‘ഞങ്ങൾ ജീവിക്കുന്നത് കൊറിയൻ ലോകത്ത്’; ഗെയിമിങ്ങും സോഷ്യൽമീഡിയ അഡിക്ഷനും ജീവനെടുക്കുമ്പോൾ...
text_fieldsഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാർ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നിൽ കൊറിയൻ ഡ്രാമകളോടും ഗെയിമുകളോടുമുള്ള ആസക്തിയാണെന്ന് പൊലീസ്. തങ്ങൾ കൊറിയൻ ലോകത്താണ് ജീവിക്കുന്നതെന്ന മനോഭാവമായിരുന്നു കുട്ടികൾക്ക്. ഈ വാർത്തയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. ഇന്റർനെറ്റ് അഡിക്ഷനും ഗെയിമിങ് അഡിക്ഷനും യുവാക്കൾക്കിടയിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ അവരുട മാനസികാരോഗ്യത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ചണ്ഡിഗഢിലെ പി.ജി.ഐ സൈക്യാട്രി വിഭാഗം നടത്തിയ പഠനമനുസരിച്ച് 15.9 ശതമാനം യുവാക്കളും ഇന്റർനെറ്റ് അഡിക്ഷൻ അനുഭവിക്കുന്നവരാണ്. ഇത് വിഷാദരോഗത്തിലേക്കും ഉത്കണ്ഠയിലേക്കും നയിക്കുന്നു.
ഓൺലൈൻ കൊറിയൻ ഗെയിമിന് അടിമപ്പെട്ട 12, 14, 16 വയസ്സുള്ള മൂന്ന് സഹോദരിമാരാണ് വീട്ടിലെ വഴക്കിനെത്തുടർന്ന് ഒമ്പതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ഗെയിമിലെ ടാസ്ക്കുകളുമായി ബന്ധപ്പെട്ട അമിതമായ താല്പര്യമാണ് ഇവരെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. കോവിഡ് കാലത്ത് പഠനവും ജീവിതവും ഓൺലൈനായതോടെ മൊബൈൽ ഫോൺ ഉപയോഗം ഒരു ശീലമായി മാറി. മനുഷ്യരുമായുള്ള നേരിട്ടുള്ള ഇടപെടലുകൾ കുറഞ്ഞത് കുട്ടികളെയും യുവാക്കളെയും ഈ അഡിക്ഷനിലേക്ക് തള്ളിവിട്ടു. ഇത് തലച്ചോറിലെ ഡോപാമൈൻ വ്യവസ്ഥയെ ബാധിക്കുകയും പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.
പലപ്പോഴും ഗെയിമിങ് എന്നത് ജീവിതത്തിലെ മാനസിക സമ്മർദങ്ങളിൽ നിന്നും ഒറ്റപ്പെടലുകളിൽ നിന്നുമുള്ള ഒരു ഒളിച്ചോട്ടമാണ്. ഇതിനെ ലളിതമായി ACE എന്ന് വിശേഷിപ്പിക്കാം. A (Accessibility & Anonymity): എളുപ്പത്തിലുള്ള ലഭ്യതയും അപരനാമത്തിൽ പ്രവർത്തിക്കാനുള്ള സൗകര്യവും. C (Convenience): ഫോണും ലാപ്ടോപ്പും നൽകുന്ന സൗകര്യം. E (Escape): യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നുള്ള താൽക്കാലികമായ ഒളിച്ചോട്ടം. ആപ്പുകളും ഗെയിമുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത് തന്നെ ഉപയോക്താക്കളെ ഇതിൽ തളച്ചിടാനാണ്. റീൽസ് അഡിക്ഷനും ഇതിന്റെ ഭാഗമാണ്. പിയർ വാലിഡേഷൻ അഥവാ മറ്റുള്ളവരുടെ അംഗീകാരം തേടുന്നത് ഇതിന്റെ തീവ്രത വർധിപ്പിക്കുന്നു.
