എന്തുകൊണ്ടാണ് പല കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകളും അടിയന്തര സാഹചര്യങ്ങളായി മാറുന്നത്?
text_fieldsകരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയെ കുറിച്ച് കേൾക്കുമ്പോൾ മിക്കവരുടെയും ഉള്ളിൽ ആദ്യം വരുന്നത് ഭയമാണ്. കേരളം ആരോഗ്യരംഗത്ത് ഏറെ മുന്നിലാണെങ്കിലും ലഭ്യമായ ചികിത്സകളും ആരോഗ്യ വിദഗ്ധരും ഉണ്ടായിട്ടും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നിർദേശിക്കപ്പെട്ടാൽ, ഭൂരിഭാഗം മലയാളികളും ആദ്യം ചെയ്യുന്നത് അത് പരമാവധി നീട്ടിവെക്കുക എന്നതാണ്.
ഭയവും അവഗണനയും
കരൾ രോഗങ്ങൾ പലപ്പോഴും നിശ്ശബ്ദമായാണ് വരുന്നത്. തുടക്കത്തിൽ കാര്യമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ പലരും ഇത് അവഗണിക്കുന്നു. ചെറിയ ക്ഷീണം, വിശപ്പില്ലായ്മ, ഇടയ്ക്ക് പനി - ഇതൊക്കെ സാധാരണ ജീവിതത്തിൽ ഉണ്ടാകുന്ന അസ്വസ്ഥതകളായി തള്ളിക്കളയുന്നു. വലിയ കുഴപ്പൊന്നുമില്ല, ഇത് മാറിക്കോളും എന്ന നിഷേധമാണ് ആദ്യ പടി.
എന്നാൽ, കരൾ തകരാർ രൂക്ഷമാകുമ്പോൾ, അടിവയറ്റിൽ വെള്ളം കെട്ടുന്നതും, മഞ്ഞപ്പിത്തം രൂക്ഷമാകുന്നതും പോലുള്ള ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. അപ്പോഴും പലരും നാട്ടുവൈദ്യത്തിലേക്കും മറ്റ് ചികിത്സകളിലേക്കും തിരിയുന്നു. രോഗകാരണം എന്ത് തന്നെയായാലും കരൾരോഗത്തിന്റെ അവസാനഘട്ടത്തിൽ കരൾ മാറ്റിവെക്കൽ മാത്രമാണ് ഏക പോംവഴി. എന്നാൽ, ഈ ഘട്ടത്തിൽ എത്തുന്നതിനുമുമ്പുതന്നെ ചികിത്സ തേടിയിരുന്നെങ്കിൽ, രോഗത്തിന്റെ ഗതി മാറ്റാൻ സാധിക്കുമായിരുന്നു.
സാമൂഹികമായ വേർതിരിവ്
മദ്യപാനവുമായി ബന്ധപ്പെട്ട കരൾ രോഗങ്ങളോടുള്ള സമൂഹത്തിന്റെ സമീപനമാണ് ഏറ്റവും വലിയ വിലങ്ങുതടി. 'അയാൾ സ്വയം വരുത്തിവെച്ച രോഗം' എന്ന മുദ്ര പതിക്കപ്പെടുന്നു. രോഗി തന്നെ ഇത് ആന്തരികവൽക്കരിക്കുകയും ചെയ്യുന്നു. താൻ കുടിക്കുന്നു എന്ന കാര്യം പറയാൻ മടിക്കുന്നു, ചികിത്സ തേടാൻ മടിക്കുന്നു, തനിക്ക് ചികിത്സ അർഹതപ്പെട്ടതല്ല എന്ന ചിന്തപോലും ഉള്ളിൽ കടന്നുകൂടുന്നു. ഇതുമൂലം രോഗികൾ വൈദ്യസഹായം തേടുന്നത് വൈകിപ്പിക്കുകയും രോഗനിർണയം വൈകുകയും ചെയ്യുന്നു.
മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോഗത്തെ സമൂഹം ഒരു വലിയ തെറ്റായി കാണുന്നതിനാൽ, അത്തരം രോഗികൾ നേരിടേണ്ടി വരുന്ന മാനസികവും സാമൂഹികവുമായ വെല്ലുവിളികൾ മറ്റുള്ളവരെക്കാൾ കൂടുതലാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കുടുംബത്തിലും സമൂഹത്തിലും ഇവർ നേരിടുന്ന അനുഭവങ്ങൾ രോഗത്തോടും ചികിത്സയോടും തന്നെ നിഷേധാത്മക മനോഭാവം വളർത്താൻ കാരണമാകുന്നു.
സാമ്പത്തിക ഭീതിയും സാമൂഹിക പിന്തുണയുടെ കുറവും
ശസ്ത്രക്രിയയുടെ ചിലവ് സംബന്ധിച്ച ഭയം മറ്റൊരു വലിയ തടസ്സമാണ്. എന്നാൽ, വൈകുന്നത് കൂടുതൽ ചിലവിലേക്ക് നയിക്കുമെന്ന സത്യം പലരും തിരിച്ചറിയുന്നില്ല. നേരത്തെയുള്ള ആസൂത്രിത ശസ്ത്രക്രിയയെക്കാൾ ഒരുപാട് മടങ്ങ് ചിലവ് അത്യാഹിത ഘട്ടത്തിലെ തീവ്രപരിചരണത്തിനും മറ്റ് ചികിത്സകൾക്കും വേണ്ടി വരും എന്നതാണ് യാഥാർത്ഥ്യം. സർജറി, ഐസിയു ചിലവ്, തുടർന്നുള്ള മരുന്നുകൾ - ഇതെല്ലാം ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ച് താങ്ങാൻ കഴിയാത്തത് ആയിരിക്കും.
