ആസ്ട്രേലിയൻ ജെൻ സിയിൽ ആത്മഹത്യ പ്രവണതയും സ്വയം ശിക്ഷിക്കലും വർധിക്കുന്നുവെന്ന് പഠനം
text_fieldsആസ്ട്രേലിയയിൽ 16 നും 25 നും ഇടയിൽ പ്രായമുള്ള ജെൻ സിക്കിടയിൽ ആത്മഹത്യ ശ്രമങ്ങൾ, സ്വയം മുറിവേൽപ്പിക്കൽ, ആത്മഹത്യാ ചിന്തകൾ എന്നിവ മുൻ തലമുറകളെ അപേക്ഷിച്ച് വർധിക്കുന്നതായി പഠനം. യൂണിവേഴ്‌സിറ്റി ഓഫ് മെൽബണിലെ ഡോ. കത്രീന വിറ്റിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ ജെൻ സിക്കാണ് ആത്മഹത്യാ ചിന്തകൾ, ആസൂത്രണം, സ്വയം മുറിവേൽപ്പിക്കൽ, ആത്മഹത്യ ശ്രമങ്ങൾ എന്നിവക്കുള്ള ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ളതെന്നും, ഇത് ഏറ്റവും കുറഞ്ഞ പ്രായത്തിൽ ആരംഭിക്കുന്നതായും കണ്ടെത്തി.
മാതാപിതാക്കളുടെ അക്രമത്തിന് സാക്ഷ്യം വഹിക്കൽ, കുടുംബാംഗങ്ങൾ, സമപ്രായക്കാർ, അല്ലെങ്കിൽ ഓൺലൈൻ വഴിയുള്ള ആത്മഹത്യാപരമായ കാര്യങ്ങൾക്ക് ഇരയാകുന്നത് എന്നിവയൊക്കെ ഈ പ്രായക്കാരെ ബാധിക്കുന്നുണ്ടെന്ന് പഠനം പറയുന്നു. ബാല്യകാല ലൈംഗിക ദുരുപയോഗം, ലഹരിവസ്തുക്കളുടെ ഉപയോഗം, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവയാണ് മുതിർന്ന തലമുറകളിലെ അപകട ഘടകങ്ങൾ. മൊത്തത്തിൽ പ്രതികരിച്ചവരിൽ 17.3 ശതമാനം പേർ ആത്മഹത്യാ ചിന്തകൾ റിപ്പോർട്ട് ചെയ്തപ്പോൾ ജെൻ സിയിൽ ഇത് 20.2 ശതമാനം ആയിരുന്നു. സ്വയം മുറിവേൽപ്പിക്കൽ മൊത്തത്തിൽ 9.2 ശതമാനം ആയിരുന്നപ്പോൾ ജെൻ സിൽ 20.4 ശതമാനം ആയി വർധിച്ചു.
ഡോ. വിറ്റിന്റെ അഭിപ്രായത്തിൽ യുവജനങ്ങളിലെ ആത്മഹത്യാ പ്രവണതക്ക് ഒറ്റ കാരണം മാത്രമല്ല. സാമ്പത്തിക അരക്ഷിതാവസ്ഥ, കാലാവസ്ഥാ ഭയം, കോവിഡ് 19 ന്റെ സാമൂഹികവും വൈകാരികവുമായ പ്രത്യാഘാതങ്ങൾ, നിരന്തരമായ ഡിജിറ്റൽ ബന്ധിപ്പിക്കൽ എന്നിവയൊക്കെ ജെൻ സി അഭിമുഖീകരിക്കുന്ന വെല്ലുവിളികളാണ്.
അഞ്ച് വയസ്സ് മുതൽ 25 വയസ്സുവരെയുള്ളവർക്ക് സൗജന്യ കൗൺസിലിങ് നൽകുന്ന കിഡ്‌സ് ഹെൽപ്‌ലൈൻ നൽകിയ ഡാറ്റയും പഠനത്തിലെ കണ്ടെത്തലുകളെ സാധൂകരിക്കുന്നു. ആത്മഹത്യാപരമായ ആശങ്കകളുമായി 2012ൽ സർവീസുമായി ബന്ധപ്പെട്ട 10 വയസ്സുകാരുടെ അനുപാതം നാല് ശതമാനം ആയിരുന്നത് 2025ൽ 11 ശതമാനം ആയി വർധിച്ചു. 11 വയസ്സുകാരിൽ ഇത് 3 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർന്നു. ആത്മഹത്യാ ശ്രമത്തിൽ സഹായം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ കുട്ടിക്ക് ആറ് വയസ്സായിരുന്നു പ്രായമെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആത്മഹത്യാ ശ്രമങ്ങൾക്ക് സഹായം ആവശ്യമുള്ള ചെറുപ്പക്കാരുടെ ശരാശരി പ്രായം 2012ൽ 24 ആയിരുന്നത് 2025ൽ 16 ആയി കുറഞ്ഞു. ഈ പ്രവണത അതീവ ഗൗരവകരമാണെന്നും, വേദന സഹിക്കാനാവാത്ത കുട്ടികളാണ് ഇതെന്നും കിഡ്‌സ് ഹെൽപ്‌ലൈൻ സി.ഇ.ഒ ട്രേസി ആഡംസ് പറഞ്ഞു.
ആത്മഹത്യാ ചിന്തകൾ ഉണ്ടാകുന്നതിന് മുമ്പ് തന്നെ യുവജനങ്ങളെ സഹായിക്കാൻ കഴിയുന്ന സ്‌കൂളുകളിലും കമ്മ്യൂണിറ്റികളിലുമുള്ള പ്രോഗ്രാമുകൾ അത്യാവശ്യമാണെന്ന് ഡോ. വിറ്റ് അഭിപ്രായപ്പെട്ടു. കൂടാതെ വിഷമം തിരിച്ചറിയാനും പ്രതികരിക്കാനുമുള്ള വിഭവങ്ങൾ, മാതാപിതാക്കളെ സഹായിക്കാനുള്ള പിന്തുണ, സുരക്ഷിതമായ ഓൺലൈൻ, ഓഫ്‌ലൈൻ ഇടങ്ങൾ എന്നിവയും പ്രധാനമാണ്. എവിടെയായാലും കുട്ടികളെ ചേർത്തുപിടിക്കുന്ന ഇടങ്ങളാണ് ആവശ്യം. സഹായം ആവശ്യമെങ്കിൽ ആസ്ട്രേലിയൻ ലൈഫ്‌ലൈൻ 13 11 14. കിഡ്‌സ് ഹെൽപ്‌ലൈൻ -1800 55 1800.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

