പൊതു ഇടങ്ങളിലെ ഹാൻഡ് ഡ്രയറുകൾ നിങ്ങളെ രോഗിയാക്കുമോ?
text_fieldsപുറത്ത് പോകുമ്പോൾ പൊതുസ്ഥലങ്ങളിലെ കൈ കഴുകാനുള്ള ഇടങ്ങൾ നിങ്ങൾ ഉപയോഗിക്കാറുണ്ടോ? അവിടങ്ങളിൽ നിന്ന് കൈ കഴുകിയ ശേഷം പലപ്പോഴും കൈ ഉണക്കാൻ ഹാൻഡ് ഡ്രയറുകൾ ഉപയോഗിക്കാറുണ്ടോ? എന്നാൽ, ഈ ഹാൻഡ് ഡ്രയറുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത് രോഗങ്ങൾ വരുത്തിവെക്കുമോ? ഹാൻഡ് ഡ്രയറുകളെക്കുറിച്ച് നമ്മളറിയാതെ പോകുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നാവും.
ഒരുപാട് ആളുകൾ ഉപയോഗിക്കുന്ന സ്ഥലമാണ് പൊതു ശൗചാലയങ്ങൾ. ഹോട്ടലുകൾ, ഓഫീസുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം നിരവധി പേരാണ് ശൗചാലയങ്ങൾ ഉപയോഗിക്കുന്നത്. ഇവിടെ അണുക്കളും രോഗാണുക്കളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ടോയ്‌ലറ്റുകൾ ഫ്ലഷ് ചെയ്യുമ്പോൾ അണുക്കൾ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയും ഹാൻഡ് ഡ്രയറുകൾ ഈ വായുവിനെ വലിച്ചെടുത്ത് ചൂടുള്ള കാറ്റായി പുറത്തേക്ക് വിടുകയും ചെയ്യും. ഈ കാറ്റാണ് നമ്മുടെ വൃത്തിയാക്കിയ കൈകളിലേക്ക് എത്തുന്നത്. ഇതിൽ അനാരോഗ്യകരമായ കണികകൾ, മലം, രോഗാണുക്കൾ എന്നിവ നിറഞ്ഞിരിക്കും.
പൊതു ശുചിമുറികളിൽ ഹാൻഡ് ഡ്രയറുകൾ ഉപയോഗിക്കുന്നത് അസുഖം വരാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നുണ്ട്. കൈകൾ ഉണക്കാൻ ചൂടുള്ള ജെറ്റ് വായു ഊതിക്കൊണ്ടാണ് ഹാൻഡ് ഡ്രയറുകൾ പ്രവർത്തിക്കുന്നത്. അങ്ങനെ ചെയ്യുമ്പോൾ അവ അണുക്കളെയും ബാക്ടീരിയകളെയും വായുവിലേക്ക് വ്യാപിപ്പിക്കുമെന്നും അവ കൈകളിൽ എത്തുമെന്നും ഡോക്ടർമാർ പറയുന്നു.
എന്താണ് ഹാൻഡ് ഡ്രൈയർ
സാധാരണയായി പൊതു ശൗചാലയങ്ങളിൽ കാണപ്പെടുന്ന ഒരു വൈദ്യുത ഉപകരണമാണിത്. കൈ കഴുകിയ ശേഷം ഉണക്കുന്നതിനായി ഒരു താപന ഘടകവും ഒരു ബ്ലോവറും ഇതിൽ ഉപയോഗിക്കുന്നുണ്ട്. പേപ്പർ ടവലുകൾക്ക് പകരമായി ചെലവ് കുറഞ്ഞതും കൂടുതൽ പരിസ്ഥിതി സൗഹൃദപരവുമായ ബദലായിട്ടാണ് ഇവ ഉപയോഗിക്കുന്നത്. ഹാൻഡ് ഡ്രയറിന് ചുവടെ കൈ വെക്കുമ്പോൾ വളരെ വേഗത്തിലുള്ള ചൂടുകാറ്റ് കൈകളിലേക്ക് എത്തിക്കുന്നതാണ് ഇതിന്റെ പ്രവർത്തനം. അങ്ങനെ നമ്മുടെ നനവുള്ള കൈകൾ ഇവ ഉണക്കും.
