മലിനീകരണവും എ.സി ഉപയോഗവും വില്ലൻ; ഇന്ത്യയിൽ ആസ്ത്മ രോഗികൾ കുതിച്ചുയരുന്നു, ജാഗ്രത വേണമെന്ന് നിർദേശം
text_fieldsഹൈദരാബാദ്: ഇന്ത്യയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രത്യേകിച്ച് ആസ്ത്മ രോഗികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനവുണ്ടാകുന്നതായി ആരോഗ്യവിദഗ്ധർ. ആഗോളതലത്തിൽ ആസ്ത്മ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിലും മരണനിരക്കിലും ഇന്ത്യ മുന്നിലാണെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. 'ആസ്ത്മ ചികിത്സ എല്ലാവരിലേക്കും' (Asthma Care for All) എന്ന പ്രമേയവുമായി മേയ് 5ന് ലോക ആസ്ത്മ ദിനം ആചരിക്കുമ്പോഴാണ് രാജ്യത്തെ ഈ ഗുരുതര സാഹചര്യം ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്.
ലോകത്തെ ആകെ ആസ്ത്മ രോഗികളിൽ ഏകദേശം 13 ശതമാനവും ഇന്ത്യയിലാണ്. കൃത്യമായ അവബോധമില്ലായ്മ, രോഗനിർണ്ണയത്തിലെ താമസം, മരുന്നുകളോടുള്ള വിമുഖത എന്നിവയാണ് ഇന്ത്യയിലെ മരണനിരക്ക് ഉയർത്തുന്നത്. ലോകമെമ്പാടും ഏകദേശം 26 കോടി ആളുകൾ ആസ്ത്മയുമായി ജീവിക്കുമ്പോൾ, പ്രതിവർഷം 4.5 ലക്ഷത്തോളം പേർ ഈ രോഗം മൂലം മരണപ്പെടുന്നുണ്ട്. ഇതിൽ വലിയൊരു ശതമാനം ഇന്ത്യയിലാണെന്നത് സ്ഥിതിവിശേഷത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
ആധുനിക ജീവിതശൈലിയും വർധിച്ചുവരുന്ന മലിനീകരണവുമാണ് ആസ്ത്മ കേസുകൾ വർധിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നഗരങ്ങളിലെ വാഹനങ്ങളിൽ നിന്നുള്ള പുക, കെട്ടിട നിർമാണ മേഖലയിലെ അമിതമായ പൊടിപടലങ്ങൾ എന്നിവ ശ്വാസകോശത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയെ തകർക്കുന്നു.
പുറത്തെ മലിനീകരണത്തേക്കാൾ അപകടകരമാണ് അടച്ചിട്ട മുറികൾക്കുള്ളിലെ വായുമലിനീകരണം. വായുസഞ്ചാരമില്ലാത്ത മുറികൾ, എ.സികളുടെ അമിത ഉപയോഗം, മുറികളിലെ പൂപ്പൽ, വളർത്തുമൃഗങ്ങളുടെ രോമങ്ങൾ എന്നിവ രോഗം മൂർച്ഛിക്കാൻ കാരണമാകുന്നു. കുട്ടികളിൽ ആസ്ത്മ ലക്ഷണങ്ങൾ വൻതോതിൽ കൂടുന്നുണ്ട്. ചിലയിടങ്ങളിൽ 20 ശതമാനം കുട്ടികളിലും രോഗലക്ഷണങ്ങൾ പ്രകടമാണ്. ജങ്ക് ഫുഡുകളുടെ ഉപയോഗവും ശാരീരിക അധ്വാനമില്ലായ്മയും കുട്ടികളിലെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നതായി ഡോക്ടർമാർ നിരീക്ഷിക്കുന്നു.
ആസ്ത്മ ചികിത്സയിലെ ഏറ്റവും ഫലപ്രദമായ മാർഗമായ ഇൻഹേലറുകളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ ചികിത്സയെ ദോഷകരമായി ബാധിക്കുന്നുണ്ട്. "ഇൻഹേലറുകൾ ശീലമായാൽ നിർത്താൻ കഴിയില്ല" എന്ന ഭയമാണ് പലരെയും ചികിത്സയിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. എന്നാൽ, ഗുളികകളെ അപേക്ഷിച്ച് നേരിട്ട് ശ്വാസകോശത്തിലേക്ക് എത്തുന്നതിനാൽ ഇൻഹേലറുകൾ കുറഞ്ഞ അളവിൽ മരുന്ന് ഉപയോഗിച്ച് മികച്ച ഫലം നൽകുമെന്ന് ഹൈദരാബാദ് ഗവൺമെന്റ് ചെസ്റ്റ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. എം. ശ്രാവൺ കുമാർ പറയുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ ഇൻഹേലറുകൾ വാങ്ങാനുള്ള ബുദ്ധിമുട്ട് മരണനിരക്ക് വർധിപ്പിക്കുന്നുണ്ട്. ഇത് പരിഹരിക്കാനായി സർക്കാർ ആശുപത്രികൾ വഴി സൗജന്യമായി ഇൻഹേലറുകൾ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൃത്യമായ സമയത്ത് രോഗം തിരിച്ചറിയുകയും ചികിത്സ ആരംഭിക്കുകയും ചെയ്താൽ ആസ്ത്മ രോഗികൾക്കും സാധാരണ ജീവിതം നയിക്കാൻ സാധിക്കും. പുകവലി ഒഴിവാക്കുക, മലിനമായ സാഹചര്യങ്ങളിൽ മാസ്ക് ധരിക്കുക, വീടിനുള്ളിൽ കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കുക, ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായി മരുന്നുകൾ ഉപയോഗിക്കുക എന്നിവയിലൂടെ ആസ്ത്മയെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

