Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightപ്രണയ ലഹരിയും വിഡ്രോവൽ...

പ്രണയ ലഹരിയും വിഡ്രോവൽ സിൻഡ്രവും

text_fields
bookmark_border
https://www.madhyamam.com/tags/withdrawal-syndrome
cancel

ലഹരി എന്നത് പൊതുവായി മനുഷ്യന്റെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റത്തെയും താൽക്കാലികമായി മാറ്റിമറിക്കുന്ന, ഒരു പ്രത്യേക തരം ഉന്മേഷമോ മയക്കമോ നൽകുന്ന അവസ്ഥ എന്നാണ് വിവക്ഷിക്കപ്പെടുന്നത്.

ഇത് രണ്ടുരീതിയിൽ കാണാം.

ഒന്ന്-ശരീരത്തിന്റെയും മസ്തിഷ്കത്തിന്റെയും സാധാരണ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം വഴി ഉണ്ടാകുന്ന അവസ്ഥ. രണ്ടാമത്തേത് ഒരു രാസവസ്തുവിന്റെയും സഹായമില്ലാതെ, മനുഷ്യൻ തന്റെ താൽപര്യങ്ങളിലോ വികാരങ്ങളിലോ പൂർണമായി മുഴുകിനിൽക്കുന്ന അവസ്ഥയാണ്.

ഈ രണ്ടാമത്തെ വിഭാഗത്തിൽ വരുന്നതാണ് പ്രണയം. മയക്കുമരുന്നിനും മദ്യത്തിനും അടിമയായ ഒരാൾ, ആ ലഹരിവസ്തു പെട്ടെന്ന് കിട്ടാതെ വരുമ്പോൾ കാണിക്കുന്ന അസ്വസ്ഥതകളെയും ശാരീരിക-മാനസിക തകർച്ചകളെയും വിഡ്രോവൽ സിൻഡ്രം എന്ന് വിളിക്കാറുണ്ട്. സമൂഹം അതിനെ ഒരു മെഡിക്കൽ അവസ്ഥയായി കാണുകയും, അയാൾക്ക് ഡി-അഡിക്ഷൻ സെന്ററുകളും ശാസ്ത്രീയ ചികിത്സകളും ഉറപ്പാക്കുകയും ചെയ്യാറുണ്ട്. എന്നാൽ, ഇതേ മസ്തിഷ്ക പ്രതിഭാസത്തിലൂടെ കടന്നുപോകുന്ന മറ്റൊരു വിഭാഗത്തെ, ‘പ്രണയനൈരാശ്യം’ അനുഭവിക്കുന്നവരെ നമ്മൾ പലപ്പോഴും പരിഹാസത്തോടെയോ, ലഘൂകരണത്തോടെയോ, പുച്ഛത്തോടെയോ ഒക്കെ ആണ് കാണാറുള്ളത്.

ശാസ്ത്രീയമായി പറഞ്ഞാൽ പ്രണയം ഒരു വികാരം മാത്രമല്ല, അതൊരു തീവ്രമായ രാസലഹരിക്ക് സമാനമായ അവസ്ഥ തന്നെയാണ്.

പ്രണയ പങ്കാളിയെ കാണുമ്പോഴും ഓർക്കുമ്പോഴും തലച്ചോറിലെ ‘റിവാർഡ് സിസ്റ്റം’ ഉണരുകയും, ഡോപമിൻ, ഓക്സിടോസിൻ തുടങ്ങിയ ഹോർമോണുകൾ വലിയ അളവിൽ പ്രവഹിക്കുകയും ചെയ്യുന്നു. കൊക്കെയ്ൻ പോലെയുള്ള കടുത്ത മയക്കുമരുന്നുകൾ ഉപയോഗിക്കുമ്പോൾ ഉത്തേജിപ്പിക്കപ്പെടുന്ന അതേ മസ്തിഷ്ക ഭാഗങ്ങളാണ് പ്രണയത്തിലാകുമ്പോഴും ഉണരുന്നത്.

