മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളിലും വളരെ സ്വാഭാവികമായണ് വാര്‍ധക്യം കടന്നുവരുന്നത്. ജനനത്തോടൊപ്പം തന്നെ പ്രായമാകുന്ന പ്രക്രിയയും തുടങ്ങുന്നു. കോശങ്ങളുടെ പുന$ക്രമീകരണവും പുനര്‍നിര്‍മിതിയുമുള്‍പ്പെടെയുള്ള ശരീരത്തിന്‍െറ സ്വയം ആര്‍ജിച്ച ശേഷികളുടെ കുറവാണ് വാര്‍ധക്യം.
ശാരീരികവും മാനസികവുമായ ഒട്ടേറെ പ്രശ്നങ്ങളിലൂടെയാണ് മിക്കവരിലും വാര്‍ധക്യം കടന്നുപോകുക. കൂട്ടുകുടുംബ വ്യവസ്ഥ മാറിയതോടെ മക്കള്‍ സൃഷ്ടിക്കുന്ന ശൂന്യതയും പങ്കാളിയുടെ വിയോഗവും സാമ്പത്തിക ബുദ്ധിമുട്ടുകളും അവര്‍ നേരിടുന്ന വലിയ പ്രശ്നങ്ങളാണ്. ഒപ്പം ഒറ്റക്കോ കൂട്ടത്തോടെയോ എത്തുന്ന രോഗങ്ങളും.
വാര്‍ധക്യം -അവയവ വ്യവസ്ഥികളിലുണ്ടാകുന്ന മാറ്റങ്ങള്‍
1. വാര്‍ധക്യത്തില്‍ മാംസപേശികള്‍ ശോഷിക്കുകയും എല്ലുകളുടെ ദൃഢത കുറയുകയും ചെയ്യും. വാതരോഗങ്ങള്‍ കൂടുന്നതും വാര്‍ധക്യത്തിലാണ്. അസ്ഥികോശങ്ങളുടെ നിര്‍മാണത്തേക്കാള്‍ കോശനാശമാണ് വാര്‍ധക്യത്തില്‍ ഉണ്ടാവുക. ചെറുപ്പത്തില്‍ എല്ലിന് ഗുണകരായ ഭക്ഷണം ശീലിക്കാത്തവര്‍, വ്യായമക്കുറവുള്ളവര്‍, തൈറോയ്ഡ്-കരള്‍ രോഗങ്ങള്‍ ഉള്ളവര്‍, പുകവലി, മദ്യപാനം ഇവ ശീലമാക്കിയവര്‍ തുടങ്ങിയവരില്‍ അസ്ഥിസംബന്ധമായ പ്രശ്നങ്ങള്‍ കൂടുതലായിരിക്കും. വാര്‍ധക്യത്തിലുണ്ടാകുന്ന ഒടിവുകള്‍ പലപ്പോഴും സങ്കീര്‍ണതകളിലേക്ക് എത്താറുണ്ട്. പ്രത്യേകിച്ച് തുടയെല്ലിനുണ്ടാകുന്ന ഒടിവുകള്‍. മുറിവെണ്ണ, ധന്വന്തരം കുഴമ്പ്, സഹചരാദി കുഴമ്പ് ഇവ ശീലമാക്കുന്നത് പേശികളെ ദൃഢമാക്കാനും എല്ലിന് ബലം നല്‍കാനും ഗുണകരമാണ്.
വാര്‍ധക്യത്തില്‍ ശ്വാസകോശങ്ങളിലെ വായു അറകളുടെ ഭിത്തികള്‍ ദൃഢമാവുകയും അവയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും ചെയ്യും. ശ്വാസകോശത്തിന്‍െറ കാര്യക്ഷമതയെ കുറക്കുന്നതോടൊപ്പം ശ്വാസോച്ഛ്വാസത്തിന്‍റ ആഴവും ശക്തിയും കുറക്കാനും ഇതിടയാക്കും. ആഴത്തിലുള്ള-ശ്വസന വ്യായാമങ്ങള്‍ ശീലമാക്കുന്നതോടൊപ്പം ച്യവനപ്രാശം, ബാലാജീരകാദി കഷായം ഇവയും നല്ല ഫലം തരും. ശ്വസന വ്യായാമങ്ങള്‍ വാര്‍ധക്യത്തില്‍ വേഗത കുറച്ച് ചെയ്യുന്നതാണ് ഫലപ്രദം.