ചികിത്സാ ചിലവ് ഓർക്കുമ്പോൾ തന്നെ പല കുടുംബങ്ങളും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ നിന്ന് പിന്മാറുന്നു. ശസ്ത്രക്രിയക്കുള്ള പണം എങ്ങനെ കണ്ടെത്തും എന്ന ആശങ്ക അവരെ തളർത്തുന്നു. ഇൻഷുറൻസ് പരിരക്ഷയെക്കുറിച്ചുള്ള അറിവില്ലായ്മയും ആശയക്കുഴപ്പവും ഈ പ്രതിസന്ധി രൂക്ഷമാക്കുന്നു. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുണ്ടോ, അത് ഇത്തരം ശസ്ത്രക്രിയകൾ ഉൾക്കൊള്ളുന്നുണ്ടോ എന്നൊന്നും പലർക്കും വ്യക്തമായ അറിവില്ല. ഈ അനിശ്ചിതത്വം, കൃത്യസമയത്ത് ചികിത്സ തേടുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നു ഇതുമൂലം രോഗിയുടെ ആരോഗ്യനില വഷളാവുകയും ചെയ്യുന്നു.
അടിയന്തര കരൾമാറ്റ ശസ്ത്രക്രിയയുടെ പരിമിതികൾ
ഇങ്ങനെ കാലതാമസം വരുത്തി, രോഗി അടിയന്തര ഘട്ടത്തിൽ എത്തുമ്പോൾ, അതായത് കരൾ പൂർണമായും തകരാറിലാകുകയോ (അക്യൂട്ട് ലിവർ ഫെയിലിയർ) അല്ലെങ്കിൽ വിട്ടുമാറാത്ത രോഗം അത്യന്തം രൂക്ഷമാവുകയോ (അക്യൂട്ട്-ഓൺ-ക്രോണിക് ലിവർ ഫെയിലിയർ) ചെയ്യുമ്പോൾ, അടിയന്തര കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് അവസാന പ്രതീക്ഷ. എന്നാൽ, ആസൂത്രിതമായ ശസ്ത്രക്രിയയെ അപേക്ഷിച്ച്, അടിയന്തര ഘട്ടത്തിലെ ശസ്ത്രക്രിയയുടെ വിജയസാധ്യത കുറവാണ്. കാരണം, രോഗിയുടെ ശാരീരികാവസ്ഥ അതിനകം വളരെ മോശമായിരിക്കും. വെന്റിലേറ്ററിന്റെയും മറ്റ് ജീവൻരക്ഷാ സംവിധാനങ്ങളുടെയും പിന്തുണ വേണ്ടിവരുന്ന അവസ്ഥയിലാകും പലരും.
പെട്ടെന്നൊരു സാഹചര്യത്തിൽ അനുയോജ്യമായ ദാതാവിനെ കണ്ടെത്തുക എന്നത് ഏറെ പ്രയാസകരമാണ്. രോഗി കൂടുതൽ ക്ഷീണിതനാകുന്നതോടെ ശസ്ത്രക്രിയ അതിജീവിക്കാനുള്ള ശേഷി കുറയുന്നു. പ്രായം, ശസ്ത്രക്രിയയ്ക്കുമുമ്പുള്ള ആരോഗ്യനില തുടങ്ങിയ ഘടകങ്ങൾ ഇതിനെ സ്വാധീനിക്കുന്നു . അതുകൊണ്ടുതന്നെ, രോഗം മൂർച്ഛിക്കുന്നതിനുമുമ്പ്, ആസൂത്രിതമായി ചികിത്സ തേടേണ്ടതാണ്.
കൃത്യസമയത്ത് തീരുമാനമെടുക്കാം
വൈകി ചികിത്സ തേടുന്നതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം മരണസാധ്യത വർദ്ധിക്കുക എന്നതാണ്. മദ്യപാനം കൊണ്ടുമാത്രമാണ് കരൾ നശിക്കുന്നത് എന്ന തെറ്റായ ധാരണയും, സാമ്പത്തിക ഭയവും കാരണം ചികിത്സ വൈകിപ്പിക്കുന്നത് രോഗിയുടെ ജീവൻ അപകടത്തിലാക്കുകയേ ഉള്ളൂ. അതിനാൽ അടിയന്തര ഘട്ടത്തിൽ മാത്രം ഡോക്ടറെ സമീപിക്കുന്ന രീതി മാറ്റി, രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ഒരു
ഡോക്ടറെ സമീപിക്കുകയും പരിശോധനകൾ നടത്തുകയും കൃത്യമായ വിദഗ്ധ ചികിത്സ തേടുകയും ചെയ്യുക. കരൾ മാറ്റിവെക്കൽ എന്നത് പുതിയൊരു ജീവിതത്തിന്റെ തുടക്കമാണ്. കരൾ രോഗം തിരിച്ചറിഞ്ഞാൽ ഡോക്ടർ നിർദ്ദേശിക്കുന്ന കൃത്യസമയത്ത് തന്നെ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നത് രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യത 90% വരെ വർദ്ധിപ്പിക്കുന്നു. ശാസ്ത്രീയ ചികിത്സയും കൃത്യസമയത്തുള്ള തീരുമാനവും അനേക ആളുകളെ ഇന്ന് സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സഹായിക്കുന്നുണ്ട്.
(തയാറാക്കിയത്- ഡോ. മനോജ് അയ്യപ്പൻ, സീനിയർ കൺസൾട്ടന്റ് & എച്ച്.ഒ.ഡി, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ, അങ്കമാലി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

