കൗമാരക്കാരിലെ കൊളസ്ട്രോൾ: കേരളം രാജ്യത്ത് രണ്ടാമത്; കാരണങ്ങളും പരിഹാര മാർഗങ്ങളും...
text_fieldsപൊതുവെ പ്രായമായവരിലും യുവാക്കളിലും കണ്ടു വരുന്ന ഒന്നാണ് കൊളസ്ട്രോൾ. ശരീരത്തിലടങ്ങിയ ചീത്ത കൊഴുപ്പുകൾ കാരണമാണ് ഇവ ഉണ്ടാകുന്നത്. എന്നാൽ, മുതിർന്നവർക്ക് മാത്രമേ ഇത് ബാധിക്കുകയുള്ളൂ എന്ന ധാരണ തെറ്റാണെന്ന് പുതിയ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
പണ്ടൊക്കെ മുതിർന്നവരുടെ മാത്രം പ്രശ്നമായി കണ്ടിരുന്ന കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും ഇപ്പോൾ ഇന്ത്യയിലെ കുട്ടികളെയും കൗമാരക്കാരെയും നിശബ്ദമായി പിടികൂടുകയാണ്. ‘ചിൽഡ്രൻ ഇൻ ഇന്ത്യ’ റിപ്പോർട്ടിലാണ് കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇത് ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത് പശ്ചിമ ബംഗാളിനെയാണ്. സംസ്ഥാനത്ത് അഞ്ച് മുതൽ ഒമ്പത് വരെ പ്രായമുള്ള കുട്ടികളിൽ 67 ശതമാനവും ഉയർന്ന ട്രൈഗ്ലിസറൈഡ് ഉള്ളവരാണെന്നത് ഞെട്ടിക്കുന്ന കണക്കാണ്. 64.6 ശതമാനവുമായി സിക്കിം തൊട്ടുപിറകിലുണ്ട്. മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം (57%), നാഗാലാൻഡ് (55.5), മണിപ്പൂർ (54.7) എന്നിവിടങ്ങളിലും 50 ശതമാനത്തിന് മേലെ കുട്ടികൾ രോഗികളായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലാണ് ഏറ്റവും കുറവ് -16.6 ശതമാനം.
എന്നാൽ, 10-19 വയസ്സുള്ള കൗമാരക്കാരിൽ ഈ അനുപാതം വളരെ കുറവാണ്. ഈ പ്രായപരിധിയിലുള്ളവരിൽ രാജ്യത്ത് മൊത്തം 16 ശതമാനം പേർക്ക് മാത്രമേ ഉയർന്ന ട്രൈഗ്ലിസറൈഡുള്ളൂ. ‘ചീത്ത കൊളസ്ട്രോൾ’ എന്നറിയപ്പെടുന്ന എൽ.ഡി.എൽ കൊളസ്ട്രോൾ ഉള്ളത് നാലു ശതമാനത്തിൽ താഴെ പേർക്കുമാത്രം. 10-19 വയസ്സുള്ളവരിലെ ഉയർന്ന ട്രൈഗ്ലിസറൈഡിലും ബംഗാൾ ആണ് ഒന്നാമത് -42.5%. സിക്കിം (39.4%), മണിപ്പൂർ (38%) എന്നിവയാണ് തൊട്ടുപിന്നിൽ. മഹാരാഷ്ട്രയിലാണ് ഏറ്റവും കുറവ്-6.4%. ഈ പ്രായത്തിലുള്ളവരിൽ ഉയർന്ന എൽ.ഡി.എൽ ഗോവയും കേരളവുമാണ് ഏറ്റവും ഉയർന്നത് (15.3%), 14.9%).
കൗമാരക്കാരിൽ എൽ.ഡി.എൽ കൊളസ്ട്രോൾ ഏറ്റവും കൂടുതൽ ഉള്ളത് ഗോവയിലും കേരളത്തിലുമാണ്. കേരളത്തിൽ 14.9 ശതമാനവും ഗോവയിൽ 15.3 ശതമാനവുമാണ് രേഖപ്പെടുത്തിയത്. ഈ കണക്കുകൾ കുട്ടികളുടെ ആരോഗ്യത്തിൽ രക്ഷിതാക്കളുടെ അടിയന്തിര ശ്രദ്ധ നൽകേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നു.
എന്താണ് കൊളസ്ട്രോൾ?