പെട്ടെന്ന് ഒരു ദിവസം ഈ ബന്ധം തകരുമ്പോൾ, തലച്ചോറിലേക്കുള്ള ഈ ഡോപമിൻ പ്രവാഹം നിലക്കുന്നു. മയക്കുമരുന്ന് നിർത്തുമ്പോൾ ഒരു അഡിക്ട് അനുഭവിക്കുന്ന അതേ കഠിനമായ വിഡ്രോവൽ ലക്ഷണങ്ങളാണ് പ്രണയനൈരാശ്യം ബാധിച്ച വ്യക്തിയും നേരിടുന്നത്. കടുത്ത വിഷാദം, പങ്കാളിയെ വീണ്ടും കാണാനുള്ള തീവ്രമായ കൊതി, ഉറക്കമില്ലായ്മ, കടുത്ത ശാരീരിക വേദന എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകുന്നു. വൈകാരികമായ തകർച്ച തലച്ചോറിലെ ശാരീരിക വേദനയെ നിയന്ത്രിക്കുന്ന ഭാഗങ്ങളെക്കൂടി ഉത്തേജിപ്പിക്കുന്നതു കൊണ്ടാണ് പ്രണയനൈരാശ്യത്തിൽ നെഞ്ചിനകത്ത് ഭാരവും വേദനയും അനുഭവപ്പെടുന്നത്.

മനുഷ്യൻ ജന്മനാ തന്നെ മറ്റൊരാളുമായി വൈകാരികമായി ബോണ്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ജീവിയാണ്. കുട്ടിക്കാലത്ത് അമ്മയുമായി ഉണ്ടാകുന്ന അതേ സുരക്ഷിതത്വ ബോധമാണ് മുതിരുമ്പോൾ പങ്കാളിയിൽനിന്ന് മനുഷ്യൻ പ്രതീക്ഷിക്കുന്നത്. പ്രണയം തകരുമ്പോൾ ഈ സുരക്ഷിതത്വ വലയമാണ് പെട്ടെന്ന് ഇല്ലാതാകുന്നത്. ഇത് മസ്തിഷ്കത്തിൽ വലിയൊരു അതിജീവന ഭീഷണി ആയാണ് അനുഭവപ്പെടുക. അതുകൊണ്ടാണ് വ്യക്തി കടുത്ത ഭയത്തിലേക്കും ഉത്കണ്ഠയിലേക്കും വീണുപോകുന്നത്. ഒരു പ്രിയപ്പെട്ട വ്യക്തി മരണപ്പെടുമ്പോഴും ഇതിന് സമാനമായ മാനസികാവസ്ഥ മനുഷ്യർക്കുണ്ടാവും.

നിർഭാഗ്യവശാൽ, നമ്മുടെ സമൂഹം ഇപ്പോഴും പ്രണയനൈരാശ്യത്തെ ഒരു മെഡിക്കൽ അല്ലെങ്കിൽ സൈക്കോളജിക്കൽ അവസ്ഥയായി കാണാൻ പഠിച്ചിട്ടില്ല. ‘‘ഇതൊക്കെ പ്രായത്തിന്റെ ചോരത്തിളപ്പാണ്’’, ‘‘തേപ്പ് കിട്ടിയതിന്റെ സങ്കടമാണ്’’ എന്നിങ്ങനെ പറഞ്ഞ് നമ്മളതിനെ വളരെ ലഘൂകരിക്കുന്നു. ഈ നിസ്സാരവത്കരണമാണ് പലപ്പോഴും വലിയ ദുരന്തങ്ങളിൽ ചെന്നെത്തിക്കുന്നത്. കടുത്ത വിഡ്രോവൽ സിൻഡ്രം അനുഭവിക്കുന്ന ഒരു വ്യക്തിയുടെ മസ്തിഷ്കത്തിലെ ‘പ്രീഫ്രോണ്ടൽ കോർട്ടെക്സ്’ (ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള ഭാഗം) ശരിയായി പ്രവർത്തിക്കില്ല. തന്മൂലം വിവേചനബുദ്ധി നഷ്ടപ്പെടുന്ന ഇവർ ആത്മഹത്യകളിലേക്കോ, പങ്കാളിയെ അപായപ്പെടുത്തുന്ന തരത്തിലുള്ള അക്രമങ്ങളിലേക്കോ വൈകാരികമായ എടുത്തുചാട്ടങ്ങൾ നടത്തുന്നു. പത്രങ്ങളിൽ നമ്മൾ കാണുന്ന പല പ്രണയപ്പകകളുടെയും കൊലപാതകങ്ങളുടെയും പിന്നിലെ മനഃശാസ്ത്രം നിയന്ത്രണം നഷ്ടപ്പെട്ട ഈ വിഡ്രോവൽ സിൻഡ്രം തന്നെയാണ്.