ലക്ഷണങ്ങൾ
നിയന്ത്രണം നഷ്ടപ്പെടൽ: മറ്റ് അഡിക്ഷനുകൾ പോലെ തന്നെ, ഗെയിമിങ്ങിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതാണ് പ്രധാന ലക്ഷണം. ഇത് പഠനത്തെയും സാമൂഹിക ബന്ധങ്ങളെയും സാമ്പത്തിക നിലയെയും ബാധിക്കുന്നു.
താൽപ്പര്യക്കുറവ്: മുമ്പ് ആസ്വദിച്ചിരുന്ന ഹോബികളിലോ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിലോ താല്പര്യം ഇല്ലാതാവുക.
പാരന്റിങ്: അണുകുടുംബങ്ങളിൽ മാതാപിതാക്കൾ രണ്ടുപേരും ജോലിക്ക് പോകുമ്പോൾ കുട്ടികൾക്ക് ഫോൺ ഉപയോഗത്തിൽ ലഭിക്കുന്ന അമിത സ്വാതന്ത്ര്യം വിനയാകുന്നു. കുട്ടികൾ ചെയ്യുന്ന കാര്യങ്ങൾ രഹസ്യമായി വെക്കാൻ സഹായിക്കുന്ന ഫീച്ചറുകൾ അവർ ദുരുപയോഗം ചെയ്തേക്കാം.എത്ര സമയം ഫോൺ ഉപയോഗിക്കുന്നു എന്നത് മാതാപിതാക്കളിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ ഒളിച്ചുവെക്കുക.
മുൻഗണന മാറുന്നത്: ആഹാരം കഴിക്കുക, കുളിക്കുക, ഉറങ്ങുക തുടങ്ങിയ അത്യാവശ്യ കാര്യങ്ങളേക്കാൾ കൂടുതൽ പ്രാധാന്യം ഗെയിമിങ്ങിനോ സോഷ്യൽ മീഡിയക്കോ നൽകുക.
ദേഷ്യവും അസ്വസ്ഥതയും: ഫോൺ മാറ്റിവെക്കാൻ ആവശ്യപ്പെടുമ്പോഴോ ഇന്റർനെറ്റ് കണക്ഷൻ നഷ്ടപ്പെടുമ്പോഴോ അമിതമായി ദേഷ്യപ്പെടുകയോ സങ്കടപ്പെടുകയോ ചെയ്യുക.
ഏകാഗ്രതക്കുറവ്: പഠനത്തിലോ ജോലിയിലോ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക. മനസ്സ് എപ്പോഴും ഓൺലൈൻ ലോകത്തായിരിക്കുക.
ഉത്കണ്ഠയും വിഷാദവും: സോഷ്യൽ മീഡിയയിലെ ലൈക്കുകളെക്കുറിച്ചോ ഗെയിമിലെ ടാസ്ക്കുകളെക്കുറിച്ചോ ആലോചിച്ച് അമിതമായി ഉത്കണ്ഠപ്പെടുക.
ഉറക്കമില്ലായ്മ: രാത്രി വൈകിയിരുന്നും ഫോൺ ഉപയോഗിക്കുന്നത് മൂലം ഉറക്കത്തിന്റെ ക്രമം തെറ്റുക.
ശാരീരിക അസ്വസ്ഥതകൾ: തുടർച്ചയായ ഉപയോഗം മൂലം കണ്ണുകൾക്ക് വേദന, തലവേദന, കഴുത്തുവേദന, നടുവേദന എന്നിവ അനുഭവപ്പെടുക.
ശുചിത്വമില്ലായ്മ: സ്വന്തം ശരീരത്തെ പരിഗണിക്കാതിരിക്കുക, കുളിക്കാനോ പല്ലുതേക്കാനോ പോലും മടി കാണിക്കുക.
പ്രൊഫഷണൽ സഹായം: ഇതൊരു മാനസികാരോഗ്യ പ്രശ്നമായി ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്. അമിതമായ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാൻ മടിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

