Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightവ്യാജ ആരോഗ്യ...

വ്യാജ ആരോഗ്യ ഉൽപന്നങ്ങൾ പൊതുജനാരോഗ്യത്തിന് നിശ്ശബ്ദ ഭീഷണിയാകുമ്പോൾ

text_fields
bookmark_border
വ്യാജ ആരോഗ്യ ഉൽപന്നങ്ങൾ പൊതുജനാരോഗ്യത്തിന് നിശ്ശബ്ദ ഭീഷണിയാകുമ്പോൾ
cancel
വ്യാജ ആരോഗ്യ ഉൽപന്നങ്ങൾക്കെതിരെയുള്ള പോരാട്ടം അധികാരികളുടെ മാത്രം ഉത്തരവാദിത്തമല്ല. നിർമാതാക്കൾ, ഫാർമസിസ്റ്റുകൾ, ഉപഭോക്താക്കൾ എന്നിവയുടെ സംയുക്ത പങ്കാളിത്തം ഇതിന് ആവശ്യമാണ്

നമ്മുടെ ആരോഗ്യവും ജീവിതവും മെച്ചപ്പെടുത്താനുള്ളവയാണ് ഹെൽത്ത്കെയർ ഉൽപന്നങ്ങൾ. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, പോഷകാഹാര സപ്ലിമെന്റുകൾ, ചർമ്മസംരക്ഷണ ഉൽപന്നങ്ങൾ എന്നിവയെല്ലാം സുരക്ഷിതവും ഗുണനിലവാരമുള്ളതുമായിരിക്കണം എന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. എന്നാൽ, ആഗോളതലത്തിൽ വർധിച്ചുവരുന്ന വ്യാജ ആരോഗ്യ ഉൽപന്നങ്ങളുടെ വിപണി ഇന്ന് പൊതുജനാരോഗ്യത്തിന് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. യഥാർഥ ഉൽപന്നങ്ങളെ വെല്ലുന്ന പാക്കിങ്ങും പരിചിതമായ ബ്രാൻഡ് നാമങ്ങളും നൽകിയാണ് വ്യാജന്മാർ ഉപഭോക്താക്കളെ ചതിയിൽപ്പെടുത്തുന്നത്. ഇത് മെഡിക്കൽ രംഗത്ത് മാത്രം ഒതുങ്ങുന്നതല്ല. വ്യാജ ഉൽപന്നങ്ങളിൽ ഗുണനിലവാരമില്ലാത്ത ചേരുവകൾ, തെറ്റായ അളവുകൾ, മാരകമായ രാസവസ്തുക്കൾ എന്നിവ അടങ്ങിയിട്ടുണ്ടാകാം. പലതും കൃത്യമായ ഗുണനിലവാര മാനദണ്ഡങ്ങൾ (ജി.എം.പി) പാലിക്കാതെയാണ് നിർമ്മിക്കുന്നത്.

ഇ-കൊമേഴ്‌സ് രംഗത്തെ അതിവേഗ വളർച്ച ഇത്തരം വ്യാജ ഉൽപന്നങ്ങൾ വിപണിയിലെത്താൻ എളുപ്പവഴിയൊരുക്കുന്നു. സങ്കീർണമായ അന്താരാഷ്ട്ര സപ്ലൈ ചെയിനുകൾ, തേർഡ് പാർട്ടി ഫുൾഫിൽമെന്റ് സെന്ററുകൾ അല്ലെങ്കിൽ കയറ്റുമതി ഉൽപന്നങ്ങളിൽ കൃത്യമായ നിയന്ത്രണങ്ങളോ നിരീക്ഷണങ്ങളോ ഇല്ലാത്ത ഫ്രീ ട്രേഡ് സോണുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അനധികൃതമായി മരുന്നുകൾ വിൽക്കുന്ന പല ഓൺലൈൻ വ്യാപാരികളും പ്രവർത്തിക്കുന്നത്. പലപ്പോഴും ഇത്തരം ഉൽപന്നങ്ങൾ ഉപഭോക്താക്കളുടെ കൈകളിൽ എത്തുന്നതിന് മുൻപ് നിരവധി ഇടനിലക്കാരിലൂടെ കടന്നുപോകുന്നു. ഇതുകാരണം അവയുടെ യഥാർഥ ഉറവിടം വ്യക്തമായി മനസ്സിലാക്കാനോ, അവ കൃത്യമായ താപനിലയിലും സാഹചര്യങ്ങളിലുമാണോ സൂക്ഷിച്ചിരിക്കുന്നത് എന്ന് ഉറപ്പുവരുത്താനോ, അവയുടെ വിതരണം സംബന്ധിച്ച മറ്റു വിവരങ്ങൾ പരിശോധിക്കാനോ കഴിയാതെ വരുന്നു.

