വീട്ടിലെ പാചകം ശീലമാക്കിയാൽ ബുദ്ധിശക്തി കൂടുമെന്ന് പഠനം; മറവിരോഗ സാധ്യത കുറയുമെന്ന് ജപ്പാനിലെ ഗവേഷകർ
text_fieldsടോക്കിയോ: പ്രായമാകുമ്പോൾ പലരെയും അലട്ടുന്ന വലിയൊരു പ്രശ്നമാണ് മറവിരോഗം അഥവാ ഡിമൻഷ്യ. എന്നാൽ, വീട്ടിലെ പാചകം ശീലമാക്കിയ പ്രായമായവരിൽ മറവിരോഗം വരാനുള്ള സാധ്യത വളരെ കുറവാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ജപ്പാനിലെ ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ 11,000ത്തോളം വയോധികരിൽ ആറുവർഷത്തോളം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്.
വെറുതെ ഭക്ഷണം ഉണ്ടാക്കുക എന്നതിനപ്പുറം വലിയൊരു മാനസിക വ്യായാമമാണ് പാചകമെന്ന് ഗവേഷകർ പറയുന്നു. എന്ത് വിഭവം ഉണ്ടാക്കണം എന്ന് പ്ലാൻ ചെയ്യുന്നത് മുതൽ, ചേരുവകൾ തിരഞ്ഞെടുക്കുന്നതും അളവ് നിശ്ചയിക്കുന്നതും പാചകരീതി ഓർത്തുവെക്കുന്നതുമെല്ലാം തലച്ചോറിനെ സജീവമായി നിലനിർത്താൻ സഹായിക്കുന്നു. ആഴ്ചയിൽ ഒരു ദിവസമെങ്കിലും സ്വന്തമായി പാചകം ചെയ്യുന്നവരിൽ മറ്റു വയോധികരെ അപേക്ഷിച്ച് ഓർമശക്തിയും ചിന്താശേഷിയും കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
പതിവായി പാചകം ചെയ്യുന്ന പുരുഷന്മാരിൽ മറവിരോഗ സാധ്യത 23 ശതമാനവും സ്ത്രീകളിൽ 27 ശതമാനവും കുറവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ തന്നെയും ഏകദേശം 67 ശതമാനം പാചകം പുതിയതായി ശീലിച്ചു തുടങ്ങിയവരിലാണ് ഏറ്റവും കൂടുതൽ മാറ്റം പ്രകടമായത്. പുറത്തുനിന്നുള്ള സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കി വീട്ടിലുണ്ടാക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് മാത്രമല്ല, മനസ്സിനും കരുത്ത് പകരുന്നു.
ലോകത്ത് ഡിമൻഷ്യ കേസുകളിൽ 40 ശതമാനവും ശരിയായ ജീവിതശൈലിയിലൂടെ തടയാനാവുന്നതാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ അസോസിയേറ്റ് പ്രഫസർ യുക്കാക്കോ താനി പറയുന്നു. പാചകം ചെയ്യുമ്പോൾ നാം നടത്തുന്ന ചലനങ്ങളും, പാചകത്തിന് ശേഷമുള്ള സാമൂഹികമായ ഇടപഴകലുകളും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. അതുകൊണ്ട് തന്നെ പ്രായമായവർ ചെറിയ തോതിലെങ്കിലും അടുക്കള ജോലികളിൽ ഏർപ്പെടുന്നത് ബുദ്ധിമുട്ടായി കാണാതെ ആരോഗ്യകരമായ ഒരു ശീലമായി വളർത്തിയെടുക്കണമെന്നും 'ജേണൽ ഓഫ് എപ്പിഡെമിയോളജി ആൻഡ് കമ്യൂണിറ്റി ഹെൽത്തി'ൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട് നിർദേശിക്കുന്നു.
ആരോഗ്യകരമായ ഭക്ഷണക്രമം പോലെ തന്നെ പ്രധാനമാണ് അത് തയാറാക്കുന്ന രീതിയും. പ്രായമായവർക്ക് സജീവമായിരിക്കാനും മാനസികോല്ലാസം കണ്ടെത്താനും പാചകം ഒരു മികച്ച വഴിയാണ്. വീട്ടിലുണ്ടാക്കുന്ന നല്ല ഭക്ഷണം തലച്ചോറിന് നൽകുന്ന ഉന്മേഷം മറ്റൊന്നിനും നൽകാനാവില്ലെന്ന് ഈ പഠനം ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

