നന്നായി ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കൂടുന്നില്ലേ? കാരണം ഇതാവാം
text_fieldsആവശ്യത്തിലധികം ഭക്ഷണം കഴിച്ചാലും ശരീര ഭാരം കൂടാത്തത് വെറുമൊരു 'ഫാസ്റ്റ് മെറ്റബോളിസം' ആണോ, അതോ ഗൗരവത്തോടെ കാണേണ്ട ഒന്നാണോ? ഭാരം വർധിക്കുന്നതുപോലെ, ശരീരഭാരം കുറഞ്ഞിരിക്കുന്നത് പലപ്പോഴും ആളുകൾ ആരോഗ്യപ്രശ്നമായി കാണാറില്ല. എന്നാൽ നന്നായി ഭക്ഷണം കഴിക്കുകയും സ്ഥിരമായി വ്യായാമം ചെയ്യുകയും ആഹാരക്രമത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടും ശരീരഭാരം വർധിക്കുന്നില്ലെങ്കിൽ, അത് ശരീരത്തിൽ എന്തെങ്കിലും പ്രശ്നമുള്ളതിന്‍റെ ലക്ഷണമാകാം.
ആറു മാസത്തിനുള്ളിൽ ശരീരഭാരം യാതൊരു കാരണവുമില്ലാതെ 5 ശതമാനത്തിലധികം കുറയുകയോ, 70 വയസിന് താഴെയുള്ളവരുടെ ബോഡി മാസ് ഇൻഡക്സ് (BMI) 18.5ൽ താഴെവരികയോ ചെയ്താൽ അത് വൈദ്യശാസ്ത്രപരമായി ഗൗരവമേറിയതാണെന്ന് സർ എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ന്യൂട്രീഷൻ ആൻഡ് ഡെറ്റിക്സ് വിഭാഗം മേധാവി ഡോ. ഐലീൻ കാണ്ടേ മുന്നറിയിപ്പ് നൽകുന്നു.
തുടർച്ചയായി ശരീരഭാരം കുറയുന്നത് കഠിനമായ ക്ഷീണം, പേശികൾ ക്ഷയിക്കൽ, ഇടയ്ക്കിടെയുള്ള അണുബാധ എന്നിവ ഉണ്ടായാൽ മെറ്റബോളിക്, ദഹനവ്യവസ്ഥ അല്ലെങ്കിൽ ഹോർമോൺ സംബന്ധമായ തകരാറുകൾ ഉണ്ടോ എന്നറിയാൻ വൈദ്യപരിശോധന ആവശ്യമാണെന്ന് അവർ വ്യക്തമാക്കി.
തൈറോയ്ഡ്, പ്രമേഹം മറ്റ് മെറ്റബോളിക് അവസ്ഥകൾ എന്നിവ ശരീരഭാരത്തെ ബാധിക്കുന്നത് എങ്ങനെ?
വിവിധ ഹോർമോൺ, മെറ്റബോളിക് രോഗങ്ങൾ ശരീരഭാരത്തെ സാരമായി ബാധിക്കുമെന്ന് ഡോ. ഐലീൻ പറയുന്നു. തൈറോയ്ഡ് തകരാറുകൾ ശരീരഭാരത്തെ വളരെയധികം സ്വാധീനിക്കും. ഹൈപ്പർതൈറോയ്ഡിസത്തിൽ ശരീരത്തിന്‍റെ അടിസ്ഥാന രാസവസ്തുക്കളുടെ പ്രവർത്തനം വർധിക്കുകയും, വിശപ്പ് സാധാരണ നിലയിലോ അതിൽ കൂടുതലോ ആണെങ്കിലും ശരീരഭാരം കുറയുന്നതിന് കാരണമാവുകയും ചെയ്യുന്നു. മറുവശത്ത്, ഹൈപ്പോതൈറോയ്ഡിസത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനേക്കാൾ പ്രധാനമായും ശരീരത്തിൽ വെള്ളം നിലനിർത്തുന്നത് മൂലം ശരീരഭാരം വർധിപ്പിക്കുന്നു.
