പേവിഷബാധ സൂക്ഷിക്കണം
text_fieldsപ്രതീകാത്മക ചിത്രം
പേവിഷബാധ മാരകമാണ്. എന്നാൽ, ശ്രദ്ധിച്ചാൽ പൂർണമായും പ്രതിരോധിക്കാൻ സാധിക്കും. ജാഗ്രതക്കുറവ് വന്നാൽ ജീവൻ രക്ഷിക്കാൻ സാധിക്കില്ലതാനും. ആയതിനാൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത കാണിച്ചേ മതിയാകൂ.
മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്കും, തിരിച്ച് മനുഷ്യരിൽനിന്ന് മൃഗങ്ങളിലേക്കും പകരാവുന്ന ജന്തുജന്യരോഗങ്ങളിൽ ഏറ്റവും ഭീകരമായ ഒന്നാണ് പേവിഷബാധ. സെപ്റ്റംബർ 28ന് ലോക പേവിഷബാധ ദിനം ആചരിക്കാറുമുണ്ട്. ഈ വർഷത്തെ ലോക പേവിഷബാധ ദിനത്തിന്‍റെ പ്രമേയം ‘ഒരുമിച്ച് കൂടുതൽ ശക്തരാകാം’ (Stronger together) എന്നതായിരുന്നു. നാം ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ പേവിഷബാധയെന്ന മാരക രോഗത്തെ ഇല്ലാതാക്കാൻ സാധിക്കൂ എന്നതാണ് ഈ പ്രമേയം പറയുന്നത്.
ലോകത്താദ്യമായി പേവിഷബാധക്കെതിരെ പ്രതിരോധമരുന്ന് വികസിപ്പിച്ചെടുത്ത ലൂയി പാസ്ചറുടെ ചരമദിനമാണ് പേവിഷബാധ ദിനമായി ആചരിക്കുന്നത്. മനുഷ്യരുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം നിലനിർത്താനുള്ള സംയോജിത സമീപനത്തിലൂടെ 2030ഓടെ, നായ്ക്കളിൽനിന്നുള്ള പേവിഷബാധ മൂലമുള്ള മനുഷ്യമരണങ്ങൾ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം.
മരണങ്ങൾ
ലോകത്ത് പേവിഷബാധമൂലം പ്രതിവർഷം 59000 ത്തിൽ അധികം മനുഷ്യർ മരിക്കുന്നുണ്ട്. ഇന്ത്യയിൽ അത് 5700ഉം കേരളത്തിൽ 2024ൽ 22ഉം 2025ൽ 33 ഉം ആണ്. ഇതിൽ 95 ശതമാനം മരണവും നായ്ക്കളിൽനിന്ന് പേവിഷബാധയേറ്റാണ്. ധാരാളം മൃഗങ്ങളും പേവിഷബാധയേറ്റ് മരിക്കുന്നുണ്ട്. രോഗം ബാധിച്ചാൽ രോഗിയുടെ മരണം സുനിശ്ചിതമാണ്. എന്നാൽ, ശ്രദ്ധയും കരുതലുമുണ്ടെങ്കിൽ പേവിഷബാധമൂലമുള്ള മരണം നമുക്ക് പൂർണമായി ഒഴിവാക്കാൻ സാധിക്കും.
ശ്രദ്ധവേണം
നായ്, പൂച്ച, കുറുക്കൻ, കീരി എന്നിവയുടെ കടിയിലൂടെയാണ് വളർത്തുമൃഗങ്ങളിൽ കൂടുതലായും പേവിഷബാധയുണ്ടാകുന്നത്. മനുഷ്യരിൽ, നാം കൂടുതലായി ഇടപഴകുന്ന നായ്, പൂച്ച എന്നിവയിലൂടെയുമാണ്. ലിസ വൈറസാണ് പേവിഷബാധയുടെ രോഗഹേതു. ശ്രദ്ധിച്ചില്ലെങ്കിൽ അപകടകാരിയാകാവുന്ന ഈ വൈറസിനെ ചൂടുകൊണ്ടും, സാധാരണ അണുനാശിനികളായ ഫോർമലിൻ, പൊട്ടാസ്യം പെർമാംഗനേറ്റ്, ഫീനോൾ എന്നിവകൊണ്ടുപോലും എളുപ്പത്തിൽ നശിപ്പിക്കാവുന്നതാണ്. പേവിഷബാധയേറ്റ മൃഗത്തിന്‍റെ ഉമിനീരിലാണ് വൈറസ് കൂടുതലായി കാണുന്നത്.
