ഹൃദയത്തിനായി നടക്കാം; മാധ്യമം-ബി.കെ.സി.സി ഫാമിലി വാക്കത്തോൺ നാളെ
text_fieldsപെരിന്തൽമണ്ണ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ‘മാധ്യമ’വും പെരിന്തൽമണ്ണ പൂപ്പലം ബി.കെ.സി.സി ഹാർട്ട് സ്പെഷാലിറ്റി ആശുപത്രിയും ചേർന്ന് നടത്തുന്ന ഫാമിലി വാക്കത്തോൺ ഞായറാഴ്ച നടക്കും. ഒരുമാസം നീളുന്ന ഹൃദയാരോഗ്യ ബോധവത്കരണത്തിന് സമാപനംകുറിക്കുന്ന കൂട്ടനടത്തം ഞായറാഴ്ച രാവിലെ ആറിനാണ്. കുടുംബങ്ങളെ അണിനിരത്തി നടക്കുന്ന കൂട്ടനടത്തം ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാകും.
പൂപ്പലത്തെ ബി.കെ.സി.സി ആശുപത്രിയുടെ മുൻവശത്തുനിന്ന് തുടങ്ങി പൊന്ന്യാകുർശി ബൈപാസിൽ പ്രവേശിച്ച് രണ്ടു കിലോമീറ്റർ നടന്ന്, തിരിച്ച് ‘മാധ്യമം’ പൂപ്പലം ഓഫിസിൽ സമാപിക്കുന്ന രീതിയിലാണ് ‘വാക്കത്തോൺ’ സംഘടിപ്പിക്കുന്നത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നേരത്തേ രജിസ്റ്റർ ചെയ്തവർക്ക് ഇതിൽ പങ്കെടുക്കാം.
എം.എൽ.എമാരായ നജീബ് കാന്തപുരം, മഞ്ഞളാംകുഴി അലി, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഒളിമ്പ്യൻ കെ.ടി. ഇർഫാൻ മുഖ്യാതിഥിയാകും. മുൻ എം.എൽ.എ വി. ശശികുമാർ, പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി. ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഈദ ടീച്ചർ, പെരിന്തൽമണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്ത്, ബി.കെ.സി.സി ചെയർമാൻ ആൻഡ് എം.ഡി ഡോ. കെ.പി. ബാലകൃഷ്ണൻ, പെരിന്തൽമണ്ണ ഗ്രിൻ ടേബ്ൾ റസ്റ്റാറന്റ് പാർട്ണർ ഷാജി തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

