ഹോം ക്വാറൻറീൻ പാളല്ലേ, പണികിട്ടും

quarantine

കോവിഡ്​ പ്രതിരോധ ഭാഗമായി വിദേശത്തുനിന്ന്​ എത്തുന്ന പ്രവാസികളും ഇതര സംസ്ഥാനത്തുനിന്ന്​ വന്ന മലയാളികളും വീടുകളിൽ ഒറ്റമുറിയിൽ ഹോം ക്വാറൻറീനിലാണ്​. ഞായറാഴ്​ച വരെയുള്ള കണക്കുപ്രകാരം 61,855 പേരാണ്​ വീടുകളിൽ നിരീക്ഷണത്തിൽ​. ഒന്നാംഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ഫലപ്രദമായി നടപ്പാക്കിയ ഹോം ക്വാറൻറീൻ ഈ സമയത്തും ജാഗ്രതകൈവിടാതെ മുന്നോട്ട്​ കൊണ്ടുപോകണമെന്ന്​​ ആരോഗ്യവകുപ്പ്​ മുന്നറിയിപ്പ് നൽകുന്നു​. ചെറിയ വീഴ്​ചകൾ വലിയ വിപത്തിലേക്ക്​ നയിക്കുമെന്നതിനാൽ നിരീക്ഷണത്തിലുള്ളവരും കുടുംബാംഗങ്ങളും ആരോഗ്യവകുപ്പി​​െൻറ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കണം. സംശയമുള്ളവര്‍ക്ക്​ ദിശയിലേക്ക്​ വിളിക്കാം: 1056, 0471-2552056. 
14 ദിവസം നിർബന്ധ നിരീക്ഷണം
ഇതര സംസ്ഥാനത്തുനിന്ന്​ മടങ്ങിവരുന്നവർക്കും പ്രവാസികൾക്കും 14 ദിവസത്തെ ഹോം ക്വാറൻറീൻ നിർബന്ധം. 14 ദിവസത്തിനുശേഷം എന്തെങ്കിലും ലക്ഷണങ്ങൾ ഉ​ണ്ടെങ്കിൽ മാത്രം ആര്‍.ടി.പി.സി.ആര്‍ പരിശോധന. രോഗലക്ഷണം കാണുന്നവരെ പരിശോധിക്കും. റിസൾട്ട്​ പോസിറ്റിവ്​ ആയാൽ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ഫലം നെഗറ്റിവ് ആകുന്നതുവരെ ചികിത്സയിൽ തുടരണം. 

ശൗചാലയ സൗകര്യമുള്ള​ 
മുറി നിർബന്ധം 

വീട്ടിൽ പ്രത്യേകമായി ശൗചാലയ സൗകര്യമുള്ള​ മുറിവേണം. ഇത്​ സ്ഥലത്തെ ആരോഗ്യ, തദ്ദേശഭരണ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധിക്കും. സൗകര്യം ഇല്ലെങ്കിൽ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഹോട്ടലുകളില്‍ പെയ്​ഡ് ക്വാറൻറീ​േനാ, സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇൻസ്​റ്റിറ്റ്യൂഷനല്‍ ക്വാറൻറീനോ അനുവദിക്കും. 

വീട്ടിലുള്ളവരുമായി സമ്പർക്കമരുത്
ക്വാറൻറീ​നിലെ വ്യക്തി വീട്ടിലെ മുതിര്‍ന്ന വ്യക്തികൾ, മറ്റ് രോഗബാധയുള്ളവർ എന്നിവരുമായി ഒരു വിധത്തിലും സമ്പര്‍ക്കമരുത്​. ഇൗ ചട്ടങ്ങള്‍ അനുസരിക്കാമെന്ന് വ്യക്തി സമ്മതപത്രം നൽകണം. നിർദേശങ്ങള്‍ പാലിക്കാത്തപക്ഷം പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ്, മറ്റ് അനുബന്ധ ഉത്തരവുകള്‍ എന്നിവ പ്രകാരം ക്വാറൻറീന്‍ കേന്ദ്രങ്ങളിലേക്ക്​ മാറ്റും.

വീട്ടുകാരും ശ്രദ്ധിക്കണം
ക്വാറൻറീനിൽ കഴിയുന്ന ആളുടെ മുറിയോ ശുചിമുറിയോ മറ്റാരും ഉപയോഗിക്കരുത്​. അദ്ദേഹം ഉപയോഗിക്കുന്ന വസ്തുക്കളുമായി ഒരു സാഹചര്യത്തിലും മുതിര്‍ന്ന വ്യക്തികള്‍, ഹൈപര്‍ ടെന്‍ഷന്‍, പ്രമേഹം, ഹൃദ്രോഗം, വൃക്ക, കരള്‍ രോഗം, ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ ആസ്ത്​മ തുടങ്ങിയവ, രോഗപ്രതിരോധ ശേഷി കുറക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവര്‍ സമ്പര്‍ക്കത്തില്‍ വരരുത്​. 

പരിചാരകർ ആരോഗ്യവാന്മാരായിരിക്കണം
ക്വാറൻറീനിലുള്ളവരെ പരിചരിക്കുന്നവര്‍ 18നും 50നും വയസ്സിനിടക്കുള്ള പൂര്‍ണ ആരോഗ്യവാനും മറ്റ് അസുഖങ്ങള്‍ ഒന്നും ഇല്ലാത്തതുമായ ആളായിരിക്കണം. അവശ്യഘട്ടങ്ങളിലേ മുറിയില്‍ പ്രവേശിക്കാവൂ. മാസ്​കും ഗ്ലൗസും ധരിക്കണം. പുറത്ത്​ വന്നാൽ സോപ്പും സാനിറ്റൈസറും ഉപയോഗിച്ച്​ കൈകൾ കഴുകണം. ഇവര്‍ മറ്റ് കുടുംബാംഗങ്ങളെ പരിചരിക്കാന്‍ പാടില്ല. 