ഓൺലൈൻ ഷോപ്പിങ്ങിലെ വിലക്കുറവും വൻ ഡിസ്‌കൗണ്ടുകളും കണ്ട് ഇത്തരം ഉൽപന്നങ്ങൾ വാങ്ങുന്നത് വൻ അബദ്ധമായി മാറിയേക്കാം. ഒരു വ്യാജ ആന്റിബയോട്ടിക് രോഗം മാറ്റുന്നതിൽ പരാജയപ്പെടുക മാത്രമല്ല, ശരീരത്തിൽ മരുന്ന് പ്രതിരോധശേഷി രൂപപ്പെടുത്തുകയും ചെയ്യും. വ്യാജ ചർമ്മസംരക്ഷണ ഉൽപന്നങ്ങൾ കടുത്ത അലർജിക്കും സ്ഥിരമായ ചർമരോഗങ്ങൾക്കും കാരണമാകുമ്പോൾ, വ്യാജ മെഡിക്കൽ ഉപകരണങ്ങൾ അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തനരഹിതമായേക്കാം. ഗുരുതരമായ സാഹചര്യങ്ങളിൽ ഇവ മരണത്തിന് വരെ കാരണമാകും. വ്യാജ ഉൽപന്നങ്ങൾ വെറും ഒറ്റനോട്ടത്തിൽ തിരിച്ചറിയുക എളുപ്പമല്ലെങ്കിലും ചില കാര്യങ്ങളിൽ ഉപഭോക്താക്കൾ ജാഗ്രത പുലർത്തണം. വൻ വിലക്കുറവ്, കേടുപാടുകൾ സംഭവിച്ച പാക്കിങ്, ലേബലിലെ അക്ഷരത്തെറ്റുകൾ, ബാച്ച് നമ്പർ ഇല്ലാതിരിക്കുക, കാലാവധി തീയതി തിരുത്തുക, അമിതമായ ആരോഗ്യ അവകാശവാദങ്ങൾ ഉന്നയിക്കുക എന്നിവയെല്ലാം വ്യാജന്റെ ലക്ഷണങ്ങളാണ്.

എന്തെങ്കിലും സംശയമുണ്ടായാൽ മരുന്ന് ഉപയോഗിക്കുന്നതിന് മുൻപ് ഒരു ഫാർമസിസ്റ്റിന്റെ സഹായം തേടണം. മരുന്നുകളും മറ്റ് ആരോഗ്യ ഉൽപന്നങ്ങളും എപ്പോഴും അംഗീകൃത ഫാർമസികളിൽ നിന്നോ അവരുടെ ഔദ്യോഗിക ഓൺലൈൻ സൈറ്റുകളിൽ നിന്നോ മാത്രം വാങ്ങുക. അനധികൃത വെബ്‌സൈറ്റുകളിൽ നിന്നോ സോഷ്യൽ മീഡിയ വഴിയോ ഇവ വാങ്ങരുത്. ഒമാൻ ആരോഗ്യ മന്ത്രാലയം ഈ വിഷയത്തിൽ കടുത്ത ജാഗ്രതയും ശക്തമായ നിയമസംവിധാനവുമാണ് ഒരുക്കിയിട്ടുള്ളത്.

ഒമാനിലെ ലൈസൻസുള്ള ഫാർമസികൾ വഴി വിതരണം ചെയ്യുന്ന എല്ലാ മരുന്നുകളും ഉൽപന്നങ്ങളും അംഗീകൃത നിർമാതാക്കളിൽ നിന്നും വിതരണക്കാരിൽനിന്നുമാണെത്തുന്നതെന്ന് ഉറപ്പാക്കാൻ മന്ത്രാലയം ജാഗ്രത പുലർത്തുന്നുണ്ട്. ഇറക്കുമതി, സംഭരണം, ഗതാഗതം, വിതരണം തുടങ്ങി എല്ലാ ഘട്ടങ്ങളിലും കർശനമായ പരിശോധനയും ഉൽപന്നത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ട്രാക്കിങ് സംവിധാനവും ഒമാനിൽ നിലവിലുണ്ട്.

എന്നാൽ അനധികൃത ഓൺലൈൻ സൈറ്റുകളിൽ നിന്ന് വാങ്ങുന്ന ഉൽപന്നങ്ങൾക്ക് ഈ സുരക്ഷ ഉറപ്പുനൽകാൻ കഴിയില്ല. വ്യാജ ആരോഗ്യ ഉൽപന്നങ്ങൾക്കെതിരെയുള്ള പോരാട്ടം അധികാരികളുടെ മാത്രം ഉത്തരവാദിത്തമല്ല. നിർമാതാക്കൾ, ഫാർമസിസ്റ്റുകൾ, ഉപഭോക്താക്കൾ എന്നിവയുടെ സംയുക്ത പങ്കാളിത്തം ഇതിന് ആവശ്യമാണ്. ആരോഗ്യത്തിന്റെ കാര്യത്തിൽ ഒരിക്കലും യഥാർഥ ഉൽപന്നങ്ങൾക്ക് പകരം വ്യാജനെ തെരഞ്ഞെടുത്ത് വിട്ടുവീഴ്ച ചെയ്യരുത്. യഥാർഥ ആരോഗ്യ ഉൽപന്നങ്ങൾ ജീവൻ രക്ഷിക്കുമ്പോൾ, വ്യാജൻ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം.

(അവിസെൻ എം.ഡി, അ​വൻസോ ഫാർമ സ്ഥാപകനാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:General Healththreatgulfmadhyamamfake medicineOman
News Summary - When fake health products become a silent threat to public health...
Next Story