കാര്യം അത്ര നിസാരമല്ല; ഡൗൺ സിൻഡ്രോം ബാധിതരിൽ വൃക്ക രോഗങ്ങൾക്കുള്ള സാധ്യത കൂടുതൽ!
text_fieldsഡൗൺ സിൻഡ്രോം ഉള്ളവരിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങളും പഠനവൈകല്യങ്ങളും പലപ്പോഴും കൂടുതൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ഇതിന് കാരണമായി ജനിതക ഘടകങ്ങളെയോ ചുറ്റുപാടുകളെയോ പലപ്പോഴും പലരും കുറ്റപ്പെടുത്താറുണ്ട്. എന്നാൽ, ദൈനംദിന ആരോഗ്യത്തിൽ വൃക്കകൾക്ക് വളരെ നിർണായകമായ പങ്കുണ്ട് എന്നത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. എന്നാൽ പുതിയ പഠനം അനുസരിച്ച് ഡൗൺ സിൻഡ്രോം ഉള്ളവർ സാധാരണക്കാരെ അപേക്ഷിച്ച് വൃക്ക സംബന്ധമായ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നു. വൃക്കകളുടെ പ്രവർത്തനം നമ്മുടെ ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും രക്തസമ്മർദം നിയന്ത്രിക്കാനും അത്യന്താപേക്ഷിതമാണ്.
ഡൗൺ സിൻഡ്രോം ഉള്ളവരിൽ വൃക്ക സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണെന്ന് ആർഹസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഫ്രെജ ലിയോനോർ ഉഹ്ദ് വെൽഡിങ്ങും സംഘവും നടത്തിയ പഠനം വ്യക്തമാക്കുന്നു. 1961നും 2021നും ഇടയിൽ ജനിച്ച 2,815 ഡൗൺ സിൻഡ്രോം ബാധിതരെയും, അവരുമായി താരതമ്യം ചെയ്യാനായി അത്രയും പ്രായവും ലിംഗവുമുള്ള 28,150 പേരെയും ഉൾപ്പെടുത്തിയാണ് ഈ പഠനം നടത്തിയത്. 1990കൾ മുതൽ 2024 വരെയുള്ള ഇവരുടെ രക്തത്തിലെ ക്രിയാറ്റിനിൻ അളവ് പരിശോധിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.
20 വയസ്സിൽ ഡൗൺ സിൻഡ്രോം ഉള്ളവരിൽ 100ൽ 29 പേർക്കും അക്യൂട്ട് കിഡ്നി ഇൻജുറി ബാധിച്ചിരുന്നു. അതേസമയം, ഡൗൺ സിൻഡ്രോം ഇല്ലാത്തവരിൽ ഇത് വെറും 1 അല്ലെങ്കിൽ 2 പേർക്ക് മാത്രമായിരുന്നു. 40 വയസ്സിൽ ഡൗൺ സിൻഡ്രോം ഉള്ളവരിൽ 33 ശതമാനമായും മറ്റുള്ളവരിൽ 5 ശതമാനമായും ഉയരുന്നു. 70 വയസ്സിൽ ഡൗൺ സിൻഡ്രോം ഉള്ളവരിൽ പകുതി പേർക്കും അക്യൂട്ട് കിഡ്നി ഇൻജുറി ഉണ്ടായിട്ടുണ്ട്. എന്നാൽ മറ്റുള്ളവരിൽ ഇത് 25 ശതമാനത്തിൽ താഴെ മാത്രമാണ്.
അതുപോലെ, ദീർഘകാല വൃക്ക രോഗമായ CKDയുടെ കാര്യത്തിലും ഡൗൺ സിൻഡ്രോം ഉള്ളവരിൽ സാധ്യത വളരെ കൂടുതലാണ്. വൃക്കകളുടെ പ്രവർത്തനം ക്രമേണ കുറഞ്ഞു വരുന്ന ഒരവസ്ഥയാണ് ക്രോണിക് കിഡ്‌നി ഡിസീസ് (CKD). ശരീരത്തിലെ രക്തം ശുദ്ധീകരിക്കാനും മാലിന്യങ്ങൾ നീക്കം ചെയ്യാനും വൃക്കകൾക്ക് കഴിയാതെ വരുന്ന അവസ്ഥയാണിത്. ഹൃദയസംബന്ധമായ അസുഖങ്ങൾ ഒഴിവാക്കിയാലും ഈ വ്യത്യാസം നിലനിൽക്കുന്നു എന്നത് ഡൗൺ സിൻഡ്രോമിന് കാരണമാകുന്ന അധിക ക്രോമസോം വൃക്കകളുടെ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ടാകാം എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
വൃക്കകളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും രക്തസമ്മർദം നിയന്ത്രിക്കാനും വൃക്കകൾ അത്യാവശ്യമാണ്. ഡൗൺ സിൻഡ്രോം ഉള്ളവരിൽ പലപ്പോഴും വൃക്കകളുടെ വലിപ്പം കുറവായിരിക്കുകയോ, മൂത്രനാളിയിൽ ചെറിയ വ്യത്യാസങ്ങൾ കാണപ്പെടുകയോ ചെയ്യാറുണ്ട്. ഇത് അണുബാധകൾക്കും വൃക്കകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനും കാരണമാകാം. അമിതഭാരം, ഉറക്കത്തിലെ ശ്വാസതടസ്സം തുടങ്ങിയ ഘടകങ്ങളും വൃക്കകളിലെ സമ്മർദം വർധിപ്പിക്കുന്നു.
ചെറുപ്പം മുതലേ പതിവ് ആരോഗ്യ പരിശോധനകൾക്കൊപ്പം രക്തത്തിലെ ക്രിയാറ്റിനിൻ അളവും പരിശോധിക്കുന്നത് നല്ലതാണ്. അമിതമായ ക്ഷീണം, മൂത്രത്തിൽ പത വരിക, കണ്ണിന് ചുറ്റും നീര് വെക്കുക തുടങ്ങിയവ കണ്ടാൽ ഉടൻ ഡോക്ടറെ കാണുക. ധാരാളം വെള്ളം കുടിക്കുക, ഉപ്പ് കുറഞ്ഞതുമായതുമായ ഭക്ഷണം കഴിക്കുക, ചെറിയ രീതിയിലെങ്കിലും വ്യായാമം ചെയ്യുക. ബി.പി ഇടക്കിടെ പരിശോധിക്കുന്നത് വൃക്കകളെ സംരക്ഷിക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

