ചാറ്റ് ജി.പി.ടിയുടെ സഹായമില്ലാതെ അവസാനമായി ഇ-മെയിൽ കണ്ടന്റ് എഴുതിയത് എപ്പോഴാണ്? ഫ്രിക്ഷൻ-മാക്സിങ് ജീവിതം മാറ്റുമോ?
text_fieldsനിങ്ങൾ അവസാനമായി ഒരാളുടെ മൊബൈൽ നമ്പർ ഓർമിച്ചെടുക്കാൻ ശ്രമിച്ചത് എപ്പോഴാണ്? ഗൂഗ്ൾ മാപ് ഉപയോഗിക്കാതെ ഒരു പുതിയ സ്ഥലത്തേക്ക് നിങ്ങൾ അവസാനമായി യാത്ര ചെയ്തത് എപ്പോഴാണ്? ചാറ്റ് ജി.പി.ടിയുടെ സഹായമില്ലാതെ നിങ്ങൾ അവസാനമായി ഒരു ഇ-മെയിൽ കണ്ടന്റ് എഴുതിയത് എപ്പോഴാണ്?
കുറച്ചധികം നാളുകളായിക്കാണും, ഉറപ്പ്. എല്ലാകാര്യങ്ങളിലും ‘സൗകര്യം’ എന്ന വാക്ക് സ്ഥിരമായി മാറിയ കാലഘട്ടത്തിലാണ് നമ്മൾ. എല്ലാം ഔട്ട്സോഴ്സ് ചെയ്ത് പഠിച്ചുകഴിഞ്ഞു. പച്ചക്കറികൾ മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തുമ്പോൾ എന്തിനാണ് മാർക്കറ്റിൽ പോകുന്നത്? വീട്ടുപകരണങ്ങൾ ഇല്ലാത്തപ്പോൾ, ആപ്പിൽ ഒന്ന് ടാപ് ചെയ്താൽ വീട് തൂത്തുവാരാൻ വരെ ആളെത്തും. പിന്നെന്തിന് വിഷമിക്കണം! ഏറ്റവും ലളിതമായ ജോലികൾ പോലും ഔട്ട്സോഴ്സ് ചെയ്യുന്ന അവസ്ഥയിലേക്ക് നമ്മൾ മാറിക്കഴിഞ്ഞു എന്നർഥം. ഒരു ജ്യൂസി ചിക്കൻ ബർഗറിന്റെ റീൽ കണ്ടാൽ മതി, വിശപ്പില്ലെങ്കിലും നമ്മളത് ആപ്പുകളിൽ കയറി ഓർഡർ ചെയ്യും എന്നതാണ് സ്ഥിതി. എന്നാൽ, ഈ ഒരവസ്ഥ അത്ര നല്ലതല്ലെന്നാണ് മനഃശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്.
മനുഷ്യന്റെ ഈ അവസ്ഥ മാറ്റിയെടുക്കാൻ ‘ഫ്രിക്ഷൻ-മാക്സിങ്’ എന്ന പുതിയ പരീക്ഷണം മുന്നോട്ടുവെച്ചിരിക്കുകയാണ് മനഃശാസ്ത്രജ്ഞർ. മനഃപൂർവം ദൈനംദിന ജീവിതത്തിൽ ഒരു പരിധിവരെ അസൗകര്യങ്ങൾ കൊണ്ടുവരുന്നതാണ് ഈ രീതി. അതല്ലെങ്കിൽ സൗകര്യങ്ങൾ പലതും കുറച്ചുകൊണ്ടുവരാനുള്ള ഒരു ശ്രമം. ഒന്നോ രണ്ടോ കിലോമീറ്റർ യാത്ര ചെയ്യേണ്ടിവന്നാൽ ടാക്സി ബുക്ക് ചെയ്യുന്നതിനുപകരം നടന്നുപോകണം.
കഴിക്കാനുള്ള ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യുന്നതിനുപകരം പാചകം ചെയ്തുതുടങ്ങണം. ഭക്ഷണം പാകംചെയ്യുമ്പോഴും വസ്ത്രങ്ങൾ മടക്കിവെക്കുമ്പോഴുമൊന്നും അതിനൊപ്പം ഫോൺ ഉപയോഗിക്കാതെ ശീലിക്കണം. കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ ടി.വിയോ ഫോണോ ഉപയോഗിക്കാൻ പാടില്ല. ഇതാണ് ‘ഫ്രിക്ഷൻ-മാക്സിങ്’ പരിശീലനത്തിന്റെ രീതി. ഇവിടെ സാങ്കേതികവിദ്യ ഉപേക്ഷിക്കുകയല്ല ചെയ്യുന്നത്, മറിച്ച് ചെയ്യുന്ന ഓരോ കാര്യങ്ങളിലും നിങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുകയാണ്. ഓഫിസിൽ മീറ്റിങ്ങുകളും മറ്റും നടക്കുമ്പോൾ സജീവമായി പങ്കെടുക്കണം. അല്ലാതെ മീറ്റിങ് സമ്മറികൾ എ.ഐ ടൂളുകൾ ഉപയോഗിച്ച് തയാറാക്കുന്നത് ഒഴിവാക്കാം.
മാനസിക പങ്കാളിത്തത്തിനുള്ള അവസരങ്ങൾ നഷ്ടപ്പെടുന്ന രീതി മാറ്റിയെടുക്കുകയാണ് ‘ഫ്രിക്ഷൻ-മാക്സിങ്’ ചെയ്യുക. നിരന്തരമായ ഓട്ടോപൈലറ്റ് മോഡ് നമ്മുടെ മാനസിക ശേഷിയെ ഇല്ലാതാക്കുമെന്ന മുന്നറിയിപ്പും മനഃശാസ്ത്രജ്ഞർ നൽകുന്നു. ശ്രദ്ധാപരിധി പോലും വളരെയധികം കുറഞ്ഞിരിക്കുന്ന തലമുറയാണ് ഇന്നുള്ളത്. 2x വേഗതയില്ലാതെ റീലുകൾ കാണാൻപോലും പറ്റാത്തവരാണ് പലരും. പുതിയ ‘സൗകര്യങ്ങൾ’ ജീവിതം കൂടുതൽ സൗകര്യപ്രദമാക്കുമെങ്കിലും ആളുകൾക്ക് അസ്വസ്ഥതയും ശ്രദ്ധയില്ലായ്മയും മാനസിക ആരോഗ്യക്കുറവും ഇതുമൂലമുണ്ടാകും. അതിനുള്ള മറുമരുന്നാണ് ‘ഫ്രിക്ഷൻ-മാക്സിങ്’ എന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