നമ്മുടെ രക്തത്തിൽ കാണുന്ന കൊഴുപ്പ് പോലെയുള്ള ഒരു പദാർഥമാണ് കൊളസ്‌ട്രോൾ. ഇവ രണ്ട് തരത്തിലുണ്ട്. നല്ലതും ചീത്തതും. ശരീരത്തിനാവശ്യമായ ഹോർമോണുകളും വിറ്റാമിൻ ഡിയും നൽകുകയാണ് സാധാരണ രീതിയിൽ കൊളസ്ട്രോളിന്റെ ദൗത്യം. എന്നാൽ, ഇവ കൂടിയ അളവിൽ കാണപ്പെടുന്നത് പ്രശ്നമാണ്. അത്തരത്തിൽ കാണപ്പെടുന്ന കൊളസ്ട്രോളുകൾ അറിയപ്പെടുന്നത് ‘ചീത്ത’ കൊളസ്ട്രോൾ എന്നാണ്
എന്താണ് ട്രൈഗ്ലിസറൈഡ്‌സ്?
ട്രൈഗ്ലിസറൈഡ്‌സ് എന്നത് രക്തത്തിൽ കാണപ്പെടുന്ന ഒരുതരം കൊഴുപ്പ് അഥവാ ലിപിഡ് ആണ്. ഊർജ്ജം സംഭരിക്കുന്നതിനായി ശരീരം ഉപയോഗിക്കുന്ന പ്രധാന മാർഗമാണിത്. വെണ്ണ, എണ്ണകൾ പോലുള്ള ഭക്ഷണങ്ങളിൽ നിന്നുള്ള അധിക കലോറികളിൽ നിന്നാണ് ഇത് ഉണ്ടാകുന്നത്. ശരീരത്തിന്റെ ഊർജ്ജത്തിന് ട്രൈഗ്ലിസറൈഡുകൾ അത്യാവശ്യമാണെങ്കിലും, ഇവയുടെ ഉയർന്ന അളവ് അഥവാ ഹൈപ്പർട്രൈഗ്ലിസറൈഡെമിയ എന്ന അവസ്ഥ ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും.
കുട്ടികളെ എങ്ങനെ ബാധിക്കുന്നു?
ട്രൈഗ്ലിസറൈഡ്‌സ്, കൊളസ്ട്രോൾ പ്രശ്നങ്ങൾ മുതിർന്നവരിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കുട്ടികളിൽ ഇതിന്റെ അപകടങ്ങൾ ഇവയാണ്:
ധമനികളുടെ തകരാർ: ഉയർന്ന അളവിലുള്ള കൊഴുപ്പ് കാലക്രമേണ രക്തക്കുഴലുകളെ കേടുവരുത്തുന്നു.
നേരത്തെയുള്ള ഹൃദ്രോഗ സാധ്യത: കൗമാരത്തിൽ തുടങ്ങുന്ന ഈ പ്രശ്നം ഭാവിയിൽ ഹൃദ് രോഗങ്ങൾക്കും പക്ഷാഘാതത്തിനും വഴിതെളിക്കും.
പ്ലാക്ക് രൂപീകരണം: പത്ത് വയസ്സിന് താഴെയുള്ള കുട്ടികളിൽ ഉയർന്ന കൊളസ്ട്രോളും ട്രൈഗ്ലിസറൈഡ്‌സും ഒരുമിക്കുമ്പോൾ ധമനികളിൽ വേഗത്തിൽ കൊഴുപ്പടിഞ്ഞ് രക്തയോട്ടം കുറയാൻ സാധ്യതയുണ്ട്.
എന്തൊക്കെയാണ് കാരണങ്ങൾ?
ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ് ഈ ഗുരുതര പ്രവണതക്കുള്ള പ്രധാന ഘടകം. ശരിയായ രീതിയിലുള്ള ഭക്ഷണം ഇന്നത്തെ കുട്ടികളിൽ നന്നേ കുറവാണ്. ഫാസ്റ്റ് ഫുഡുകൾ, എണ്ണ പലഹാരങ്ങൾ, പഞ്ചസാരയുടെ അളവ് കൂടുതലുള്ള പാനീയങ്ങൾ തുടങ്ങിയവയുടെ അമിത ഉപയോഗവും ഇത്തരം അസുഖങ്ങൾക്ക് കാരണമാകുന്നുണ്ട്.