രക്തക്കുഴലുകളിലും ഘടനാപരമായ മാറ്റങ്ങള്‍ വാര്‍ധ്യകത്തിലമുണ്ടാകും. രക്തക്കുഴലുകളില്‍ കൊഴുപ്പടിയുകയും അവയുടെ ഇലാസ്തികത കുറയുകയും ചെയ്യും. ഇവയൊക്കെ ഹൃദയപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കും. മധ്യവയസ്സില്‍ത്തന്നെ കര്‍ശനമായി പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, കൂടിയ രക്തസമ്മര്‍ദം ഇവയെ നിയന്ത്രിച്ച് നിര്‍ത്തുന്നതിലൂടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനാകും.
വൃക്കകോശങ്ങളുടെ അപചയം, വൃക്കകളുടെ പ്രധാന ധര്‍മമായ അരിച്ചെടുക്കല്‍ പ്രക്രിയയിലുണ്ടാകുന്ന മാറ്റങ്ങള്‍, ഉപ്പും ജലവും വിസര്‍ജ്ജിപ്പിക്കാനുള്ള ശേഷി കുറയുക തുടങ്ങിയ പ്രശ്നങ്ങളും വാര്‍ധക്യത്തില്‍ കാണാറുണ്ട്. പ്രമേഹരോഗികള്‍ക്ക് രക്തസമ്മര്‍ദം ഉണ്ടാവുക, പ്രമേഹരോഗി പുകവലിക്കാരനാവുക, പ്രമേഹത്തിന്‍െറ കാലപ്പഴക്കം, വൃക്കപരാജയം പാരമ്പര്യമായി ഉണ്ടാവുക, അനിയന്ത്രിത പ്രമേഹം ഇവ വൃക്കപരാജയസാധ്യത കൂട്ടുന്ന ഘടകങ്ങളായതിനാല്‍ പ്രത്യേക ശ്രദ്ധ ഉണ്ടാവണം.
വാര്‍ധക്യത്തില്‍ തലച്ചോറ് ചുരുങ്ങുന്നതും പ്രവര്‍ത്തനശോഷണം ഉണ്ടാവുന്നതും സാധാരണമാണ്. എന്നാല്‍, എന്നും തുടര്‍ന്നുവരുന്ന ജീവിത മികവിനെ ബാധിക്കുന്ന വിധം ഓര്‍മക്കുറവുണ്ടായാല്‍ ‘മറവിരോഗം’ സംശയിക്കണം. തലച്ചോറിന്‍െറ അനേകം ശേഷികളിലൊന്നാണ് ഓര്‍മ. ഓര്‍മക്കൊപ്പം തലച്ചോറിന്‍െറ ധൈഷണികമായ ഗുണങ്ങള്‍ ക്രമാനുഗതമായി ക്ഷയിച്ചുവരുന്ന ഒരു രോഗാവസ്ഥയാണ് മറവിരോഗം അഥവാ സ്മൃതിനാശം. തലച്ചോറിനെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന നിരവധി രോഗങ്ങള്‍ മറവിക്കിടയാക്കാറുണ്ട്. അല്‍സ്ഹൈമസ് ഡിമെന്‍ഷ്യയും വാസ്സുകലര്‍ ഡിമെന്‍ഷ്യയുമാണ് മറവിക്കിടയാക്കുന്ന പ്രധാന രോഗങ്ങള്‍. പരന്ന വായന, എഴുത്ത്, പദപ്രശ്നം തുടങ്ങിയ ശീലങ്ങള്‍ ഏതു പ്രായത്തിലും തുടരുന്നത് അല്‍സ്ഹൈമസ് ഡിമെന്‍ഷ്യ തടയും. പശുവിന്‍ നെയ്യ്, മത്തങ്ങ, കാരറ്റ്, മധുരക്കിഴങ്ങ് ഇവയും നല്ല ഫലം തരും. രാത്രിയില്‍ വായിച്ചത് ചിന്തിച്ചുറങ്ങുകയും രാവിലെ അതോര്‍ത്തെടുക്കുകയും ചെയ്യുന്നത് മികച്ച സ്മൃതി വ്യായാമമാണ്.
