞകൾ പാലിക്കുന്നതുപോലും വ്യക്തിഗത വളർച്ചക്ക് വിലപ്പെട്ട സംഭാവന നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

