വൃക്ക മാറ്റിവെച്ചാലും മരുന്ന് കഴിക്കുന്നത് തുടരണോ?
text_fieldsവൃക്ക മാറ്റിവെച്ച ഒരാൾ ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കുന്നത് തുടരേണ്ടതുണ്ട്. നമ്മുടെ ശരീരത്തിന് പുറത്തുനിന്ന് വരുന്ന എന്തിനെയും പ്രതിരോധിക്കാനുള്ള ഒരു സ്വാഭാവിക ശേഷിയുണ്ട്. മാറ്റിവെച്ച വൃക്ക മറ്റൊരു വ്യക്തിയുടേതായതുകൊണ്ട്, ശരീരം അതിനെ ഒരു അന്യവസ്തുവായി കണ്ട് നശിപ്പിക്കാൻ ശ്രമിക്കും. ഇതിനെയാണ് അവയവം തള്ളിക്കളയൽ (Organ Rejection) എന്ന് വിളിക്കുന്നത്. ഇത് തടയാൻ വേണ്ടിയാണ് ഇമ്മ്യൂണോസപ്രസന്റ് മരുന്നുകൾ നൽകുന്നത്. ഈ മരുന്നുകൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ അല്പം മന്ദീഭവിപ്പിക്കുകയും പുതിയ വൃക്കയെ സ്വീകരിക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.
എന്താണ് ടി ലിംഫോസൈറ്റുകൾ?
നമ്മുടെ രക്തത്തിലെ വെളുത്ത രക്താണുക്കളിൽ ഒരു വിഭാഗമാണ് ലിംഫോസൈറ്റുകൾ. ഇതിൽ 'ടി' (T) എന്ന അക്ഷരം സൂചിപ്പിക്കുന്നത് ഇവ പൂർണ്ണവളർച്ചയെത്തുന്നത് നെഞ്ചിന് പിന്നിലുള്ള തൈമസ് ഗ്രന്ഥിയിൽ വെച്ചാണ് എന്നതിനാലാണ്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ വിജയം നിർണ്ണയിക്കുന്നതിൽ ടി ലിംഫോസൈറ്റുകൾ (T-lymphocytes) വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ലളിതമായി പറഞ്ഞാൽ, മാറ്റിവെച്ച വൃക്കയെ നിങ്ങളുടെ ശരീരം സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഈ കോശങ്ങളാണ്. നമ്മുടെ പ്രതിരോധ സംവിധാനത്തിലെ 'കാവൽക്കാരാണ്' ടി ലിംഫോസൈറ്റുകൾ. ശരീരത്തിൽ പ്രവേശിക്കുന്ന വൈറസ്, ബാക്ടീരിയ എന്നിവയെ ഇവ നശിപ്പിക്കും.
മരുന്ന് മുടങ്ങിയാൽ എന്ത് സംഭവിക്കും?
മരുന്ന് ഒന്നോ രണ്ടോ ദിവസം മുടങ്ങിയാൽ പോലും ശരീരത്തിലെ പ്രതിരോധ കോശങ്ങൾ പുതിയ വൃക്കയെ ആക്രമിക്കാൻ തുടങ്ങും. ഇത് വൃക്കയുടെ പ്രവർത്തനത്തെ പെട്ടെന്ന് ബാധിക്കും. വൃക്കയുടെ പ്രവർത്തനം നിലക്കും. ചിലപ്പോൾ പുറമെ ലക്ഷണങ്ങൾ കാണിക്കില്ലെങ്കിലും ഉള്ളിൽ വൃക്ക നശിച്ചുകൊണ്ടിരിക്കും.ഒരിക്കൽ ശരീരം വൃക്കയെ തള്ളിക്കളയാൻ തുടങ്ങിയാൽ പിന്നീട് മരുന്നുകൾ കൊണ്ട് അത് പഴയ അവസ്ഥയിലാക്കാൻ പ്രയാസമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഡോക്ടർ നിർദേശിച്ച സമയത്ത് തന്നെ മരുന്ന് കഴിക്കണം. 12 മണിക്കൂർ ഇടവിട്ടാണ് സാധാരണയായി ഈ മരുന്നുകൾ കഴിക്കേണ്ടത്. പനി, ജലദോഷം തുടങ്ങിയ ചെറിയ അസുഖങ്ങൾ വന്നാൽ പോലും ട്രാൻസ്പ്ലാന്റ് ചെയ്ത ഡോക്ടറുടെ നിർദേശമില്ലാതെ മറ്റ് മരുന്നുകൾ കഴിക്കരുത്. മരുന്നിന്റെ അളവ് ശരീരത്തിൽ കൃത്യമാണോ എന്ന് അറിയാൻ കൃത്യമായ ഇടവേളകളിൽ രക്തപരിശോധന ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