മറ്റൊരു പ്രധാന കാരണമാണ് വ്യായാമക്കുറവ്. ഡിജിറ്റൽ ലോകത്ത് അടിമപ്പെട്ടു കൊണ്ടിരിക്കുന്ന യുവതലമുറയിൽ വ്യായാമത്തിന്റെ കുറവ് നല്ലതു പോലെയുണ്ട്. ചെറിയ നടത്തങ്ങൾക്ക് പോലും മടി കാണിക്കുമ്പോൾ ശാരീരിക പ്രവർത്തനങ്ങളിലൂടെ ലഭിക്കേണ്ട ആരോഗ്യ ഗുണങ്ങൾ കിട്ടാതെ പോകുന്നു.
കുട്ടികളിലെ അമിതവണ്ണവും ട്രൈഗ്ലിസറൈഡ്‌സ് നില വർധിക്കുന്നതുമായി ബന്ധമുണ്ട്. അമിതവണ്ണം ശരീരത്തിലെ അമിത കൊഴുപ്പ് കൊണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ, ചില കുട്ടികളിൽ പാരമ്പര്യ ഘടകങ്ങളും ജനിതക കാരണങ്ങളും കാരണമാകും.
പരിഹാരം?
ഉയർന്ന ട്രൈഗ്ലിസറൈഡ്‌സും കൊളസ്ട്രോളും നിയന്ത്രിക്കാനും പ്രതിരോധിക്കാനും കഴിയും. ഇത്തരം അസുഖങ്ങളിൽ രക്ഷിതാക്കളുടെ നേരത്തെയുള്ള ഇടപെടൽ കുട്ടികളുടെ ആരോഗ്യത്തിന് നിർണായകമാണ്. പ്രതിരോധ മാർഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ-
ആരോഗ്യകരമായ ഭക്ഷണരീതി: പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പരിപ്പുകൾ എന്നിവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ, എണ്ണ പലഹാരങ്ങൾ, മധുരപാനീയങ്ങൾ എന്നിവയുടെ ഉപയോഗം പരമാവധി കുറക്കുക.
ചിട്ടയായ വ്യായാമം: കുട്ടികൾ ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഓട്ടം, സൈക്ലിങ്, കളികൾ തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക. നല്ലതുപോലെ വിയർക്കുന്ന കായികവിനോദങ്ങളിൽ ഏർപ്പെടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം.
സ്‌ക്രീൻ സമയം നിയന്ത്രിക്കുക: ടെലിവിഷൻ, മൊബൈൽ ഫോൺ എന്നിവയുടെ ഉപയോഗം കുറക്കുന്നത് കുട്ടികളിൽ ഉന്മേഷമുണ്ടാക്കും. മാത്രവുമല്ല കുട്ടികളിലെ വ്യായാമമില്ലായ്മയും അമിതമായി ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കാൻ ഇത് സഹായിക്കും.
പരിശോധനകൾ: കുടുംബത്തിൽ ഹൃദ്രോഗം, പ്രമേഹം എന്നിവയുടെ ചരിത്രമുണ്ടെങ്കിൽ കുട്ടികളെ കൃത്യമായ ഇടവേളകളിൽ കൊളസ്ട്രോൾ പരിശോധനയ്ക്ക് വിധേയമാക്കുക. കുട്ടികളിലെ കൊളസളട്രോളുകളിലെ ലക്ഷണങ്ങൾ പ്രകടമാകാൻ സാധ്യത കുറവാണ്.
ചികിത്സ: പരിശോധനയിൽ ഉയർന്ന അളവ് കാണുകയാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുകയും ആവശ്യമെങ്കിൽ മാത്രം മരുന്നുകൾ നൽകുകയും ചെയ്യാം.
നമ്മുടെ കുട്ടികളുടെ ഭാവി ആരോഗ്യത്തിനായി ഇത്തരം മുന്നറിയിപ്പുകൾ ഗൗരവമായി കാണേണ്ടതുണ്ട്. കുട്ടികളിൽ കൊളസ്ട്രോൾ പോലുള്ള കാര്യങ്ങൾ വരാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ഇനി അഥവാ നിങ്ങളുടെ കുട്ടികളിൽ ഇവ കണ്ടുപിടിച്ചാൽ ഡോക്ടറുടെ സഹായത്തോടെ വേണം ചികിത്സിക്കാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

