ഹൃദയസംരക്ഷണം ഉറപ്പാക്കണം
text_fieldsപ്രതീകാത്മക ചിത്രം
ഹൃദയസ്തംഭനം സംഭവിച്ചതിന്റെ ഭാഗമായി ഹൃദയമിടിപ്പ് ക്രമമില്ലാതെയാകുന്നതാണ് കുഴഞ്ഞുവീണ് മരണത്തിന് കാരണമാകാറുള്ളത്. സാധാരണയായി, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ തന്നെയാണ് കുഴഞ്ഞു വീണ് മരണം സംഭവിക്കുന്നതിന് പിന്നിലെ പ്രധാന കാരണം. ഹൃദയ പേശികളിലെ രക്തധമനി അടഞ്ഞുപോകുകയും ഇത് ഹൃദയമിടിപ്പിനെ ബാധിക്കുകയും ചെയ്യുന്നതാണ് കുഴഞ്ഞുവീണ് മരണത്തിലേക്ക് നയിക്കുന്നത്.
ഹൃദയമിടിപ്പ് ക്രമം തെറ്റുകയും ഹൃദയ സ്തംഭനം സംഭവിക്കുകയും ചെയ്യുന്നതോടെ ഹൃദയത്തില്‍ നിന്ന് മസ്തിഷ്കം ഉള്‍പ്പെടെയുള്ള പ്രധാന ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയും മസ്തിഷ്കമരണം സംഭവിക്കുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കാന്‍ CPR (Cardio pulmonary rescucitation) നല്‍കുന്നത് നിര്‍ണായകമാണ്. കുഴഞ്ഞുവീണയാള്‍ അപകടത്തിലാണെന്ന് തിരിച്ചറിയാനും കൃത്യ സമയത്ത് തന്നെ CPR നല്‍കാനും കഴിഞ്ഞാല്‍ ഒരുപക്ഷെ ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞേക്കും.
സി.പി.ആർ എന്ത്? എങ്ങനെ?
കുഴഞ്ഞുവീണയാളെ ഉച്ചത്തില്‍ തട്ടി വിളിച്ചുകൊണ്ട് പ്രതികരണം ഉണ്ടോയെന്ന് നിരീക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഏതെങ്കിലും തരത്തിലുള്ള പ്രതികരണം ഉണ്ടാകുന്നുവെങ്കില്‍ സി പി ആര്‍ നല്‍കേണ്ടതില്ല. എന്നാല്‍ ചുമലില്‍ ശക്തമായി കൈകൊണ്ട് അടിച്ച് ഉച്ചത്തില്‍ വിളിച്ചിട്ടും യാതൊരു പ്രതികരണവും ഇല്ലെങ്കില്‍ ഉടന്‍ തന്നെ സി പി ആര്‍ ആരംഭിക്കണം. കുഴഞ്ഞുവീണ ഉടന്‍ തന്നെ ശരിയായ പ്രാഥമിക ശുശ്രൂഷ ലഭിക്കുന്നവരില്‍ അപകട സാധ്യത കുറവാണ്. ആശുപത്രിയില്‍ എത്തിക്കുന്നതുവരെ തുടര്‍ച്ചയായി സി.പി.ആര്‍ നല്‍കേണ്ടതുണ്ട്.
കൂടുതല്‍ ഫോഴ്സ് നൽകാന്‍ കഴിയുന്ന കൈ നെഞ്ചിന്‍റെ മധ്യ ഭാഗത്തായി അമര്‍ത്തിവെച്ച് മറുകൈ ഉപയോഗിച്ച് വിരലുകളെ കോര്‍ത്തുപിടിച്ച് ശക്തമായി അമര്‍ത്തണം. കൈമുട്ടുകള്‍ മടങ്ങാതെ കൈകള്‍ നേരെ നിര്‍ത്തിവേണം സി.പി.ആര്‍ നല്‍കാന്‍. നെഞ്ചിന്‍റെ ഭാഗം 5 സെന്റിമീറ്റര്‍ താഴുന്ന രീതിയില്‍ സി പി ആര്‍ നല്‍കിയാല്‍ മാത്രമേ ഉദ്ദേശിച്ച ഗുണം ലഭിക്കുകയുള്ളൂ. ഇത്തരത്തില്‍ മര്‍ദ്ദം നല്‍കുമ്പോള്‍ തീര്‍ച്ചയായും വാരിയെല്ലുകള്‍ പൊട്ടാനുള്ള സാധ്യത കൂടുതലാണ്, എന്നാല്‍ ഇത് സ്വാഭാവിക ചികിത്സകൊണ്ട് മാറ്റിയെടുക്കാന്‍ സാധിക്കും.
കുഴഞ്ഞുവീണയാള്‍ക്ക് ഏറ്റവും അടുത്ത നിമിഷം മുതല്‍ CPR നല്‍കേണ്ടതും ഏറ്റവും വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കേണ്ടതും അനിവാര്യമാണ്. മിക്ക സാഹചര്യങ്ങളിലും കൃത്യമായി സി.പി. ആര്‍ ലഭിച്ചയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചാല്‍ ജീവന്‍ രക്ഷിക്കാനാകും. എന്നാല്‍ CPR നല്‍കാതെ ആശുപത്രിയില്‍ എത്തിക്കുന്നവരുടെ മസ്തിഷ്കം നിലച്ചുപോകാറുണ്ട്. ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞാലും മസ്തിഷ്കം പുനരുജ്ജീവിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും.
ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
കുഴഞ്ഞുവീണ് മരണം സംഭവിക്കുന്ന എല്ലാവരിലും ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ലെങ്കിലും മിക്കവരിലും തൊട്ട് മുന്‍പുള്ള ദിവസങ്ങളില്‍ ചെറിയ തോതിലുള്ള നെഞ്ചുവേദന, ശ്വാസ തടസം, അസാധാരണമായ കിതപ്പ് തുടങ്ങിയവ അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇത്തരം സൂച നകളുടെ ഗൗരവം തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ അവഗണിക്കപ്പെടുന്നതാണ് ജീവന്‍ നഷ്ടമാകുന്ന അവസ്ഥയിലെത്തിക്കുന്നത്. മധ്യ വയസിന് മുകളിലുള്ളവരിലാണ് കൂടുതലായും കുഴഞ്ഞുവീണ് മരണം സംഭവിക്കുന്നത്, എങ്കിലും ഏത് പ്രായത്തിലുള്ളവരിലും ഈ അവസ്ഥ സംഭവിക്കാം.
പാരമ്പര്യ ഘടകങ്ങളും കുഴഞ്ഞുവീണ് മരണത്തിന് കാരണമായേക്കാം. അതുകൊണ്ട് തന്നെ കുടുംബാംഗങ്ങളുടെ ആരോഗ്യനിലയും ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതാണ്. അടുത്ത രക്ത ബന്ധത്തിലുള്ള 65 വയസിന് താഴെ പ്രായമുള്ള സ്ത്രീ അല്ലെങ്കില്‍ 55 വയസിന് താഴെയുള്ള പുരുഷന്‍ എന്നിവരില്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തൊട്ടടുത്ത തലമുറയിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വളരെ നേരത്തെ തന്നെ രോഗ സാധ്യത മുന്‍ നിര്‍ത്തിയുള്ള പരിശോധനകള്‍ നടത്തി മുന്‍കരുതല്‍ എടുക്കുന്നത് ഗുണം ചെയ്യും.
ആരോഗ്യനില വിലയിരുത്തണം
പൊതുവേ വ്യായാമമില്ലാത്ത ഉദാസീനമായ ജീവിതശൈലി പിന്തുടരുന്നവര്‍ പെട്ടെന്ന് ഫിറ്റ്‌നസ് സെന്ററുകളില്‍ പോയി പല തരത്തിലുള്ള വ്യായാമരീതികള്‍ ആരംഭിക്കുന്നതും ഇത്തരം സാഹചര്യങ്ങള്‍ക്ക് വഴിവെക്കാറുണ്ട്. അതുകൊണ്ട് തന്നെ 35 വയസിന് മുകളിലുള്ളവര്‍ ഫിറ്റ്‌നസ് സെന്ററുകളിലെ വ്യായാമ രീതികള്‍ ആരംഭിക്കുന്നതിന് മുന്‍പ് ആരോഗ്യ പരിശോധന നടത്തുന്നത് നല്ലതാണ്.
ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങളുടെ ആരോഗ്യനില വിലയിരുത്തി വേണം വ്യായാമ രീതികള്‍ തിരഞ്ഞെടുക്കാന്‍. പലപ്പോഴും ലക്ഷങ്ങള്‍ പ്രകടമാകാത്ത രോഗാവസ്ഥകള്‍ ഈ ഘട്ടത്തില്‍ തിരിച്ചറിഞ്ഞുകൊണ്ട് വലിയ അപകടം ഒഴിവാക്കാന്‍ ഇത് സഹായിക്കും. പല വിദേശ രാജ്യങ്ങളിലും ഫിറ്റ്‌നസ് കേന്ദ്രങ്ങളില്‍ വ്യായാമം തുടങ്ങുന്നതിന് മുന്‍പ് വിശദമായ ആരോഗ്യ പരിശോധന നിര്‍ബന്ധമാണ്.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് വഴി ഒരു പരിധി വരെ ഇത്തരം സാഹചര്യങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും. ചെറിയ പ്രായം മുതല്‍ തന്നെ വ്യായാമം പതിവാക്കുന്നത് നല്ലതാണ്. ഭക്ഷണ കാര്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവരേണ്ടതും അത്യാവശ്യമാണ്. റെഡ് മീറ്റ് ഉപയോഗം കുറയ്ക്കുക,എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക, പഞ്ചസാരയുടെ ഉപയോഗം കഴിവതും ഒഴിവാക്കുക, കൂടുതല്‍ പച്ചക്കറികള്‍ ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തുക എന്നിവ പ്രധാനമാണ്. ഇതോടൊപ്പം തന്നെ ജീവിതശൈലീ രോഗങ്ങള്‍ എല്ലായ്പ്പോഴും നിയന്ത്രിക്കുന്നതിനും ശ്രദ്ധ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

