ഒന്നും ചെയ്യാതിരുന്നാലും മനസ്സിന് വിശ്രമമില്ലേ?
text_fieldsജോലിത്തിരക്കുകളിൽനിന്ന് മാറി അൽപസമയം വിശ്രമിക്കാൻ തീരുമാനിക്കുമ്പോഴും മനസ്സിൽ അസ്വസ്ഥത അനുഭവപ്പെടാറുണ്ടോ? ഒന്നും ചെയ്യാതെ ഇരിക്കുമ്പോൾ സമയം പാഴാക്കുകയാണെന്ന തോന്നലോ പൂർത്തിയാക്കാനുള്ള ജോലികളെക്കുറിച്ചുള്ള ആശങ്കയോ അലട്ടുന്നുണ്ടോ? വിശ്രമിക്കാൻ ശ്രമിക്കുമ്പോൾ പോലും മാനസിക സമ്മർദം അനുഭവപ്പെടുന്ന ഈ പ്രതിഭാസമാണ് ‘സ്ട്രെസ്‌ലാക്സിങ്’ (Stresslaxing).
സൈക്കോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ, വിശ്രമിക്കുന്നതിനിടയിൽ കുറ്റബോധമോ ഉത്കണ്ഠയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നതാണ് സ്ട്രെസ്‌ലാക്സിങ്ങിന്റെ പ്രധാന സവിശേഷത. സാധാരണ ജോലിസമ്മർദത്തിൽനിന്ന് വ്യത്യസ്തമായി, ഇവിടെ വിശ്രമംതന്നെയാണ് അസ്വസ്ഥതക്ക് കാരണമാകുന്നത്. നിരന്തരം എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണമെന്ന ചിന്തയും ഉൽപാദനക്ഷമതക്ക് അമിത പ്രാധാന്യം നൽകുന്ന ജീവിതശൈലിയും ഈ അവസ്ഥക്ക് കാരണമായേക്കാം.
ദീർഘകാല മാനസിക സമ്മർദം, എല്ലാം പൂർണതയോടെ ചെയ്യണമെന്ന നിർബന്ധബുദ്ധി, ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാകുന്നത് തുടങ്ങിയ ഘടകങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. മൊബൈൽ ഫോണിലൂടെയും മറ്റു ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും ജോലിസംബന്ധമായ സന്ദേശങ്ങൾ നിരന്തരം എത്തുന്നത് വിശ്രമസമയത്തുപോലും മനസ്സിനെ തിരക്കിലാക്കാം.
എങ്ങനെ മറികടക്കാം?
വിശ്രമിക്കുമ്പോൾ കുറ്റബോധം തോന്നുന്നുണ്ടെങ്കിൽ ആദ്യം ആ വികാരം തിരിച്ചറിയുകയാണ് വേണ്ടതെന്ന് വിദഗ്ധർ നിർദേശിക്കുന്നു. ജോലി അവസാനിപ്പിക്കുന്നതിന് മുമ്പ് അടുത്ത ദിവസത്തെ കാര്യങ്ങൾ കുറിച്ചുവെക്കുന്നതും ജോലിസംബന്ധമായ നോട്ടിഫിക്കേഷനുകൾ ഒഴിവാക്കുന്നതും സഹായകരമായേക്കാം. സംഗീതം കേൾക്കുക, പൂന്തോട്ട പരിപാലനം നടത്തുക, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക തുടങ്ങിയവയും വിശ്രമത്തിനുള്ള മാർഗങ്ങളാണ്. വിശ്രമം അലസതയല്ലെന്നും മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അത് ആവശ്യമാണെന്നും തിരിച്ചറിയേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