പേവിഷബാധ നിയന്ത്രിക്കാൻ കുറേ കാര്യങ്ങളിൽ അതീവശ്രദ്ധ ആവശ്യമാണ്:
•വളർത്തുനായ്, പൂച്ച എന്നിവക്ക് മൂന്നുമാസം പ്രായമായാൽ പേവിഷബാധക്കെതിരെ ആദ്യ കുത്തിവെപ്പ് നൽകണം. ആദ്യ കുത്തിവെപ്പിനുശേഷം 21 ദിവസം കഴിഞ്ഞാൽ ഒരു കുത്തിവെപ്പുകൂടി നൽകണം. പിന്നീട് എല്ലാ വർഷവും കുത്തിവെപ്പെടുക്കണം.
•എല്ലാ വളർത്തുനായ്ക്കൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലൈസൻസ് എടുക്കണം.
•വളർത്തുമൃഗങ്ങളെയോ, മനുഷ്യരെയോ ഏതെങ്കിലും മൃഗം കടിച്ചാൽ, നിസ്സാരമായി കരുതരുത്. മുറിവ് സോപ്പുപയോഗിച്ച് നല്ലപോലെ വെള്ളത്തിൽ കഴുകണം. കടിയേറ്റയുടനെ സോപ്പുകൊണ്ട് മുറിവ് നന്നായി കഴുകിയാൽ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത് കുറക്കാൻ സാധിക്കും
•മുറിവ് നന്നായി കഴുകി മുറിവിൽ ലഭ്യമായ അണുനാശിനി പുരട്ടി ഉടൻ ആശുപത്രിയിൽചെന്ന് ചികിത്സ ലഭ്യമാക്കണം.
•ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി തെരുവിൽ ഉപേക്ഷിക്കരുത്.
•അനാഥനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രജനനനിയന്ത്രണപദ്ധതി നടപ്പിലാക്കുകയും അക്രമകാരികളായ നായ്ക്കളെ പാർപ്പിക്കാൻ അഭയകേന്ദ്രങ്ങൾ സ്ഥാപിക്കുകയും വേണം.
•വളർത്തുനായ്ക്കളെ ഒരു കാരണവശാലും തെരുവിൽ ഉപേക്ഷിക്കരുത്.
•അനാഥ നായ് നിയന്ത്രണം, പേവിഷ നിയന്ത്രണം, നായ്വളർത്തൽ തുടങ്ങിയ വിഷയങ്ങളിൽ ശരിയായ ബോധവത്കരണ പരിപാടികൾ ബന്ധപ്പെട്ട വകുപ്പുകൾ നടപ്പാക്കണം.
•പേവിഷബാധയേറ്റ പശുവിന്‍റെ പാലിലൂടെ പേ വിഷബാധ പകരാനുള്ള സാധ്യത വളരെ കുറവാണ്. പാൽ തിളപ്പിച്ച് മാത്രമേ എപ്പോഴും ഉപയോഗിക്കാവൂ. തിളപ്പിച്ച പാൽ നൂറ് ശതമാനവും സുരക്ഷിതമാണ്. തിളപ്പിച്ച പാലിൽ പേവിഷബാധക്ക് കാരണമാകുന്ന വൈറസ് ഉണ്ടാകില്ല.
•പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളെ കൈകാര്യം ചെയ്തവർ പ്രതിരോധ കുത്തിവെപ്പെടുക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