ഹാൻഡ് ഡ്രൈയർ ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ
കൈ ഉണക്കാൻ വേണ്ടി ചൂടുള്ള കാറ്റോ ജെറ്റ് കാറ്റോ പുറപ്പെടുവിക്കുമ്പോൾ ഇവ ബാത്റൂമിലെ അണുക്കളെയും ബാക്ടീരിയകളെയും അന്തരീക്ഷത്തിലേക്ക് പരത്തും. ഇതുവഴി രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ടോയ്‌ലറ്റുകൾ ഫ്ലഷ് ചെയ്യുന്നതും ധാരാളം ആളുകൾ ഉപയോഗിക്കുന്നതും കാരണം കഴുകുന്ന ഇടങ്ങളിൽ പലപ്പോഴും അണുക്കൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഹാൻഡ് ഡ്രയറിൽ നിന്നും കാറ്റ് പുറത്ത് വിടുമ്പോൾ അവിടെയുള്ള അണുക്കൾ നമ്മുടെ വൃത്തിയാക്കിയ കൈകളിലേക്കും കഴുകുന്ന ഇടങ്ങളിലേക്കും മുഴുവനായും എത്തിക്കാൻ സാധ്യതയുണ്ട്. കൂടാതെ ഡ്രയർ ഉപയോഗിക്കുമ്പോൾ അതിന്റെ ഉപരിതലത്തിൽ സ്പർശിക്കുന്നതും നല്ലതല്ലെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. ഡ്രയർ ഉപയോഗിക്കുമ്പോൾ പരമാവധി കൈകൾ മെഷീനോട് അടുപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ബാത്ത്റൂമുകളിലെ വായുവിൽ ‘ഇ കോളി’ പോലുള്ള ബാക്ടീരിയകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഫ്ലഷ് ചെയ്യുമ്പോൾ ഇവ അന്തരീക്ഷത്തിലേക്ക് വ്യാപിക്കും. ‘ജെറ്റ് എയർ’ ഡ്രയറുകൾ സാധാരണ ചൂടുള്ള എയർ ഡ്രയറുകളേക്കാൾ വേഗത്തിൽ അണുക്കളെ പരത്തുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഈ അണുക്കൾ നമ്മുടെ കൈകളിലേക്കും അവിടുന്ന് മുഖത്തേക്കും ഭക്ഷണത്തിലേക്കും വ്യാപിക്കും. ഇവ പനി, ജലദോഷം, വയറിനുള്ളിലെ അണുബാധ പോലുള്ള അസുഖങ്ങളിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് അണുബാധ ഒഴിവാക്കാൻ ഏറ്റവും അനുയോജ്യം പരമ്പരാഗത രീതികളാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
സുരക്ഷിതമായ വഴികൾ എന്തൊക്കെയാണ്?
പേപ്പർ ടവലുകൾ ഉപയോഗിക്കുക:
കൈകൾ പെട്ടെന്ന് ഉണക്കാൻ മാത്രമല്ല, തുടയ്ക്കുമ്പോൾ അണുക്കളെ നീക്കം ചെയ്യാനും പേപ്പർ ടവലുകൾ സഹായിക്കും. ഇവ കൈകളിലെ ഈർപ്പവും രോഗാണുക്കളെയും വലിച്ചെടുക്കും. കൂടാതെ വാതിൽ തുറക്കാനും പൈപ്പുകൾ അടക്കാനും ഇവ ഉപയോഗിക്കാം. ശേഷം സുരക്ഷിതമായി വലിച്ചെറിയണം. പരമ്പരാഗത രീതികളിൽ ഏറ്റവും നല്ല വഴികളിൽ ഒന്ന് ഇതാണ്.
തൂവാല കരുതുക:
പേപ്പർ ടവലുകൾ ലഭ്യമല്ലെങ്കിൽ വൃത്തിയുള്ള തൂവാല കരുതണം. എപ്പോഴും ബാഗിൽ ടിഷ്യൂ ഉണ്ടെന്ന് ഉറപ്പാക്കണം.
കാറ്റിൽ ഉണക്കുക:
മറ്റൊന്നും ലഭ്യമല്ലെങ്കിൽ അണുക്കളെ പരത്തുന്ന ഡ്രയർ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് കൈകൾ സ്വാഭാവികമായി കാറ്റിൽ ഉണങ്ങാൻ അനുവദിക്കുന്നതാണ്.
എന്നാൽ, ഇതിന്റെയെല്ലാം അടിസ്ഥാനം കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതാണ്. കുറഞ്ഞത് 20 സെക്കൻഡ് നേരമെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ശരിയായ രീതിയിൽ കഴുകണം. വൃത്തിയുള്ള കൈകൾ അണുബാധയുടെ സാധ്യത കുറയ്ക്കും. അതുപോലെ സുരക്ഷിതമായ രീതിയിൽ കൈകൾ ഉണക്കുന്നതും നിങ്ങളെ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

