Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightസൂക്ഷിച്ച്

സൂക്ഷിച്ച് സംസാരിക്കുക

text_fields
bookmark_border
സൂക്ഷിച്ച് സംസാരിക്കുക
cancel

ശബ്ദം ഒരാളുടെ വ്യക്തിത്വത്തിന്‍െറതന്നെ പ്രധാന ഘടകമാണ്. ശബ്ദത്തിലൂടെ ദൂരെയുള്ള ഒരാളെ നമുക്ക് തിരിച്ചറിയാനാകും. അതുപോലത്തെന്നെ ശബ്ദത്തിലെ വ്യതിയാനങ്ങളിലൂടെ ഒരാളുടെ ശാരീരികവും വൈകാരികവുമായ അവസ്ഥയെയും മനസ്സിലാക്കാനാകും. ഒച്ചയടപ്പുള്ളവരോട് ജലദോഷം പിടിച്ചോ എന്ന് ചോദിക്കുന്നതും നിന്‍െറ ശബ്ദം എന്താ വല്ലാതിരിക്കുന്നത്? മൂഡ് ശരിയല്ളേ? എന്നൊക്കെ ചോദിക്കുന്നതും അതിന്‍െറ ഭാഗമാണ്. എന്നാല്‍, ജലദോഷത്തിന്‍െറ പാര്‍ശ്വഫലം എന്നതിലുപരി ഒച്ചയടപ്പ് ഇന്നൊരു രോഗമായി പരിണമിച്ചിരിക്കുന്നു. ജീവിതശൈലീരോഗങ്ങളുടെ ഗണത്തില്‍പെടുത്താവുന്ന ഒച്ചയടപ്പുപോലുള്ള ശബ്ദരോഗങ്ങള്‍ അടുത്ത കാലത്തായി സാര്‍വത്രികമായിക്കൊണ്ടിരിക്കുകയാണ്.
ആധുനിക കാലത്തെ ജീവിതശൈലികള്‍ക്കനുസൃതമായി തൊഴിലുകളില്‍ വന്ന മാറ്റം, നമുക്കു ചുറ്റും ഉയര്‍ന്നുവന്ന ശബ്ദകോലാഹലങ്ങള്‍, പുതിയതരം ഭക്ഷണശീലങ്ങള്‍ എന്നിവയാണ് ശബ്ദരോഗങ്ങളുടെ മൂലകാരണങ്ങള്‍.
ശബ്ദം ഉപയോഗിച്ച് ജോലിചെയ്യുന്നവരിലാണ് അധികവും ശബ്ദരോഗങ്ങള്‍ കാണുന്നത്. ഗായകര്‍, പ്രസംഗകര്‍, അധ്യാപകര്‍, അഭിഭാഷകര്‍, റേഡിയോയിലും ടി.വിയിലുമുള്ള അവതാരകര്‍, ടെലിഫോണ്‍ ഓപറേറ്റര്‍മാര്‍ തുടങ്ങി തെരുവുകച്ചവടക്കാര്‍ വരെ ശബ്ദം ഉപയോഗിച്ച് ജോലിചെയ്യുന്നവരാണ്. ഇക്കൂട്ടര്‍ക്ക് പുറമെ ചെറിയ കുട്ടികളുള്ള അമ്മമാരിലും വീട്ടമ്മമാരിലും ഇത്തരം രോഗങ്ങള്‍ കണ്ടുവരുന്നു.
ശബ്ദത്തിന് ഇടര്‍ച്ചയും പതര്‍ച്ചയും ഉണ്ടാവുക, സംസാരിക്കുമ്പോള്‍ ഒച്ച പൊങ്ങാതിരിക്കുക, ശബ്ദം തീരെയില്ലാതാവുക തുടങ്ങിയവയാണ് സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍.
