എല്ലാ സ്തനാർബുദങ്ങളുടെയും ലക്ഷണം മുഴകളല്ല
text_fieldsസ്തനാർബുദം എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം വരുന്നത് സ്തനങ്ങളിൽ കാണുന്ന മുഴകളാണ്. എന്നാൽ എല്ലാ സ്തനാർബുദങ്ങളും മുഴകളായി പ്രത്യക്ഷപ്പെടണമെന്നില്ല. എന്നാൽ മുഴകൾ ഇല്ലാതെ തന്നെ സ്തനാർബുദം വരാനുള്ള സാധ്യതകളുണ്ട്. സ്തനാർബുദം എന്നാൽ സ്തനത്തിൽ കട്ടിയുള്ള മുഴ വരിക എന്നത് മാത്രമാണെന്നത് വലിയൊരു തെറ്റിദ്ധാരണയാണ്. പലപ്പോഴും ഇൻഫ്ലമേറ്ററി ബ്രെസ്റ്റ് കാൻസർ പോലുള്ള ചില പ്രത്യേക തരം കാൻസറുകളിൽ മുഴകൾ പുറമേക്ക് കാണാനോ അനുഭവപ്പെടാനോ സാധ്യത കുറവാണ്. ഏകദേശം 10 ശതമാനം മുതൽ 15 ശതമാനം വരെ സ്തനാർബുദ കേസുകളിൽ പ്രകടമായ മുഴകൾ ഉണ്ടാകാറില്ല. ഇത്തരം കാൻസറുകൾ തിരിച്ചറിയാൻ വൈകുന്നത് പലപ്പോഴും രോഗാവസ്ഥ സങ്കീർണമാകാൻ കാരണമാകുന്നു.
പ്രധാന ലക്ഷണങ്ങൾ
ചർമത്തിലെ മാറ്റങ്ങൾ: സ്തനത്തിലെ ചർമം ഓറഞ്ച് തൊലി പോലെ പരുക്കനാകുകയോ ചെറിയ കുഴികൾ പ്രത്യക്ഷപ്പെടുകയോ ചെയ്യുക
നിറവ്യത്യാസം: സ്തനത്തിൽ പെട്ടെന്നുണ്ടാകുന്ന ചുവപ്പ് നിറം അല്ലെങ്കിൽ പിങ്ക് നിറം. ഇത് പലപ്പോഴും അണുബാധയാണെന്ന് കരുതി തെറ്റിദ്ധരിക്കപ്പെടാറുണ്ട്
വീക്കവും ഭാരവും: ഒരു സ്തനത്തിന് മാത്രം പെട്ടെന്ന് വീക്കം വരികയോ, മുമ്പത്തേക്കാൾ വലിപ്പക്കൂടുതൽ തോന്നുകയോ ചെയ്യുക. സ്തനത്തിന് അസാധാരണമായ ഭാരം അനുഭവപ്പെടാം
മുലക്കണ്ണിലെ മാറ്റങ്ങൾ: മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞു പോകുക, മുലക്കണ്ണിൽ നിന്ന് രക്തം കലർന്നതോ അല്ലാത്തതോ ആയ ദ്രാവകങ്ങൾ വരിക
ചൊറിച്ചിലും തടിപ്പും: മുലക്കണ്ണിന് ചുറ്റും മാറാത്ത ചൊറിച്ചിലോ, തൊലി ഇളകിപ്പോകുന്നതോ ആയ അവസ്ഥ
കക്ഷത്തിലെ വീക്കം: സ്തനത്തിൽ മുഴകൾ കാണുന്നതിന് മുമ്പേ കക്ഷങ്ങളിൽ ചെറിയ വീക്കമോ മുഴകളോ പ്രത്യക്ഷപ്പെടാം
താപനിലയിലെ മാറ്റം: സ്തനത്തിന് അസാധാരണമായ ചൂട് അനുഭവപ്പെടുക
സ്തനാർബുദം എല്ലായ്പ്പോഴും മുഴയായിട്ടല്ല പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യയിലെ സ്ത്രീകളിൽ പലപ്പോഴും വൈകിയ ഘട്ടത്തിൽ മാത്രം രോഗം തിരിച്ചറിയപ്പെടുന്നതിന്റെ പ്രധാന കാരണം മുഴകളല്ലാത്ത ലക്ഷണങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതാണ്. പലപ്പോഴും സ്തനത്തിലെ വേദനയില്ലാത്ത മുഴകളെക്കുറിച്ചാണ് ബോധവൽക്കരണ ക്ലാസുകൾ നടക്കാറുള്ളത്. പ്രായം കൂടുന്നതിനനുസരിച്ച് സ‌്തനാർബുദ സാധ്യത കൂടുതലാണ്. 50 വയസ്സിന് ശേഷമാണ് മിക്ക സ്തനാർബുദങ്ങളും കണ്ടുപിടിക്കപ്പെടുന്നത്. ഒരിക്കൽ ബാധിച്ച സ്ത്രീകൾക്ക് രണ്ടാമതും സ‌്തനാർബുദം വരാൻ സാധ്യത കൂടുതലാണ്. പലപ്പോഴും പുറമെ ലക്ഷണങ്ങളോ കൈകൊണ്ട് തൊടുമ്പോൾ മുഴകളോ അനുഭവപ്പെടില്ല. മാമോഗ്രാം പോലുള്ള പരിശോധനകളിലൂടെ കൈകൾ കൊണ്ട് തൊട്ടറിയാൻ കഴിയാത്ത മാറ്റങ്ങൾ പോലും തിരിച്ചറിയാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

