ഹന്റാവൈറസോ നോറോവൈറസോ: ക്രൂയിസ് കപ്പലുകളിൽ പടരുന്ന വൈറസുകളിൽ ഏതാണ് കൂടുതൽ അപകടകാരി?
text_fieldsപോർട്ട് കാനാവറൽ: കടലിലെ ആഡംബര വിനോദസഞ്ചാര കപ്പലുകളിൽ വൈറസ് ബാധ പടരുന്നത് ആഗോളതലത്തിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. ഡച്ച് ക്രൂയിസ് കപ്പലിൽ ഹന്റാവൈറസ് ബാധിച്ച് മൂന്ന് പേർ മരിച്ചതിന് പിന്നാലെ, കരീബിയൻ പ്രിൻസസ് എന്ന കപ്പലിൽ നോറോവൈറസ് ബാധ സ്ഥിരീകരിച്ചത് പുതിയ പ്രതിസന്ധിയായി. കപ്പലിലെ 115 ഓളം പേർക്കാണ് നിലവിൽ രോഗബാധയുണ്ടായിരിക്കുന്നത്. ക്രൂയിസ് കപ്പലുകൾ ഒരേസമയം ആയിരക്കണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടമായതിനാലും ലിഫ്റ്റുകൾ, ബഫെ കൗണ്ടറുകൾ, സ്പാകൾ തുടങ്ങിയ പൊതുവിടങ്ങൾ പങ്കിടുന്നതിനാലും വൈറസ് വ്യാപനം അതിവേഗത്തിലാകുന്നു. കൃത്യമായ വായുസഞ്ചാരത്തിന്റെ അഭാവവും രോഗം പടരാൻ കാരണമാകുന്നുണ്ട്.
എലി, ചുണ്ടെലി തുടങ്ങിയ ജീവികളുടെ വിസർജ്യങ്ങളിൽ നിന്നും ഉമിനീരിൽ നിന്നുമാണ് ഹന്റാവൈറസ് മനുഷ്യരിലേക്ക് പടരുന്നത്. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത് അപൂർവ്വമാണെങ്കിലും ശ്വാസകോശത്തെ ബാധിച്ചാൽ മരണസാധ്യത ഏറെയാണ്. എന്നാൽ നോറോവൈറസ് അതിവേഗം പടരുന്ന ഒന്നാണെന്നും ഉദരരോഗങ്ങൾക്കും കഠിനമായ ഛർദ്ദിക്കും വയറിളക്കത്തിനും ഇത് കാരണമാകുമെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. നോറോവൈറസ് ബാധ ജീവഹാനിക്ക് കാരണമാകുന്നത് കുറവാണെങ്കിലും ശാരീരികമായി കഠിനമായ അസ്വസ്ഥതകൾ ഉണ്ടാക്കും. നിലവിൽ കരീബിയൻ പ്രിൻസസ് കപ്പലിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. രോഗബാധിതരെ ഐസൊലേഷനിലേക്ക് മാറ്റുകയും കപ്പൽ പൂർണ്ണമായും അണുവിമുക്തമാക്കാനുള്ള നടപടികൾ പോർട്ട് കാനാവറലിൽ ആരംഭിക്കുകയും ചെയ്തു. അമേരിക്കൻ ആരോഗ്യ ഏജൻസിയായ സി.ഡി.സിയുടെ നേതൃത്വത്തിൽ സാഹചര്യം നിരീക്ഷിച്ചു വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

