Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഅപസ്മാരത്തെ ഭയക്കേണ്ട,...

അപസ്മാരത്തെ ഭയക്കേണ്ട, ഒക്യുപേഷണൽ തെറാപ്പിയിലൂടെ മെച്ചപ്പെട്ട ജീവിതം നേടാം

text_fields
bookmark_border
അപസ്മാരത്തെ ഭയക്കേണ്ട, ഒക്യുപേഷണൽ തെറാപ്പിയിലൂടെ മെച്ചപ്പെട്ട ജീവിതം നേടാം
cancel

ഇന്ന് അപസ്മാര ബോധവത്കരണ ദിനം (നവംബർ 17). ലോകാരോഗ്യസംഘടനയുടെ ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് ലോകത്ത് ആകെ 50 മില്യൺ അപസ്മാര രോഗികളുണ്ടെന്നാണ് കണക്ക്. ഇന്ത്യയിൽ നടത്തിയ മറ്റൊരു പഠനത്തിൽ 12 മില്യൺ രോഗികൾ രാജ്യത്തുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളിലൊന്നാണ് അപസ്മാരം. തലച്ചോറിലെ കോശങ്ങൾ പ്രവർത്തിക്കുമ്പോൾ വിദ്യുത്‍തരംഗ പ്രവർത്തനമുണ്ടാകും. ആ വൈദ്യുതിതരംഗങ്ങളിലുണ്ടാകുന്ന വ്യത്യാസമാണ് പ്രായലിംഗ ഭേദമില്ലാതെ ഉണ്ടാകുന്ന അപസ്മാരമെന്ന രോഗം.

തലച്ചോറിന്റെ ഭാഗങ്ങളിൽ ബാധിക്കുന്നതിലെ വ്യത്യാസം കൊണ്ടുതന്നെ ഫോക്കൽ ഓൺസെറ്റ് എപിലപ്സി, ജനറലൈസ്ഡ് ഓൺസെറ്റ് എപിലപ്സി, അൺനോൺ ഓൺസെറ്റ് എപിലപ്സി എന്നിങ്ങനെ വ്യത്യസ്ത തരം അപസ്മാരമുണ്ട്. കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ കണ്ടുപിടിക്കുന്നത് തൊട്ട്, വള‌ർച്ചയുടെ ഒരു ഘട്ടത്തിലോ, മുതിർന്നതിന് ശേഷമോ അപസ്മാരം വരാൻ സാധ്യതയുണ്ട്. മരുന്നുമുതൽ ശസ്ത്രക്രിയ വരെ അപസ്മാര ചികിത്സക്കായി നിലവിലുണ്ട്. എന്നാൽ, രോഗം മാറുംവരെയുള്ള ഘട്ടങ്ങളിൽ മെച്ചപ്പെട്ട ജീവിതം നയിക്കാൻ ഒക്യുപേഷണൽ തെറാപ്പി രോഗികളെ സഹായിക്കും.

നേരത്തെ കണ്ടെത്താം, അപകടം കുറക്കാം

ആഗോളതലത്തിൽ നിലവിലുള്ള അപസ്മാരരോഗികളിൽ 50 ശതമാനം പേരിലും രോഗമുണ്ടാകാനുള്ള കാരണം കണ്ടെത്താനായിട്ടില്ല. ബാക്കിയുള്ളവരിൽ പലവിധ കാരണങ്ങളുണ്ട്. മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ അതികഠിനമായ പനി, മുഖത്തേക്ക് കാഠിന്യമേറിയ വെളിച്ചം പെട്ടെന്നടിക്കുന്നത്, ഭക്ഷണം ശരിയായില്ലെങ്കിൽ, ചില മരുന്നുകളുടെ പാ‌ർശ്വഫലം എന്നിവയൊക്കെ പെട്ടെന്ന് അപസ്മാര രോഗത്തിന് തുടക്കമിട്ടേക്കാം. ഏതൊക്കെ സാഹചര്യങ്ങളിൽ, എന്തൊക്കെ ലക്ഷണങ്ങളോടെ രോഗം വരുന്നുവെന്നത് കുറിച്ച് വെച്ച് രോഗിയോ ബന്ധുക്കളോ തെറാപ്പിസ്റ്റിനെ അറിയിക്കേണ്ടതാണ്. അപസ്മാരരോഗികളുടെ ദൈനംദിന ചര്യകൾ കൃത്യമായി പരസഹായമില്ലാതെ ചെയ്യാൻ ഒക്യുപേഷണൽ തെറാപ്പിയിലൂടെ സാധിക്കും.

