ബ്ലഡ് റിസൽട്ട് നോർമൽ, പക്ഷേ... ചില ലക്ഷണങ്ങൾ കണ്ടില്ലെന്ന് നടിക്കരുത്!
text_fieldsപ്രതീകാത്മക ചിത്രം
ശരീരത്തിന് എന്തെങ്കിലും അസ്വസ്ഥതകൾ തോന്നുമ്പോൾ നമ്മൾ ആദ്യം ചെയ്യുന്നത് രക്തപരിശോധനയാണ്. പരിശോധനാ ഫലം 'നോർമൽ' ആണെന്ന് കാണുമ്പോൾ വലിയൊരു ആശ്വാസം തോന്നും. എന്നാൽ, ലക്ഷണങ്ങൾ വിട്ടുമാറുന്നില്ലെങ്കിൽ ആ 'നോർമൽ' റിപ്പോർട്ട് കൊണ്ട് മാത്രം കാര്യമുണ്ടോ? ഇല്ലെന്നാണ് പ്രമുഖ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കരൺ രാജനും ഇന്ത്യൻ ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. രക്തപരിശോധനകൾ ഒരു നിശ്ചിത സമയത്തെ ശരീരത്തിന്റെ 'സ്നാപ്പ്ഷോട്ട്' മാത്രമാണെന്നും അവക്ക് പലപ്പോഴും ശരീരത്തിലെ ദീർഘകാല മാറ്റങ്ങൾ കണ്ടെത്താൻ കഴിയില്ലെന്നും ഡോ. കരൺ രാജൻ വ്യക്തമാക്കി.
ശരീരത്തിലെ ഘടകങ്ങൾ (ഹോർമോണുകൾ, എൻസൈമുകൾ, ഷുഗർ തുടങ്ങിയവ) പകൽ സമയത്തും രാത്രിയിലും ഒരുപോലെ ആയിരിക്കില്ല. പലപ്പോഴും ആഹാരം, ഉറക്കം, മാനസിക സമ്മർദം എന്നിവ പരിശോധനാ ഫലത്തെ സ്വാധീനിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഒരു തവണത്തെ പരിശോധന കൊണ്ട് മാത്രം ശരീരത്തിന്റെ പൂർണ്ണമായ അവസ്ഥ മനസ്സിലാക്കാൻ കഴിയില്ല.
ഒരു വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന HbA1c ഉദാഹരണമായി എടുത്താൽ നിലവിൽ അത് 40 യൂണിറ്റാണെന്ന് കരുതുക. ഇത് സാധാരണ നിലയാണ്. എന്നാൽ കഴിഞ്ഞ വർഷം ഇത് 35ഉം അതിനു മുമ്പത്തെ വർഷം 30ഉം ആയിരുന്നുവെങ്കിൽ, നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കാം. കേവലം ഒരു റിപ്പോർട്ടിലെ അക്കം നോക്കുന്നതിനേക്കാൾ, വർഷങ്ങളായുള്ള അതിന്റെ മാറ്റം നിരീക്ഷിക്കുന്നതാണ് പ്രധാനമെന്ന് ഡോക്ടർ പറയുന്നു.
പല രോഗങ്ങളും പ്രാഥമിക രക്തപരിശോധനകളിൽ കണ്ടെത്താൻ കഴിയില്ല. എൻഡോമെട്രിയോസിസ്, ഫൈബ്രോമയാൾജിയ, വിട്ടുമാറാത്ത വേദനകൾ, ആദ്യഘട്ടത്തിലുള്ള കാൻസറുകൾ, പോട്സ് (POTS - ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട അസുഖം) എന്നിവയൊക്കെ പ്രാഥമിക രക്തപരിശോധനകളിൽ കണ്ടെത്താൻ കഴിയില്ല. ഇത്തരം അവസ്ഥകൾ രോഗിയുടെ ലക്ഷണങ്ങൾ വിലയിരുത്തി ഡോക്ടർമാർ നേരിട്ട് തീരുമാനിക്കേണ്ടവയാണ്. ലാബ് റിപ്പോർട്ടുകൾക്ക് അപ്പുറം രോഗിയുടെ അവസ്ഥക്കാണ് ഇവിടെ മുൻഗണന നൽകേണ്ടത്.
എലൈറ്റ് കെയർ ക്ലിനിക്കിലെ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. പല്ലെറ്റി ശിവ കാർത്തിക് റെഡ്ഡിയുടെ അഭിപ്രായത്തിൽ, ലാബുകളിൽ നൽകുന്ന 'റെഫറൻസ് റേഞ്ച്' പൊതുവായ ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഓരോ വ്യക്തിയുടെയും ശാരീരിക പ്രകൃതത്തിന് അനുസരിച്ച് മാറാം. ഹോർമോൺ വ്യതിയാനങ്ങൾ, രോഗപ്രതിരോധ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ പലപ്പോഴും സാധാരണ പരിശോധനകളിൽ പെട്ടെന്ന് തെളിയാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

