നമുക്ക് ശരിക്കും സുഖമാണോ?
text_fieldsസുഖമാണോ എന്ന് ചോദ്യം, ആണല്ലോ എന്ന് ഉത്തരം. ഈ ചോദ്യം ചോദിക്കുമ്പോഴും ഉത്തരം പറയുമ്പോഴും ശരിക്കും നമുക്ക് സുഖമാണോ?
നമുക്ക് ചുറ്റുമുള്ള എട്ടുപേരിൽ ഒരാൾ ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും, ഏകദേശം അഞ്ച് വ്യക്തികളിൽ ഒരാൾ വിഷാദം, ഉത്കണ്ഠ അല്ലെങ്കിൽ സമ്മർദം പോലുള്ള മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു.
ഈ ഉയർന്ന കണക്കുകൾ ഉണ്ടായിരുന്നിട്ടും, മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ഏകദേശം 70 ശതമാനം ആളുകളും സഹായം തേടുന്നില്ല. ഈ പഠനങ്ങൾ ഒന്നുമില്ലാതെതന്നെ ചുറ്റുമൊന്നു നോക്കിയാലോ? നമ്മളും നമ്മുടെ ചുറ്റുമുള്ളവരും ദിനംപ്രതി എന്തൊക്കെ സംഘർഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. വർധിച്ചു വരുന്ന ആത്മഹത്യകളും കുറ്റകൃത്യങ്ങളും ലഹരി വ്യാപനവുമൊക്കെ സൂചിപ്പിക്കുന്നതും താഴേക്ക് പോകുന്ന മാനസിക ആരോഗ്യമാണ്. ഈ ലോക മാനസിക ആരോഗ്യ ദിനത്തിൽ നമുക്കും ഉള്ളിലേക്കൊന്ന് നോക്കാം. സ്വയം ചോദിക്കാം - ശരിക്കും സുഖമാണോ?
ലോകത്തിന്റെ തിരക്കിനൊപ്പം ഓടിയെത്താനുള്ള വ്യഗ്രതയാണ് നമുക്കെല്ലാം. ഒന്നു നിന്നാൽ, ഒന്നു വിശ്രമിച്ചാൽ നമ്മളെ പിന്നിലാക്കി ഈ ലോകം ഓടിപ്പോകുമെന്ന ഭയപ്പാടിലാണ് നമ്മൾ ജീവിക്കുന്നത്. ഉണർന്നിരിക്കുന്നതിൽ ഏറെ നേരവും ഡിജിറ്റൽ ലോകത്തിൽ ആവുന്നതു കൊണ്ടുതന്നെ ചുറ്റുപാടുകളുമായും പ്രകൃതിയുമായും പ്രിയപ്പെട്ടവരുമായും പോലും സ്വാഭാവികമായ ബന്ധം നിലനിർത്താൻ പലർക്കും കഴിയുന്നുമില്ല.
ഇതൊക്കെയും ശരീരത്തെ എന്ന പോലെ മനസ്സിനെയും ബാധിക്കുന്നുണ്ട്. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ എല്ലാമുള്ളപ്പോഴും മാനസികാരോഗ്യം കുറഞ്ഞ ഒരു ജനതയായി നമ്മൾ മാറിക്കൊണ്ടിരിക്കുന്നു. മാനസിക ആരോഗ്യ പ്രശ്നങ്ങളെ ശരീരത്തിന്റെ എന്ന പോലെ മനസ്സിലാക്കാനും അഭിസംബോധന ചെയ്യാനും ഇനിയെങ്കിലും തുടേങ്ങണ്ടതുണ്ട്.
കുട്ടികളിൽനിന്ന് തുടങ്ങാം
ഇമോഷൻസിനെ കൃത്യമായി പേരെടുത്തു മനസ്സിലാക്കാൻ കഴിയുന്ന വൈകാരികമായി അവബോധമുള്ള കുട്ടികളെ വളർത്തുന്നതിന്, വികാരങ്ങൾ അംഗീകരിക്കപ്പെടുകയും സാധൂകരിക്കപ്പെടുകയും ചെയ്യുന്ന സുരക്ഷിതവും തുറന്നതുമായ ഒരു അന്തരീക്ഷം മാതാപിതാക്കൾ സൃഷ്ടിക്കണം. ഭയപ്പെടാതെ, വികാരങ്ങൾ പ്രകടിപ്പിക്കാൻ നമ്മുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. കോപം, സങ്കടം, സന്തോഷം എന്നിങ്ങനെയുള്ള എല്ലാ വികാരങ്ങളും സാധാരണമാണെന്നും ശരിയാണെന്നും അവരെ പഠിപ്പിക്കുക. അതിനെ അടക്കി വെക്കാനും അതിൽനിന്ന് ഒളിച്ചോടാനുമല്ല, ആരോഗ്യകരമായ രീതിയിൽ അത് പ്രകടിപ്പിക്കാനാണ് മക്കളെ പരിശീലിപ്പിക്കേണ്ടത്. ഇമോഷൻസ് അഥവാ വികാരങ്ങൾ നമുക്ക് ശരീരം തരുന്ന സിഗ്നലുകളാണെന്നും അതിനെ അഭിമുഖീകരിക്കുകയെന്നത് പ്രധാനമാണെന്നും കുഞ്ഞുങ്ങളെ പഠിപ്പിക്കാം.
