വ്യായാമമില്ല, ഭക്ഷണ നിയന്ത്രണമില്ല; രോഗങ്ങൾ ‘ഇരുന്ന്’ വാങ്ങല്ലേ
text_fieldsരാവിലെ മുതൽ വൈകിട്ട് വരെ ഓഫീസിൽ ഇരുന്ന് ജോലിചെയ്യുന്നവർ, വാഹനം ഓടിക്കുന്നവർ, വീട്ടിലെത്തുമ്പോൾ ഫോണിൽ നോക്കിയിരിക്കുന്നവർ.. ഇങ്ങനെ കൂടുതൽ സമയം ഇരുന്ന് ജോലികൾ ചെയ്യുന്നവർ ചിലത് ശ്രദ്ധിക്കാനുണ്ട്. വ്യായാമമില്ല, ഭക്ഷണ നിയന്ത്രണമില്ല ഒരേ ഇരിപ്പ് തന്നെ. ഇരിപ്പ് സുഖകരമായി തോന്നാമെങ്കിലും ഒരു ദിവസത്തിന്‍റെ വലിയൊരു സമയവും ഇതിനായി മാറ്റിവെക്കുമ്പോൾ സുഖത്തേക്കാൾ ഉപരി അസുഖങ്ങൾ വരുന്നു. നിന്ന് ജോലി ചെയ്യുന്നവരെ അപേക്ഷിച്ച് ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കാണ് കൂടുതല്‍ പ്രശ്നങ്ങള്‍ എന്നാണ് പഠനം പറയുന്നത്. രക്ത ചംക്രമണ വ്യവസ്ഥയെയും നട്ടെല്ലിന്റെ ശേഷിയെയും വരെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഇതുണ്ടാക്കുന്നത്.
സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുകയും ആവശ്യാനുസരണം വ്യായാമം ഇല്ലാതിരിക്കുകയും ചെയ്യുന്നത് ശാരീരികമായ ബുദ്ധിമുട്ടുകൾക്ക് ഇടവരുത്തും. അതിൽ പ്രധാനമാണ് നടുവേദന. ഇത് കൂടാതെ മലബന്ധത്തിന്റെ പ്രശ്നങ്ങളും പലരെയും അലട്ടാറുണ്ട്. ശരിയായ രീതിയിലല്ല ഇരിക്കുന്നതെങ്കിൽ നടുവിനും കഴുത്തിനും അമിത സമ്മർദമുണ്ടാകും. ഇത് പേശികൾക്ക് ബലക്കുറവുണ്ടാക്കുകയും കഴുത്തുവേദന, പുറം വേദന, നടുവേദന എന്നിവക്ക് കാരണമാവുകയും ചെയ്യും. ഇരിക്കുന്നവരിൽ ഓരോ അധിക മണിക്കൂറിനും ചീത്ത കൊളസ്ട്രോൾ (LDL) കൂടുന്നതായും നല്ല കൊളസ്ട്രോൾ (HDL) കുറയുന്നതായും പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ സമയം ഇരിക്കുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്നു. ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുകയും അമിതവണ്ണത്തിലേക്കും, ക്രമേണ ഹൃദയസംബന്ധമായ അസുഖങ്ങളിലേക്കും നയിക്കുകയും ചെയ്യും. ദീർഘനേരം ഇരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാൻ സാധ്യതയുണ്ട്. ഇത് ഇൻസുലിൻ പ്രതിരോധത്തിനും അതുവഴി ടൈപ്പ് 2 പ്രമേഹത്തിനും കാരണമാവാം.
ഏറെ നേരം ഇരുന്നുള്ള ജോലി മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടതാണ്. എന്നാല്‍ അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ പ്രകാരം ഓര്‍മക്കുറവിന്റെ അപകടങ്ങള്‍ ഇങ്ങനെയുള്ള ജോലി ചെയ്യുന്നവരില്‍ ഏറുന്നതായി കണ്ടു വരുന്നുണ്ട്. കൂടാതെ വിഷാദരോഗത്തിനുള്ള സാധ്യതയുമുണ്ട്. അതുപോലെ പ്രമേഹസാധ്യതയും കൂടുതലാണ്. ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിയാനുള്ള സാധ്യതയും വർധിപ്പിക്കുന്നു. കൂടുതൽ സമയം ഒരേ സ്ഥലത്ത് അടച്ചിരുന്ന് ജോലി ചെയ്യുന്നത് മാനസിക സമ്മർദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാവാം.
കൂടുതൽ ഇരിക്കുന്നത് കാലുകളിലെ രക്തയോട്ടം കുറയുന്നതിനും കാലുകളിൽ നീർക്കെട്ട് ഉണ്ടാകാനും വെരിക്കോസ് വെയിൻസ് പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകും. കമ്പ്യൂട്ടറിലും മറ്റ് സ്ക്രീനുകളിലും തുടർച്ചയായി നോക്കുന്നത് കണ്ണുകൾക്ക് ആയാസം ഉണ്ടാക്കും. ഇത് കണ്ണുവേദന, കാഴ്ച മങ്ങൽ, തലവേദന തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഇതിനെ കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം (Computer Vision Syndrome) എന്നും വിളിക്കാറുണ്ട്. കൂടുതൽ സമയം തുടർച്ചയായി ഇരുന്നു ജോലി ചെയ്യുന്നവരിൽ കണ്ടുവരുന്ന പ്രശ്നമാണ് മസ്കുലോ സ്കെലിട്ടൻ പെയിൻ സിൻഡ്രം. കൈകളിലും കാലുകളിലും വേദന, കഴുത്തുവേദന, നടുവേദന തുടങ്ങിയവയാണ് ഇതിന്റെ പ്രശ്നങ്ങൾ.
ഒരു മണിക്കൂർ തുടർച്ചയായി ഇരുന്നാൽ 10 മിനിറ്റ് എഴുന്നേറ്റ് നിൽക്കുകയോ നടക്കുകയോ ചെയ്യുക. നേരെ ഇരിക്കാൻ ശ്രമിക്കുക. കമ്പ്യൂട്ടർ സ്ക്രീനുകൾ എപ്പോഴും കണ്ണിന്റെ നിരപ്പിനനുസരിച്ച് ആയിരിക്കണം. കഴുത്തും കൈകളും കാലുകളും ഇടക്കിടെ സ്ട്രെച്ച് ചെയ്യുന്നത് പേശികൾക്ക് അയവ് നൽകാനും വേദന കുറക്കാനും സഹായിക്കും. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുന്നത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ ഇരുന്ന് ജോലി ചെയ്യുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ ഒരു പരിധി വരെ തടയാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