ജീവിശൈലി രോഗങ്ങളെ നിയന്ത്രിച്ചുനിര്‍ത്തുന്നതിലൂടെ വാസ്കുലര്‍ ഡിമെന്‍ഷ്യ തടയാനാകും. വാര്‍ധക്യത്തില്‍ കാഴ്ച-കേള്‍വി പ്രശ്നങ്ങള്‍ യഥാസമയം പരിശോധിച്ച് ചികിത്സ തേടേണ്ടതാണ്. ഇത്തരം പ്രശ്നങ്ങളുള്ളവര്‍ പൊതുവെ ഒറ്റപ്പെടലും ഏകാന്തതയും നേരിടാറുണ്ട്. ചികിത്സ തേടുന്നതിലൂടെ കാഴ്ച-കേള്‍വി പ്രശ്നങ്ങള്‍ പരിഹരിക്കാനാകും.
വാര്‍ധക്യത്തില്‍ ചര്‍മപ്രശ്നങ്ങളും കൂടാറുണ്ട്. ചര്‍മം നേര്‍മയുള്ളതാകുക, ഇലാസ്തികത കുറയുക, ജലാംശം കുറയുക, വ്രണങ്ങള്‍, അണുബാധ ഇവയാണ് സാധാരണ കാണാറുള്ള
പ്രശ്നങ്ങള്‍. ഒരേ കിടപ്പ് കിടക്കേണ്ടിവരുന്നവരില്‍ ശയ്യാവ്രണം വരാതെ സൂക്ഷിക്കണം. ചര്‍മത്തില്‍ വായുസഞ്ചാരം ഏല്‍പിക്കുന്നതോടൊപ്പം ജാത്യാദികേരം, ജാത്യാദിഘൃതം, ഏലാദികേരം ഇവ പുറമെ പുരട്ടാം. വസ്ത്രങ്ങളും കിടക്കയും യഥാസമയം മാറ്റുകയും ശരീരം ശുചിയാക്കി വെക്കുകയും വേണം.
വാര്‍ധക്യത്തില്‍ ഉറക്കപ്രശ്നങ്ങളും കാണാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പ്രമേഹം, സന്ധിവേദന ഇവയും ഉറക്കക്കുറവിനിടയാക്കും. ഉറക്കക്കുറവ് വീഴ്ചകള്‍ക്കിടയാക്കുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധ വേണം. ത്രിഫലാദിതൈലം, ചന്ദനാദിതൈലം ഇവ നല്ല ഫലം തരും. ജാതിക്ക പൊടിച്ച് അഞ്ച് ഗ്രാം പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും ഉറക്കം വരുത്തും.
ദഹനപ്രശ്നങ്ങളും വാര്‍ധക്യത്തിന്‍െറ മറ്റൊരു പ്രത്യേകതയാണ്. ആറുതവണയായി കുറേശ്ശേയായി ഭക്ഷണം കഴിക്കുന്നതാണ് വാര്‍ധക്യത്തിന് ഉചിതം. രാത്രിഭക്ഷണം നേരത്തേ കഴിക്കുകയും വേണം. റവ, മൈദ വിഭവങ്ങള്‍ ഒഴിവാക്കി നാടന്‍ഭക്ഷണം ശീലമാക്കണം. പച്ചക്കറി, ഇലക്കറി, തവിടോടു കൂടിയ ധാന്യങ്ങള്‍, പയറുകള്‍, ചെറുമത്സ്യങ്ങള്‍ ഇവ ഉള്‍പ്പെടുത്തണം. പച്ചക്കറികളും തുവരയും ചേര്‍ത്തുണ്ടാക്കുന്ന സൂപ്പ് ചവക്കാന്‍ കഴിയാത്തവരുടെ പോഷകദാരിദ്ര്യം അകറ്റും. ഏത്തപ്പഴം വേവിച്ചത്, ഓട്സ് ഇവയും ഉള്‍പ്പെടുത്താം.
ഒപ്പം സന്ധികള്‍ ചലിപ്പിച്ചുള്ള വ്യായാമം, നടത്തം, ഇരുന്നുള്ള വ്യായാമങ്ങള്‍ ഇവയും ശീലമാക്കണം. ചികിത്സക്കും ഒൗഷധത്തിനുമപ്പുറം സ്നേഹം നിറഞ്ഞ പരിചരണം വാര്‍ധക്യത്തില്‍ നല്‍കും. അത് അവരില്‍ വലിയ മാറ്റങ്ങള്‍ വരുത്തും.