രാത്രിയിൽ മാത്രം നിങ്ങൾക്ക് ശരീര വേദന ഉണ്ടാകാറുണ്ടോ? എന്താണ് ഇതിന് പിന്നിലെ കാരണം?
text_fieldsരാത്രിയിൽ മാത്രം നിങ്ങൾക്ക് ശരീര വേദന ഉണ്ടാകാറുണ്ടോ? എന്താണ് പിന്നിലെ കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ?
യഥാർഥത്തിൽ രാത്രി മാത്രമല്ല, പകലും ശരീരത്തിൽ ആ വേദന ഉണ്ടാകും. പക്ഷേ ജോലി തിരക്കിലും ശബ്ദ കോലാഹലങ്ങൾക്കിടയിലും അധ്വാനിക്കുന്നതിനിടയിലും അത് ശ്രദ്ധിക്കാതെ പോകുന്നുവെന്ന് മാത്രം. രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്ത് കിടക്കുമ്പോഴാണ് ഈ വേദന ശ്രദ്ധിക്കാൻ തുടങ്ങുക. എന്നാൽ ഇത്തരം വേദന സാധാരണമെന്ന് കരുതി അവഗണിക്കുകയാണ് പതിവ്.
രാത്രികാലങ്ങളിൽ മാത്രം ഉണ്ടാകുന്ന വേദനകൾ അവഗണിക്കുന്നതിനുള്ള പ്രധാന കാരണം സമയമാണ്. രാത്രികാലങ്ങളിൽ അനുഭവപ്പെടുന്ന വേദന അടിയന്തര സാഹചര്യങ്ങൾ ഉണ്ടാക്കുന്നില്ല. മറിച്ച് അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്. രാവിലെ ആകുമ്പോഴേക്കും ആ വേദന പോയിക്കഴിഞ്ഞിരിക്കും. പിന്നെ അതിന് ഒരു പരിഹാരം കാണണമെന്ന് ആളുകൾ ചിന്തിക്കില്ല. ഈ ചക്രം ഇങ്ങനെ തുടർന്നു കൊണ്ടിരിക്കും.
ഇത്തരം ശരീര വേദന സാധാരണമാണെന്ന പൊതുവെയുള്ള സംസാരവും അത് അവഗണിക്കുന്നതിന് കാരണമാകുന്നുണ്ട്. പ്രായത്തിന്‍റേതെന്നോ മാനസിക സമ്മർദ്ദം കാരണമാണെന്നോ ജീവിത ശൈലി കാരണമന്നോ എന്നൊക്കെ കരുതി അവ അവഗണിക്കാൻ പാടില്ല. കാരണം അവ വെറുമൊരു വേദനയല്ല. മറിച്ച് തെറ്റായതെന്തോ ശരീരത്തിലുണ്ടാകുന്നു എന്നതിന്‍റെ സൂചനയാണ്.
രാത്രിയിലെ വിട്ടു മാറാത്ത ശരീര വേദന സന്ധി രോഗങ്ങളോ പേശികളിലെ സമ്മർദ്ദമോ മൂലമാകാം. രാത്രി സമയത്ത് ആന്‍റി ഇൻഫ്ലമേറ്ററി ഹോർമോണുകൾ ഉൽപ്പാദിപ്പിക്കാത്തതുമൂലം ആണ് ഈ വേദന ശക്തമാകുന്നത്. നാഡീ സംബന്ധമായ അസുഖങ്ങളും രാത്രികാല വേദനക്ക് കാരണമാകും. സയാറ്റിക്ക, കാർപ്പൽ ടണൽ സിൻഡ്രം, പെരിഫറൽ ന്യൂറോപ്പതി തുടങ്ങിയ അവസ്ഥകൾ ഇതിനുദാഹരണമാണ്.
ദഹന സംബന്ധമായ പ്രശ്നങ്ങളും ഇത്തരം വേദനക്ക് കാരണമാകാറുണ്ട്. ഇത് അടിവയറിലും നെഞ്ചിലും ആണ് വേദനയുണ്ടാക്കുന്നത്. രാത്രി കാലങ്ങളിൽ ഉണ്ടാകുന്ന വേദന നിരന്തരം നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടെങ്കിൽ തീർച്ചയായും അത് ഒരു ഡോക്ടറെ കണ്ട് പരിഹാരം കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

