Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെ ഡ്രാമകളിലെ...

കെ ഡ്രാമകളിലെ കഥാപാത്രങ്ങളെപ്പോലെ സംസാരവും പെരുമാറ്റവും; ഗാസിയാബാദിലെ പെൺകുട്ടികൾ ജീവിച്ചത് കൊറിയൻ ലോകത്ത്

text_fields
bookmark_border
കെ ഡ്രാമകളിലെ കഥാപാത്രങ്ങളെപ്പോലെ സംസാരവും പെരുമാറ്റവും; ഗാസിയാബാദിലെ പെൺകുട്ടികൾ ജീവിച്ചത് കൊറിയൻ ലോകത്ത്
cancel

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാർ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നിൽ കൊറിയൻ ഡ്രാമകളോടും ഗെയിമുകളോടുമുള്ള ആസക്തിയാണെന്ന് പൊലീസ്. തങ്ങൾ കൊറിയൻ ലോകത്താണ് ജീവിക്കുന്നതെന്ന മനോഭാവമായിരുന്നു കുട്ടികൾക്ക്.

കൊറിയൻ പോപ്പ്, കൊറിയൻ ഡ്രാമകൾ, ഗെയിമുകൾ എന്നിവയോടുള്ള ഭ്രാന്തമായ ആവേശത്തിലായിരുന്നു അവർ. തങ്ങൾക്കായി മാറ്റിവെച്ച ആ ലോകം ഉപേക്ഷിക്കാൻ തയാറല്ലെന്ന് അവർ കുറിപ്പുകളിൽ സൂചിപ്പിച്ചിരുന്നു. പെൺകുട്ടികൾ തങ്ങൾക്കായി കൊറിയൻ പേരുകൾ പോലും നൽകിയിരുന്നു. വീട്ടിലും സ്കൂളിലും തങ്ങളുടെ യഥാർഥ പേരുകൾക്ക് പകരം കൊറിയൻ ഐഡന്റിറ്റിയിൽ ജീവിക്കാനാണ് അവർ ആഗ്രഹിച്ചത്.

നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. ഗാസിയാബാദിലെ ലോണി മേഖലയിലാണ് സംഭവം. ഒമ്പതാം നിലയിലെ അപാർട്ട്മെന്‍റിലുള്ള പൂജാമുറിയിലെ ജനാലയിലൂടെ പുറത്തേക്ക് ചാടിയ പെൺകുട്ടികളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങൾക്ക് മുന്നേ സ്കൂളിൽ പോവുന്നത് നിർത്തിയ കുട്ടികൾ ഭൂരിഭാഗ സമയവും ഫോണിലായിരുന്നു ചെലവഴിച്ചത്. ഇതിനെ പിതാവ് എതിർക്കുകയും ഫോൺ വാങ്ങി വെക്കുകയും ചെയ്തതിലുള്ള വിഷമത്തിലാണ് കുട്ടികൾ ജീവനൊടുക്കിയത്.

മുൻകൂട്ടി മരിക്കാൻ പദ്ധയിതിട്ടിരുന്ന ഇവർ എഴുതിയ എട്ട് പേജുള്ള ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിതാവിനോട് ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു കുറിപ്പ്. ‘സോറി പപ്പാ... ഞങ്ങൾക്ക് കൊറിയയെ ഉപേക്ഷിക്കാൻ കഴിയില്ല. കൊറിയയാണ് ഞങ്ങളുടെ ജീവിതം. ഞങ്ങളെ അതിൽ നിന്ന് മാറ്റാൻ നിങ്ങൾക്ക് കഴിയില്ല. അതുകൊണ്ടാണ് ഞങ്ങൾ ആത്മഹത്യ ചെയ്യുന്നത്’ എന്നാണ് കുറിപ്പിൽ പറയുന്നത്. ‘ഡയറിയിലുള്ളതെല്ലാം വായിച്ചു നോക്കൂ’ എന്നും എഴുതിയിരുന്നു.

കൊറിയക്കാരല്ലാത്ത ഒരാളെ കല്യാണം കഴിക്കാൻ മാതാപിതാക്കൾ നിർബന്ധിക്കുമെന്നും അത് തങ്ങൾക്ക് താങ്ങാൻ കഴിയില്ലെന്നും കുട്ടികൾ കുറിപ്പിൽ പറയുന്നുണ്ട്. ‘കൊറിയൻ ഞങ്ങളുടെ ജീവിതമാണ്, ഞങ്ങളുടെ ജീവിതം ഉപേക്ഷിക്കാൻ പറയാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു? ഞങ്ങൾ അവരെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയില്ല, ഇപ്പോൾ നിങ്ങൾ അതിനുള്ള തെളിവ് കണ്ടല്ലോ എന്നും കൊറിയനും കെ പോപ്പും ഞങ്ങളുടെ ജീവിതമായിരുന്നുവെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ട്.

കാർട്ടൂണുകളുടെയും ഓൺലൈൻ ഗെയിമുകളുടെയും പേരും മറ്റ് കൊറിയൻ, ചൈനീസ്, തായ്, ജാപ്പനീസ് ഡ്രാമകളുടെ ലിസ്റ്റും കുട്ടികൾ ആത്മഹത്യകുറിപ്പിൽ എഴുതിയിട്ടുണ്ട്. ദുരന്തം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങിയെന്നും കൊറിയൻ ഡ്രാമകൾ കാണുന്നത് നിർത്താൻ ആവശ്യപ്പെട്ടിരുന്നതായും പിതാവ് ചേതൻ പറഞ്ഞു.‘അവർക്ക് അതിനോട് വലിയ ഭ്രാന്തായിരുന്നു. ഡ്രാമകളിലെ കഥാപാത്രങ്ങളെപ്പോലെ സംസാരിക്കാനും പെരുമാറാനും അവർ ശ്രമിച്ചിരുന്നു. മൂന്ന് മാസം മുമ്പ് അവർ യൂട്യൂബിൽ ഒരു ചാനൽ തുടങ്ങിയെങ്കിലും അത് ഞാൻ ഡിലീറ്റ് ചെയ്തു. അതിൽ അവർക്ക് വലിയ വിഷമമുണ്ടായിരുന്നു’ -പിതാവ് പറഞ്ഞു.

അതേസമയം പിതാവ് ചേതൻ കുമാർ വലിയ സാമ്പത്തിക കടബാധ്യത നേരിട്ടിരുന്നതായി പൊലീസ് അറിയിച്ചു. രണ്ട് ഭാര്യമാരുള്ള ഇദ്ദേഹം കുടുംബത്തോടൊപ്പം വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇയാൾക്ക് രണ്ട് കോടിയിലധികം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മൂത്ത പെൺകുട്ടി ഏഴാം ക്ലാസിലും മറ്റ് രണ്ട് പേർ ആറ്, അഞ്ച് ക്ലാസുകളിലുമുള്ളപ്പോഴാണ് പഠനം നിർത്തിയത്. ക്ലാസിൽ തോറ്റ കുട്ടികൾ പിന്നീട് സ്കൂളിൽ പോകാൻ മടി കാണിച്ചു. ശേഷം ഒരു വർഷം മുമ്പ് കുട്ടികളെ സ്വകാര്യ കോച്ചിങ് സെന്ററിൽ അയച്ചെങ്കിലും അധ്യാപകനുമായി വഴക്കിട്ട് നിർത്തുകയായിരുന്നു എന്ന് പിതാവ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Children deathGhaziabadonline game addictionUttar Pradesh
News Summary - Ghaziabad triple tragedy: They lived in parallel ‘Korean’ universe online, refused to give it up
Next Story