ലഹരിക്ക് അടിമയായ ഒരാളോട് ‘‘നീ നാളെ മുതൽ അത് നിർത്ത്’’ എന്ന് വെറുതെ പറഞ്ഞതുകൊണ്ട് കാര്യമില്ലാത്തതുപോലെ, പ്രണയനൈരാശ്യം അനുഭവിക്കുന്നയാളോട് ‘‘അവളെ/അവനെ അങ്ങ് മറന്നേക്ക്’’ എന്ന് പറയുന്നതിലും അർഥമില്ല. അതിന് ശാസ്ത്രീയമായ പിന്തുണ ആവശ്യമാണ്.

ലഹരിവിമുക്തിക്ക് ഉപയോഗിക്കുന്നതുപോലെ, പ്രണയനൈരാശ്യം ഉള്ളവർക്കും ‘അഡിക്ഷൻ മാനേജ്മെന്റ് തിയറി’ (Cognitive Behavioral Therapy) അടിസ്ഥാനമാക്കിയുള്ള ചികിത്സയും കൗൺസലിങ്ങും ലഭ്യമാക്കണം. ചിന്തകളെയും ഓർമകളെയും എങ്ങനെ നിയന്ത്രിക്കണമെന്ന് അവരെ ശാസ്ത്രീയമായി പഠിപ്പിക്കണം.

വികാരങ്ങൾ തുറന്നുപറയാൻ ഭയമില്ലാത്ത ഒരു അന്തരീക്ഷം കുടുംബത്തിലും സുഹൃത്തുക്കൾക്കിടയിലും ഉണ്ടാകണം. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുന്നത് ഒരു നാണക്കേടായി കാണുന്ന അവസ്ഥ മാറണം. പ്രണയം അവസാനിപ്പിക്കുമ്പോൾ അത് പങ്കാളിയെ മാനസികമായി തകർക്കാത്ത രീതിയിൽ, വ്യക്തതയോടെ സംസാരിച്ച് അവസാനിപ്പിക്കാനുള്ള മാന്യത പ്രണയിക്കുന്നവർക്ക് ഉണ്ടാകണം. പെട്ടെന്ന് ഒരു ദിവസം ബ്ലോക്ക് ചെയ്ത് അപ്രത്യക്ഷമാകുന്ന രീതി മസ്തിഷ്കത്തിന് വലിയ ആഘാതമാണ് നൽകുക.

കൗമാരത്തിൽത്തന്നെ വികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും, പ്രണയത്തിലും ജീവിതത്തിലും ‘നോ’ എന്ന് കേൾക്കാൻ ശീലിക്കേണ്ടത് എങ്ങനെയെന്നും കുട്ടികളെ പഠിപ്പിക്കണം. മനുഷ്യന്റെ മസ്തിഷ്കത്തിന് പുതിയ സാഹചര്യങ്ങളിലേക്ക് സ്വയം മാറി ചിന്തിക്കാനും സുഖപ്പെടാനുമുള്ള കഴിവുണ്ട് (Neuroplasticity).

എന്നാൽ, അതിന് കൃത്യമായ സമയവും ശാസ്ത്രീയമായ മാനസിക പിന്തുണയും ആവശ്യമാണ്. പ്രണയനൈരാശ്യത്തെ വെറുമൊരു കൗമാര ചാപല്യമോ വ്യക്തിപരമായ പരാജയമോ ആയി കാണാതെ, ഒരു മാനസികാരോഗ്യ പ്രതിസന്ധിയായിക്കണ്ട് സമൂഹം അഡ്രസ് ചെയ്യാൻ തുടങ്ങുമ്പോൾ മാത്രമേ, പ്രണയപ്പകകൾ ഇല്ലാത്ത, നൈരാശ്യ ആത്മഹത്യകൾ ഇല്ലാത്ത ആരോഗ്യകരമായ ഒരു തലമുറയെ നമുക്ക് വാർത്തെടുക്കാൻ സാധിക്കൂ

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mental Healthhealth careAddictionwithdrawal syndrome
News Summary - Love Addiction and Withdrawal Syndrome
Next Story