മുഖക്കുരുവും കണ്ണുകളുടെ വീക്കവും കുറക്കുന്ന ഐസ് ഫേഷ്യലുകൾ
text_fieldsക്ഷീണിച്ച് വരുമ്പോൾ തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുന്നവരാണ് നമ്മളിൽ പലരും. ഐസ് വാട്ടർ കണ്ണിൽ വെക്കുമ്പോൾ ആശ്വാസം കിട്ടുന്നതിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. അതിലൊന്നാണ് രക്തക്കുഴലുകൾ ചുരുങ്ങുന്നത്. തണുപ്പ് നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളെ താൽക്കാലികമായി ചുരുക്കാൻ സഹായിക്കുന്നു. കണ്ണിന് ചുറ്റും ഐസ് വാട്ടർ വെക്കുമ്പോൾ അവിടുത്തെ രക്തക്കുഴലുകൾ ചുരുങ്ങുകയും, അതുവഴി രക്തയോട്ടം കുറയുകയും ചെയ്യും. ഇത് കണ്ണിലെ ചുവപ്പും, വീക്കവും, മറ്റ് അസ്വസ്ഥതകളും കുറക്കാൻ സഹായിക്കുന്നു. അലർജി, കമ്പ്യൂട്ടറിൽ ഏറെ നേരം ജോലി ചെയ്യുന്നത്, ഉറക്കമില്ലായ്മ എന്നിവ കാരണം കണ്ണുകൾക്ക് ക്ഷീണവും തളർച്ചയും ഉണ്ടാകുമ്പോൾ തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുന്നത് ആശ്വാസം നൽകുന്നു.
രണ്ടാമത്തേത് നാഡീവ്യവസ്ഥയുടെ പ്രതികരണമാണ്. തണുപ്പ് നാഡീവ്യവസ്ഥയെ ശാന്തമാക്കാൻ സഹായിക്കും. കണ്ണിന് ചുറ്റുമുള്ള നാഡീ തന്തുക്കൾക്ക് തണുപ്പ് അനുഭവപ്പെടുമ്പോൾ അത് വേദനയുടെയും അസ്വസ്ഥതയുടെയും സിഗ്നലുകൾ കുറക്കുന്നു. ഇത് തലവേദന, കണ്ണിന്റെ ക്ഷീണം എന്നിവക്ക് വേഗത്തിൽ ആശ്വാസം നൽകുന്നു. തണുത്ത വെള്ളം മുഖത്തെ സുഷിരങ്ങൾ അടക്കാൻ സഹായിക്കുന്നു. ഇത് ചർമം കൂടുതൽ മിനുസമുള്ളതും, മുറുകിയതുമായി തോന്നിക്കാൻ സഹായിക്കുന്നു. കൂടാതെ ചർമത്തിൽ എണ്ണമയവും അഴുക്കും അടിഞ്ഞുകൂടുന്നത് കുറക്കാനും സഹായിക്കുന്നു. മുഖത്തേക്ക് തണുത്ത വെള്ളം വീഴുമ്പോൾ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും അത് ശരീരത്തിന് ഒരുതരം ഉന്മേഷം നൽകുകയും ചെയ്യും. രാവിലെ ഉറക്കമുണരുമ്പോൾ ഇത് കൂടുതൽ ഉന്മേഷത്തോടെ ദിവസം തുടങ്ങാൻ സഹായിക്കും.
ക്ഷീണമുള്ള സമയത്തോ തലവേദന ഉള്ളപ്പോഴോ ഐസ് റോളർ ഉപയോഗിച്ച് മുഖത്തും കഴുത്തിലും മസാജ് ചെയ്യുന്നത് വളരെ ആശ്വാസകരമാണ്. ഇത് മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകുന്നു. മസാജ് ചെയ്യുന്നത് ചർമത്തിലെ രക്തയോട്ടം വർധിപ്പിക്കുകയും, അതുവഴി ചർമകോശങ്ങളിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കുകയും ചെയ്യും. ഇത് ചർമത്തിന് ആരോഗ്യകരമായ തിളക്കം നൽകും. മുഖത്ത് സെറം, മോയിസ്ചറൈസർ തുടങ്ങിയവ പുരട്ടിയതിന് ശേഷം ഐസ് റോളർ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് അവ ചർമത്തിലേക്ക് ആഴത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കും.
ചില കാര്യങ്ങൾ ശ്രദ്ധിക്കണം
ഒരു ദിവസം എത്ര തവണ: ഫ്രിഡ്ജിൽ വെച്ച വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് ഒരു ദിവസം എത്ര തവണ ചെയ്യാം എന്നത് ഓരോരുത്തരുടെയും ചർമ്മത്തിന്റെ സ്വഭാവം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണഗതിയിൽ ഇത് ഒരു ദിവസം 1-2 തവണ ചെയ്യുന്നത് മതിയാകും.
നേരിട്ട് വെക്കാതിരിക്കുക: ഐസ് കഷ്ണങ്ങൾ നേരിട്ട് കണ്ണിൽ വെക്കുന്നത് നല്ലതല്ല. ഇത് കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കും. ഐസ് വാട്ടറിൽ മുക്കിയ തുണിയോ, ഐസ് പാക്കുകളോ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.
മിതമായി ഉപയോഗിക്കുക: ഐസ് വാട്ടർ അധിക സമയം കണ്ണിൽ വെക്കുന്നത് ചർമത്തിന് ദോഷകരമാണ്. 10-15 മിനിറ്റിൽ കൂടുതൽ ഒരു സമയം ഉപയോഗിക്കരുത്. തണുത്ത വെള്ളം അമിതമായി ഉപയോഗിക്കുന്നത് ചിലപ്പോൾ ചർമം വരളാൻ കാരണമാകും.
ഐസ് റോളർ: വളരെ നേരം ഒരേ സ്ഥലത്ത് റോളർ ഉപയോഗിക്കാതെ, മുഖത്തിന്റെ മധ്യഭാഗത്തുനിന്ന് പുറത്തേക്ക് വളരെ മൃദുവായി ഉരുട്ടുക.
ശുദ്ധമായ വെള്ളം: കണ്ണിൽ അണുബാധ ഉണ്ടാകാതിരിക്കാൻ ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ചർമത്തിന്റെ സ്വഭാവം: എണ്ണമയമുള്ള ചർമുള്ളവർക്ക് ഇത് കൂടുതൽ ഗുണം ചെയ്യും. എന്നാൽ വരണ്ട ചർമുള്ളവർ ഇത് മിതമായി മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, ഒരു ഡോക്ടറെയോ അല്ലെങ്കിൽ ചർമരോഗ വിദഗ്ദ്ധനെയോ സമീപിക്കുന്നതാണ് നല്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