പ്രധാന കാരണങ്ങൾ

  • തലച്ചോറിലെ ഘടനയിലുണ്ടാകുന്ന തകരാർ
  • പാരമ്പര്യം
  • തലച്ചോറിലുണ്ടാകുന്ന അണുബാധ
  • ശരീരത്തിലെ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഘടകങ്ങളിലുണ്ടാകുന്ന വ്യതിയാനം

പ്രധാന ലക്ഷണങ്ങൾ

ശൂന്യമായ നോട്ടം, ആശയക്കുഴപ്പം, കൈകാലുകളിൽ വിറ, ബോധം നഷ്ടപ്പെടുക, ശരീരം കോച്ചിവലിക്കുക, വായിൽ നിന്ന് നുരയും പതയും വരിക, പഠനവൈകല്യം, ഓർമക്കുറവ്, ശ്രദ്ധക്കുറവ്, സ്വഭാവത്തിലെ മാറ്റങ്ങൾ.

ഒക്യുപേഷണൽ തെറാപ്പിസ്റ്റ് ചെയ്യുന്നത്

ഫൈൻ മോട്ടാർ സ്കിൽ മെച്ചപ്പെടുത്തുന്നു

സെൻസറി പ്രശ്നങ്ങൾ ഭേദപ്പെടുത്തുന്നു. ഇതിനായി തെറാപ്പിസ്റ്റ് പ്രത്യേക വ്യായാമങ്ങളോ പ്രവർത്തനങ്ങളോ നൽകുന്നു. വീഴാനോ അപകടം പറ്റാനോ സാധ്യതയുള്ളതിനാൽ തെറാപ്പിസ്റ്റ് രോഗിയുടെ വീടോ സ്കൂളോ ജോലിസ്ഥലമോ വിലയിരുത്തി, വീഴ്ചകൾ ഒഴിവാക്കാനും അപകടസാധ്യത കുറക്കാനും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്നു (ഉദാഹരണത്തിന്, വീൽചെയറിനായുള്ള റാമ്പുകൾ സ്ഥാപിക്കുക, സുരക്ഷിതമായ ഫർണിച്ചറുകൾ ഉപയോഗിക്കുക). അപസ്മാരമുള്ള കുട്ടികൾക്ക് അവരുടെ ശാരീരികവും സാമൂഹികപരവുമായ വെല്ലുവിളികൾ കാരണം മറ്റുള്ളവരുമായി ഇടപഴകാനും കളികളിൽ ഏർപ്പെടാനും പ്രയാസമുണ്ടാകാം. തെറാപ്പിസ്റ്റ്, കളിയിലൂടെ അവരുടെ ശാരീരികവും മാനസികവുമായ കഴിവുകൾ വർധിപ്പിക്കുകയും, സാമൂഹിക സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും കൂട്ടുകാരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കാനും അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു.

ഈ കാര്യങ്ങളിലൂടെ, വ്യക്തിയുടെ ദൈനംദിന കാര്യങ്ങളിലുള്ള പങ്കാളിത്തം വർധിപ്പിക്കുകയും, അവരുടെ സ്വാതന്ത്ര്യം നിലനിർത്താനും അതുവഴി മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്താനും ഒക്യുപേഷണൽ തെറാപ്പി സഹായിക്കുന്നു. ജനിച്ച് 24 മണിക്കൂറിനകം കണ്ടെത്തുന്ന അപസ്മാരബാധ ചില കുഞ്ഞുങ്ങളിൽ കാണാറുണ്ട്. ആ സമയം മുതൽ ഒക്യുപേഷണൽ തെറാപ്പി നൽകി തുടങ്ങാം. വളർച്ചയുടെ വിവിധ ഘട്ടങ്ങളിലും മുതിർന്നതിന് ശേഷവും ഒക്യുപേഷണൽ തെറാപ്പി നൽകാവുന്നതാണ്. ചികിത്സിക്കുന്ന ഡോക്ടറുമായി ചർച്ച ചെയ്ത് തെറാപ്പി എടുക്കുന്നതാണ് അഭികാമ്യം.

(വിവരങ്ങൾക്ക് കടപ്പാട് : ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷൻ ഓണററി സെക്രട്ടറിയും, കൊച്ചി പ്രയത്‌ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റിന്റെ സ്ഥാപകനുമായ ഡോക്ടർ ജോസഫ് സണ്ണി കുന്നശ്ശേരി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world health organizationEpilepsyHealth AlertAwareness Day
News Summary - Don't be afraid of epilepsy
Next Story