നിയന്ത്രിക്കപ്പെടാത്ത പ്രമേഹം, ഗ്ലൂക്കോസ് നഷ്ടപ്പെടുന്നത് വഴിയും പോഷകങ്ങളുടെ അപര്യാപ്തത വഴിയും 'പേശികൾ ക്ഷയിക്കുന്നതിന്' കാരണമാകും. കൂടാതെ, ഇൻസുലിൻ പ്രതിരോധം കൊഴുപ്പിന്‍റെ വിതരണത്തിൽ മാറ്റം വരുത്തുകയും, അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കുകയും ചെയ്യുന്നു. ഇതിനുപുറമെ, ദഹനസംബന്ധമായ പ്രശ്നങ്ങളും ആഗിരണ വൈകല്യങ്ങളും ശരീരഭാരത്തെ സാരമായി ബാധിക്കുന്നു.
ആവശ്യത്തിന് കാലോറികൾ കഴിച്ചാലും ഒരാൾക്ക് പോഷകക്കുറവ് ഉണ്ടാകുമോ?
ഇങ്ങനെ സംഭവിക്കാമെന്ന് ഡോ. ഐലീൻ വ്യക്തമാക്കുന്നു. ഇതിനെ 'ഹിഡൻ ഹംഗർ' അഥവാ രഹസ്യമായ വിശപ്പ് എന്നാണ് വിളിക്കുന്നത്.
"ആവശ്യത്തിന് കാലോറി അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ പോലും ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും (മിനറൽസ്) കുറവ് കാരണം ആളുകളിൽ പോഷകങ്ങളുടെ അപര്യാപ്തത ഉണ്ടാകാം. അമിതമായി കാർബോഹൈഡ്രേറ്റ് കഴിക്കുകയും പോഷകസമൃദ്ധമായ ആഹാരം കുറയുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് ഇരുമ്പ്, വിറ്റാമിൻ ബി12, വിറ്റാമിൻ ഡി, സിങ്ക് എന്നിവയുടെ അപര്യാപ്തതക്ക് കാരണമാകും," ഡോക്ടർ വ്യക്തമാക്കുപന്നു.
സീലിയാക് ഡിസീസ്, ക്രോൺസ് ഡിസീസ് തുടങ്ങിയ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളും ആളുകളിൽ പോഷകക്കുറവ് വർധിപ്പിക്കുന്നു. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ, മധുരമുള്ള ഭക്ഷണങ്ങൾ, സംസ്കരിച്ച ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്ന് ആളുകൾ ആവശ്യത്തിന് കാലോറി നേടുന്നുണ്ടെങ്കിലും അവയിൽ പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ടാവില്ലെന്ന് അവർ ചൂണ്ടിക്കാണിച്ചു.
അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളെ ആശ്രയിക്കാതെ ആരോഗ്യകരമായി ശരീരഭാരം എങ്ങനെ വർധിപ്പിക്കാം?
ആരോഗ്യകരമായി ശരീരഭാരം വർദ്ധിപ്പിക്കുന്നതിനായി വിദഗ്ദർ നിർദ്ദേശിക്കുന്ന മാർഗങ്ങൾ:
പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ: നട്സ്, വിത്തുകൾ, അവോക്കാഡോ, ധാന്യങ്ങൾ, പയർവർഗങ്ങൾ, ലീൻ പ്രോട്ടീനുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ആരോഗ്യകരമായ കൊഴുപ്പുകൾ: ഒലീവ് ഓയിൽ, നെയ്യ്, നട്സ് ബട്ടർ എന്നിവ മിതമായ അളവിൽ ഉപയോഗിക്കുക. ഇത് പോഷകങ്ങൾ നഷ്ടപ്പെടാതെ തന്നെ കൂടുതൽ കാലോറി നൽകുന്നു.
ഭക്ഷണം ചെറിയ അളവിലായി പലതവണ കഴിക്കുക: കാലോറി ഉപഭോഗം വർധിപ്പിക്കുന്നതിനായി ദിവസത്തിൽ പലതവണ ഭക്ഷണം കഴിക്കുക.
സ്ട്രെങ്ത് ട്രെയിനിങ് വ്യായാമങ്ങൾ: മസിൽ മാസ് വർധിപ്പിക്കുന്നതിനായി സ്ട്രെങ്ത് ട്രെയിനിങ് പ്രോഗ്രാമുകൾ പിന്തുടരുക.
സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക: പോഷകക്കുറവും മെറ്റബോളിക് ആരോഗ്യവും വഷളാക്കാൻ ഇടയാക്കുന്ന അൾട്രാ പ്രോസസ്ഡ്, കാലോറി കൂടിയ ഭക്ഷണങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