നിരീക്ഷണത്തിലുള്ളവരുടെ മുറി
നല്ലരീതിയില്‍ വായു സഞ്ചാരമുള്ളതും എ.സി ഇല്ലാത്തതുമായിരിക്കണം. ജനാലകള്‍ വായു സഞ്ചാരത്തിനായി തുറന്നിടണം. 

 സന്ദർശകർ പാടില്ല
നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തിയോ രോഗിയോ താമസിക്കുന്ന വീട്ടിൽ സന്ദര്‍ശകര്‍ പാടില്ല. വീട്ടിലെ അംഗങ്ങള്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറുടെ അനുമതിയോടെയേ പുറത്ത് പോകാന്‍ പാടുള്ളൂ. ഹാന്‍ഡ് വാഷ്, മാസ്‌ക് എന്നിവ വീട്ടിനുള്ളില്‍ ഉപയോഗിക്കണം. സമൂഹ അകലവും പാലിക്കണം.

ഭക്ഷണം കഴിക്കാൻപോലും 
പുറത്തുവരാൻ പാടില്ല

ക്വാറൻറീനിലുള്ള വ്യക്തി മുറിയില്‍ തുടരണം. ഭക്ഷണം കഴിക്കുന്നതിനുപോലും പുറത്തേക്ക്​ വരരുത്​. ആഹാരശേഷം പാത്രങ്ങള്‍ സ്വയം വൃത്തിയാക്കണം. അവരുടെ മുറിക്ക്​ പുറത്ത് സൂക്ഷിക്കണം. ലഗേജ് ഉള്‍പ്പെടെ എല്ലാ വസ്തുക്കളും ആ വ്യക്തി തന്നെ കൈകാര്യം ചെയ്യണം. ഒരു കാരണവശാലും മറ്റൊരു വ്യക്തി കൈകാര്യം ചെയ്യരുത്​. 

മാസ്​ക്​ നിർബന്ധം
മൂക്കും വായും മാസ്‌ക് ഉപയോഗിച്ച് മറയ്​ക്കണം; പ്രത്യേകിച്ച് തുമ്മുമ്പോഴും ചുമക്കുമ്പോഴും. ഒരു കാരണവശാലും ക്വാറൻറീൻ വ്യക്തി രണ്ട്​ മീറ്ററിനകം മറ്റൊരു വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്​.

മാസ്​കും ഗ്ലൗസും ഒരുതവണ 
മാത്രമേ ഉപയോഗിക്കാവൂ 

ക്വാറൻറീനിൽ കഴിയുന്നവരും പരിചാരകരും ഒരു തവണ ഉപയോഗിച്ചശേഷം മാസ്‌കും ഗ്ലൗസും ഉപേക്ഷിക്കണം. ഒരു കാരണവശാലും വീണ്ടും ഉപയോഗിക്കരുത്​. മുറിയിലെ കതകി​​െൻറ പിടികള്‍, ടേബിളുകള്‍, സ്വിച്ചുകള്‍ മുതലായ ഒരു പ്രതലത്തിലും സ്പര്‍ശിക്കരുത്​. കുടുംബാംഗങ്ങളും പാലിക്കണം. 

ഒരു വസ്​തുവും പങ്കിടരുത്
പാത്രങ്ങളോ തുണികളോ മൊബൈല്‍ ഫോണ്‍ പോലുള്ള മറ്റ് വസ്തുക്കളോ പങ്കിടരുത്. എല്ലാ കുടുംബാംഗങ്ങളും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.

 മാലിന്യസമാഹരണം
മുറിക്കുള്ളില്‍  മൂന്ന്​ ബക്കറ്റ്​ സൂക്ഷിക്കണം. മലിനമായ തുണി, ടവലുകള്‍ മുതലായവ ബ്ലീച്ച് ലായനി ഉപയോഗിച്ച് അണുനാശനം വരുത്തണം. ഇവ കഴുകി ഉണക്കി ഉപയോഗിക്കണം. മലിനമായ മാസ്‌കുകള്‍, പാഡുകള്‍, ടിഷ്യൂ എന്നിവ കത്തിച്ചുകളയണം. ആഹാര അവശിഷ്​ടങ്ങൾ, മറ്റ് പൊതുമാലിന്യം എന്നിവ ആഴത്തില്‍ കുഴിച്ചിടണം.

രോഗലക്ഷണമുള്ളവർ ആരോഗ്യ 
വകുപ്പുമായി ബന്ധപ്പെടണം

രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നോ എന്ന് സ്വയം നിരീക്ഷിക്കണം. ചെറിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെടണം. ആരോഗ്യവകുപ്പ്​ അധികൃതരുടെ ഫോണ്‍ വിളികള്‍ക്ക് കൃത്യം മറുപടി നൽകണം. സംശയനിവാരണവും നടത്താം. അനുമതി കൂടാതെ ചികിത്സക്ക്​ ആണെങ്കില്‍പോലും പുറത്ത് ഇറങ്ങരുത്​. 

Loading...
COMMENTS