‘സ്ഥിരമായി ജിമ്മിൽ പോകുന്നു, ഓടുന്നു, ദുശ്ശീലങ്ങളൊന്നുമില്ല, എന്നിട്ടും ധമനികളിൽ 100 ശതമാനം ബ്ലോക്ക്...’ എന്തുകൊണ്ട്?
text_fieldsആരോഗ്യവാനായ ഒരാൾക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുമോ? ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ജിമ്മിൽ പോകുകയും വ്യായാമം ചെയ്യുകയും ചെയ്യുന്ന, കാഴ്ചയിൽ പൂർണ്ണ ആരോഗ്യവാനായ ഒരു 38കാരൻ പെട്ടെന്നുണ്ടായ നെഞ്ചുവേദനയുമായാണ് ആശുപത്രിയിലെത്തിയത്. പരിശോധനയിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഹൃദയധമനികളിൽ ഗുരുതരമായ ബ്ലോക്കുകൾ കണ്ടെത്തി.
രണ്ട് പ്രധാന ധമനികളിലായിരുന്നു തടസ്സം. LAD (Left Anterior Descending) ഹൃദയത്തിന്റെ പ്രവർത്തനത്തിന് ഏറ്റവും പ്രധാനപ്പെട്ട ഈ രക്തക്കുഴലിൽ 100 ശതമാനവും തടസ്സമായിരുന്നു. RCA (Right Coronary Artery) ഇതിൽ 90 ശതമാനം തടസ്സവും കണ്ടെത്തി. ഈ അവസ്ഥയെ ഒരു ഹൃദയാഘാതത്തിന് തുല്യമായാണ് ഡോക്ടർമാർ കണക്കാക്കുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലായിരുന്നുവെങ്കിൽ ഇത് ജീവന് തന്നെ ഭീഷണിയാകുമായിരുന്നു.
എന്തുകൊണ്ട് ഇത് സംഭവിച്ചു?
പാരമ്പര്യ കൊളസ്ട്രോൾ: ഇദ്ദേഹത്തിന് പുകവലി, പ്രമേഹം തുടങ്ങിയ ദുശ്ശീലങ്ങൾ ഇല്ലായിരുന്നുവെങ്കിലും ഫെമിലിയൽ ഹൈപ്പർ കൊളസ്ട്രോളീമിയ എന്ന ജനിതക അവസ്ഥ ഉണ്ടായിരുന്നു. ഇതൊരു പാരമ്പര്യ രോഗമാണ്. രക്തത്തിലെ ചീത്ത കൊളസ്ട്രോൾ (LDL) നീക്കം ചെയ്യാൻ കരളിന് കഴിയാതെ വരുന്നു. ഇക്കാരണത്താൽ ചെറുപ്രായം മുതൽ തന്നെ ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുകയും ഹൃദയാഘാത സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
ഇത്തരം ആളുകളിൽ വളരെ ചെറുപ്പത്തിൽ തന്നെ കൊളസ്ട്രോൾ നില ഉയർന്നുനിൽക്കും. ഇവരുടെ ധമനികളിലെ കൊഴുപ്പ് പാളികൾ അസ്ഥിരമായിരിക്കും. അതുകൊണ്ട് തന്നെ ചെറിയൊരു തടസ്സം പോലും പെട്ടെന്ന് പൊട്ടി രക്തം കട്ടപിടിക്കാനും നൂറ് ശതമാനം ബ്ലോക്ക് ഉണ്ടാക്കി ഹൃദയാഘാതത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്. അച്ഛൻ, അമ്മ, സഹോദരങ്ങൾ തുടങ്ങിയ അടുത്ത ബന്ധുക്കൾക്ക് നേരത്തെ ഹൃദ്രോഗം വന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഈ സാധ്യത കൂടുതലാണ്.
അമിതമായ ഭാരോദ്വഹനം: നിലവിൽ ബ്ലോക്ക് ഉള്ളവർ കഠിനമായി ഭാരം ഉയർത്തുമ്പോൾ രക്തസമ്മർദം പെട്ടെന്ന് കൂടുകയും, ധമനികളിലെ കൊഴുപ്പ് പാളികൾ പൊട്ടി രക്തം കട്ടപിടിക്കുകയും ചെയ്യുന്നു. ഇതാണ് പെട്ടെന്നുള്ള ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. കഠിനമായ വർക്കൗട്ടുകൾ തുടങ്ങുന്നതിന് മുമ്പ് പ്രത്യേകിച്ച് 30 വയസ്സ് കഴിഞ്ഞവർ ഒരു ഹൃദയപരിശോധന നടത്തുന്നത് സുരക്ഷിതമാണ്. പെട്ടെന്ന് ഭാരം കൂട്ടാതെ പടിപടിയായി മാത്രം വ്യായാമത്തിന്റെ തീവ്രത വർധിപ്പിക്കുക.
മറ്റ് കാരണങ്ങൾ
ഉയർന്ന രക്തസമ്മർദം: ഇത് ധമനികളുടെ ഉൾഭിത്തിക്ക് കേടുപാടുകൾ വരുത്തുകയും കൊഴുപ്പ് വേഗത്തിൽ അടിഞ്ഞുകൂടാൻ കാരണമാവുകയും ചെയ്യുന്നു.
രക്തത്തിലെ ഉയർന്ന പഞ്ചസാര: പ്രമേഹം രക്തക്കുഴലുകളെയും ഹൃദയത്തെ നിയന്ത്രിക്കുന്ന നാഡികളെയും നശിപ്പിക്കുന്നു.
വൃക്കരോഗങ്ങൾ: വിട്ടുമാറാത്ത വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.
വീക്കം: റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ലൂപ്പസ് തുടങ്ങിയ രോഗങ്ങൾ രക്തക്കുഴലുകളിൽ വീക്കമുണ്ടാക്കുകയും അവയെ തകരാറിലാക്കുകയും ചെയ്യുന്നു.
ഭക്ഷണശീലവും ജീവിതശൈലിയും: പൂരിത കൊഴുപ്പ്, ട്രാൻസ് ഫാറ്റ്, ഉപ്പ്, പഞ്ചസാര എന്നിവയടങ്ങിയ ഭക്ഷണം, വ്യായാമമില്ലായ്മ, അമിതവണ്ണം, മാനസിക സമ്മർദം എന്നിവയും വില്ലന്മാരാണ്.
ധമനിയുടെ ഘടന: ചിലരിൽ പ്രകൃത്യാ തന്നെ LAD ധമനികൾ ഇടുങ്ങിയതാകാം. ഇത് ചെറിയ ബ്ലോക്കുകളെ പോലും അപകടകരമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

