മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണത്തിൽ വർധന
text_fieldsപത്തനംതിട്ട: ജില്ലയിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണത്തിൽ വർധന. രണ്ടാഴ്ചക്കിടെ 25 പേർക്ക് രോഗം പിടിപെട്ടതായാണ് കണക്ക്. സ്കൂൾ കുട്ടികളിലും യുവാക്കളിലുമാണ് രോഗം കൂടുതലായി കണ്ടെത്തിയത്. ശീതളപാനീയങ്ങളിൽനിന്നും രോഗം പടരുന്നതായി അധികൃതർ പറയുന്നു.
ശീതള പാനീയ നിർമാണത്തിന് നിർബന്ധമായും ശുചീകരിച്ച വെള്ളം ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു. വീടുകൾക്കും സ്ഥാപനങ്ങൾക്കും സമീപത്തുള്ള കൈത്തോടുകളിൽ നിന്ന് മലിനജലം ജലസ്രോതസുകളിലേക്ക് എത്തുന്നതായും കണ്ടെത്തി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യ വകുപ്പ് ബോധവത്കരണം തുടങ്ങി.
വേണം ജാഗ്രത
മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അനിതകുമാരി. കുടിവെള്ളം നന്നായി തിളപ്പിച്ച് ഉപയോഗിക്കുക. തണുത്തതും തുറന്നുവച്ചതുമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കാതിരിക്കുക, ഭക്ഷണത്തിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിനു ശേഷവും കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക എന്നിവ നിർബന്ധമാക്കണം. ശുദ്ധജല സ്രോതസുകള്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം.
മലമൂത്ര വിസര്‍ജനം കക്കൂസുകളില്‍ മാത്രമാക്കുക. കുഞ്ഞുങ്ങളുടെ വിസര്‍ജ്യവും കക്കൂസുകളില്‍ നിക്ഷേപിക്കുക. പനി, ഓക്കാനം , ഛര്‍ദി, ശരീര വേദന , വയറുവേദന , മൂത്രത്തിനോ കണ്ണിനോ , ത്വക്കിനോ മഞ്ഞ നിറം എന്നിവയില്‍ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലോ ആരോഗ്യപ്രവര്‍ത്തകരെയോ അറിയിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മൂന്നാഴ്ചയെങ്കിലും മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കി വിശ്രമിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