തെറ്റായ സംസാരശൈലിയും ശബ്ദം പ്രയോഗിക്കുന്ന രീതിയുമാണ് രോഗങ്ങളിലേക്ക് നയിക്കുന്നത്. ശബ്ദപ്രയോഗത്തില്‍ കണ്ടുവരുന്ന രണ്ടുതരം തെറ്റായ പ്രവണതകളാണ് രോഗകാരണമായി തീരുന്നത്. ഉച്ചത്തില്‍ സംസാരിക്കുക, വേഗത്തില്‍ സംസാരിക്കുക എന്നിവയാണത്. ഉച്ചത്തില്‍ സംസാരിക്കുന്നതിനേക്കാള്‍ അപകടകരമാണ് വേഗത്തില്‍ സംസാരിക്കുന്നത്. കാരണം, വളരെ കുറച്ചു സമയം മാത്രമേ ഒരാള്‍ക്ക് ഉച്ചത്തില്‍ സംസാരിക്കാന്‍ കഴിയൂ. എന്നാല്‍, വേഗത്തില്‍ തുടര്‍ച്ചയായി സംസാരിക്കുന്നത് ബോധപൂര്‍വമല്ല. അതുകൊണ്ടുതന്നെ വേഗത്തില്‍ സംസാരിക്കുന്ന ശീലം സ്വയം തിരിച്ചറിയാനോ നിയന്ത്രിക്കാനോ പലപ്പോഴും കഴിയില്ല.
ഒരു വ്യക്തി സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം ആ വ്യക്തിയുടെതന്നെ കാതുകളിലൂടെയത്തെുമ്പോള്‍ തലച്ചോറാണ് ശബ്ദം ഉയര്‍ത്തണോ താഴ്ത്തണോ എന്ന കാര്യം തീരുമാനിക്കുന്നത്. ഈ തീരുമാനം സന്ദേശമായി ലഭിക്കുമ്പോള്‍ വ്യക്തി ഉറക്കെ സംസാരിക്കുകയോ ശബ്ദം കുറച്ചു സംസാരിക്കുകയോ ചെയ്യുന്നു. പരിസരത്തെ ശബ്ദങ്ങള്‍ മൂലം സ്വന്തം ശബ്ദം വ്യക്തമായി കേള്‍ക്കാന്‍ കഴിയാതെ വ്യക്തി ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങുകയും ഇത് പതിവാകുന്നതോടെ ഉച്ചത്തില്‍ സംസാരിക്കുക എന്നത് ഒരു ശീലമായി മാറുകയും ചെയ്യുന്നു.
വാഹനങ്ങള്‍, യന്ത്രങ്ങള്‍, ടി.വി, റേഡിയോ, ലൗഡ് സ്പീക്കറുകള്‍ തുടങ്ങി നമുക്ക് ചുറ്റുമുള്ള നിരവധി വസ്തുക്കളില്‍ നിന്നുള്ള ശബ്ദങ്ങളുടെ ആധിക്യം മൂലം പൊതുവെതന്നെ വ്യക്തികള്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
അധ്യാപകരിലാണ് ശബ്ദപ്രശ്നങ്ങള്‍ കൂടുതലായി കാണുന്നത്. അധ്യാപകര്‍ ഒരു മാരത്തണ്‍ ഓട്ടക്കാരനെപോലെയാണ്. ഓട്ടക്കാരന്‍ തുടക്കത്തില്‍ അമിതവേഗത്തില്‍ ഓടിയാല്‍ ലക്ഷ്യമത്തെുംമുമ്പ് അയാള്‍ തളര്‍ന്നുവീഴും. പതുക്കെ തുടങ്ങി ലക്ഷ്യമത്തെുംവരെയുള്ള ഊര്‍ജം നഷ്ടപ്പെടുത്താതെ ഓടുന്നയാള്‍ക്ക് മാത്രമേ വിജയം വരിക്കാനാവൂ. ക്ളാസെടുക്കുന്ന കാര്യത്തിലും ഈ തത്ത്വം പാലിക്കണം. അതിനായി വേഗത കുറച്ച് സംസാരിക്കുന്ന രീതി വളര്‍ത്തിക്കൊണ്ടുവരുകയാണ് വേണ്ടത്.
