പനി, വീക്കം, കവിളുകളില്‍ ചുവപ്പ് നിറം... അറിഞ്ഞിരിക്കണം ‘സ്കാർലെറ്റ് പനി’യെ കുറിച്ച്
text_fieldsസ്കാർലെറ്റ് പനി ഒരു ബാക്ടീരിയൽ അണുബാധയാണ്. ഇത് സാധാരണയായി തൊണ്ടയിലെ 'സ്ട്രെപ്റ്റോകോക്കസ്' ബാക്ടീരിയൽ അണുബാധയുടെ ഭാഗമായി ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. ഈ ബാക്ടീരിയ ഉണ്ടാക്കുന്ന വിഷാംശം ചർമത്തിൽ ചുവന്ന പാടുകൾ ഉണ്ടാക്കുന്നു. പ്രധാനമായും 5 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് ഇത് ബാധിക്കാറുള്ളത്. ചർമത്തില്‍ നിറവ്യത്യാസം, പാടുകള്‍, കഴുത്തിലെ ഗ്രന്ഥികളില്‍ വീക്കം, പനി എന്നിവയാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. പനി തീവ്രതയുള്ളതായിരിക്കും. ഇതിന് പുറമെ തലവേദന, തൊണ്ടവദന, കവിളുകളില്‍ ചുവപ്പ് നിറം, വീക്കം എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ലക്ഷണമായി വരാറുണ്ട്. രോഗത്തിന്റെ ആദ്യ ഘട്ടങ്ങളിൽ നാവിന് മുകളിൽ വെളുത്ത ആവരണം കാണപ്പെടാം. ഈ ആവരണം പിന്നീട് നീങ്ങുകയും, നാക്ക് ചുവന്നതും തടിച്ച് ഉരുണ്ടതുമായ രൂപത്തിലാവുകയും ചെയ്യും.
ആദ്യ കാലത്ത് കുട്ടികളിൽ കണ്ടിരുന്ന ഒരു മാരക രോഗമായിരുന്നു സ്കാർലെറ്റ് പനി. കൃത്യ സമയത്ത് ചികിത്സ ലഭിച്ചാൽ രോഗം പൂർണ്ണമായും ഭേദമാവുകയും ഗുരുതരമായ സങ്കീർണതകൾ ഒഴിവാക്കാനും സാധിക്കും. ഇൻഫെക്ഷൻ ബാധിച്ച് ഒന്നോ രണ്ടോ ദിവസത്തിനകം തന്നെ ചർമത്തില്‍ നിറവ്യത്യാസമോ പാടുകളോ കാണാൻ തുടങ്ങും. പെട്ടെന്ന് തന്നെ മറ്റുള്ളവരിലേക്ക് പകരുന്ന രോഗമായതിനാല്‍ തന്നെ ഇത് ഏറെ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നൽകുന്നു. തുമ്മുന്നതിലൂടെയോ, ചുമക്കുന്നതിലൂടെയോ, അടുത്തിടപഴകുന്നതിലൂടെയോ, രോഗി ഉപയോഗിച്ച ടവല്‍, ബെഡ്ഷീറ്റ്, പാത്രങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിലൂടെയോ എല്ലാം രോഗം പകരാം.
പല രാജ്യങ്ങളിലും ഇപ്പോഴും രോഗവ്യാപനങ്ങൾ ഉണ്ടാകാറുണ്ട്. 2022ൽ യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ സ്കാർലെറ്റ് പനിയുടെ കേസുകളിൽ വർധനവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിലും ചില പ്രദേശങ്ങളിൽ കുട്ടികൾക്കിടയിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഹൈദരാബാദിലും ഗുജറാത്തിലും കുട്ടികൾക്കിടയിൽ കേസുകൾ വർധിച്ചതായി അടുത്തിടെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. അണുബാധ മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ചാൽ ചെവിയിലെ അണുബാധ, സൈനസൈറ്റിസ്, ടോൺസിലുകൾക്ക് ചുറ്റുമുള്ള പഴുപ്പ്, ന്യുമോണിയ, രക്തത്തിലെ അണുബാധ എന്നിവക്ക് കാരണമാകും. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ സ്കാർലെറ്റ് പനി ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
പ്രതിരോധ മാർഗങ്ങൾ
അണുബാധ തടയാൻ വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡെങ്കിലും കൈകൾ നന്നായി കഴുകണം. രോഗം ബാധിച്ചവരുമായി ഭക്ഷണം, പാനീയങ്ങൾ, പാത്രങ്ങൾ, ടവ്വലുകൾ, ബെഡ് ഷീറ്റുകൾ എന്നിവ പങ്കുവെക്കുന്നത് ഒഴിവാക്കുക. ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ വായയും മൂക്കും ടിഷ്യൂ ഉപയോഗിച്ച് മൂടുക. പനി ഭേദമാവുകയും, ആന്‍റിബയോട്ടിക് ചികിത്സ തുടങ്ങി 24 മണിക്കൂർ കഴിയുകയും ചെയ്യുന്നതുവരെ കുട്ടികളെ സ്കൂളിലോ ഡേ കെയറിലോ അയക്കാതിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