സ്വയം ചോദിക്കാം
- ഈ അടുത്ത ദിവസങ്ങളിലായി എന്റെ മൊത്തത്തിലുള്ള മാനസിക അവസ്ഥ എങ്ങനെയാണ് ?
- പതിവില്ലാത്തവണ്ണം വീർപ്പുമുട്ടൽ, ഉത്കണ്ഠ, ക്ഷീണം ഒക്കെ അനുഭവപ്പെടുന്നുണ്ടോ ?
- എന്റെ ഭക്ഷണത്തിൽ, വ്യായാമത്തിൽ, വിശ്രമത്തിൽ, ഉറക്കത്തിൽ ഒക്കെയും വേണ്ടവിധം ശ്രദ്ധ വെക്കുന്നുണ്ടോ?
- ഞാനെന്റെ പ്രിയപ്പെട്ടവരുമായി ആവശ്യത്തിന് സമയം ചെലവഴിക്കുന്നുണ്ടോ ? എനിക്ക് അവരുമായി മുമ്പെന്ന പോലെ അടുപ്പം അനുഭവപ്പെടുന്നുണ്ടോ?
- തുടർച്ചയായ ദുഃഖം, ക്ഷോഭം, അല്ലെങ്കിൽ ഉറങ്ങാൻ ബുദ്ധിമുട്ട് തുടങ്ങിയ ഏതെങ്കിലും മുന്നറിയിപ്പ് അടയാളങ്ങൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ടോ?
- ഞാൻ ഒഴിവാക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന ആവർത്തിച്ചുള്ള ചിന്തകളോ വികാരങ്ങളോ ഉണ്ടോ?
- ജോലിയും ജീവിതവുമായി ഒരു സന്തുലനമുണ്ടാക്കാൻ എനിക്ക് കഴിയുന്നുണ്ടോ?
- ശരീരത്തിന്റേതെന്ന് ഞാൻ കരുതുന്ന ഏതെങ്കിലും പ്രശ്നങ്ങൾ മാനസിക സംഘർഷങ്ങളുടെ പ്രതിഫലനമാവാൻ സാധ്യതയുണ്ടോ?
നമ്മുടെ ശരീരത്തെയും മനസ്സിനെയും അനുകമ്പയോടെ പരിഗണിക്കുകയും ചുറ്റുമുള്ളവർ കടന്നു പോകുന്ന അവസ്ഥയെ സഹാനുഭൂതിയോടെ മനസ്സിലാക്കാൻ ശ്രമിക്കുകയും ആവശ്യമെങ്കിൽ ഒരു മടിയും കൂടാതെ സഹായം തേടുകയും ചെയ്താൽ തന്നെ നമ്മുടെ ജീവിതം എത്ര മെച്ചപ്പെടുമെന്നോ !
ഇത്തവണത്തെ ലോക മാനസിക ആരോഗ്യ ദിനത്തിൽ ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്ന ആശയം അടിയന്തരാവസ്ഥകൾ അനുഭവിക്കുന്ന ആളുകളുടെ മാനസികാരോഗ്യത്തിനും മാനസിക സാമൂഹിക ആവശ്യങ്ങൾക്കും പിന്തുണ നൽകേണ്ടതിന്റെ ആവശ്യകതയാണ്. ദുരന്തങ്ങളിലൂടെ കടന്നു പോകുന്ന മനുഷ്യർക്ക് ഒരു സമൂഹമെന്ന നിലയിൽ ഉറപ്പു വരുത്തേണ്ടുന്ന മാനസിക പിന്തുണയെക്കുറിച്ചാണ്. ദുരിത ബാധിതരുടെ മുഖത്തേക്ക് നീളുന്ന കാമറയ്ക്ക് അപ്പുറത്ത് മനുഷ്യരെ ചേർത്ത് പിടിക്കാൻ കഴിയുന്ന ജനതയായി നമ്മൾ മാറട്ടെ, അത് കണ്ട് നമ്മുടെ കുഞ്ഞുങ്ങൾ വളരട്ടെ.
(അഭിനേത്രിയും ബികമിങ് വെൽനെസ് സ്ഥാപകയുമാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