ശബ്ദവൈകല്യങ്ങള്‍ ഒരാള്‍ക്ക് വേഗത്തില്‍ തിരിച്ചറിയാനാകും. ചിലരില്‍ രാവിലെ എഴുന്നേല്‍ക്കുമ്പോഴാണ് ഒച്ചയടപ്പ് അനുഭവപ്പെടുന്നതെങ്കില്‍ മറ്റുചിലരില്‍ വൈകുന്നേരമാകുമ്പോള്‍ ശബ്ദം പോകുന്നതായാണ് കണ്ടുവരുന്നത്. വൈകുന്നേരത്തോടെ ഒച്ചയടപ്പ് അനുഭവപ്പെടുന്നത് താരതമ്യേന സാധാരണമാണ്. ശബ്ദത്തിന്‍െറ അമിത ഉപയോഗം മൂലം സംഭവിക്കുന്നതാണിത്. തുടര്‍ച്ചയായ ഉപയോഗം മൂലം ശരീരത്തിന്‍െറ ഏത് അവയവത്തിനും ഉണ്ടാകാനിടയുള്ള തളര്‍ച്ച ശബ്ദപേശികള്‍ക്കും സംഭവിക്കുകയാണിവിടെ. തൊണ്ട വരളാനുള്ള സാഹചര്യം ഒഴിവാക്കാനായി ജോലിക്കിടയില്‍ അല്‍പാല്‍പം വെള്ളം കുടിക്കുക. ജോലി തുടങ്ങുന്നതിന് തൊട്ടുമുമ്പും ശേഷവും ശബ്ദ വിശ്രമം നല്‍കുക.
ഉമിനീരിന്‍െറ അളവിനെ ക്രമാതീതമായി കുറക്കുന്ന ചില മരുന്നുകളും ദോഷംചെയ്യും. ജലദോഷത്തിനും അലര്‍ജിക്കുമുള്ള ചില മരുന്നുകള്‍ ഇത്തരത്തിലുള്ളതാണ്. ഇവ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
രാവിലെയുള്ള ഒച്ചയടപ്പ് ദഹനേന്ദ്രിയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലവും കൂര്‍ക്കംവലി മൂലവുമാണ് ഉണ്ടാവുക. ആസിഡ് റിഫ്ളക്സ് അഥവാ പുളിച്ചുതികട്ടല്‍ മൂലമാണിത് സംഭവിക്കുന്നത്. ആമാശയത്തിലെ ദഹനരസം നെഞ്ചിലേക്കും അതുവഴി സ്വനപേടകത്തിലേക്കും എത്തുന്നതാണിതിന് കാരണം. ലാരിംഗോഫരിംജിയല്‍ റിഫ്ളക്സ് (Laryngopharyngeal Reflux) എന്നാണ് ഇതിനെ വിളിക്കുന്നത്. ശരീരത്തിന്‍െറ ഘടനാപരമായ വൈകല്യംകൊണ്ടോ ഭക്ഷണക്രമത്തിലെ അശാസ്ത്രീയത മൂലമോ ഭക്ഷ്യവസ്തുക്കളുടെ പ്രത്യേകതകള്‍ മൂലമോ ആണ് ഇത് സംഭവിക്കുന്നത്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നവരിലും മദ്യപിക്കുന്നവരിലുമാണ് ഈ പ്രശ്നം കൂടുതലായി കാണുന്നത്. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കുക, കൊഴുപ്പടങ്ങിയ ആഹാരപദാര്‍ഥങ്ങളും മദ്യംപോലുള്ള ലഹരിവസ്തുക്കളും ഒഴിവാക്കുക എന്നിവയാണ് ഈ പ്രശ്നത്തെ നേരിടാന്‍ ചെയ്യേണ്ടത്. ഇതോടൊപ്പം ഭക്ഷണം കഴിച്ചയുടന്‍ കിടക്കുന്ന രീതിയും വയറിന് ചുറ്റും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്ന ശീലവും ഒഴിവാക്കുകയും വേണം.
ഇത്തരം രോഗങ്ങള്‍ക്ക് ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണെങ്കിലും രോഗകാരണങ്ങളെ ഒഴിവാക്കിയുള്ള ചികിത്സയാണ് ഫലം ചെയ്യുക. എന്തൊക്കെ ചികിത്സ ചെയ്താലും തെറ്റായ ശബ്ദശീലങ്ങള്‍ തുടര്‍ന്നാല്‍ രോഗം വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. ചികിത്സയുടെ ഭാഗമായി രോഗി നിര്‍ബന്ധമായും ശബ്ദശുചിത്വം പാലിക്കണം. ചില ശീലങ്ങള്‍ ഒഴിവാക്കുകയും ചിലത് സ്വീകരിക്കുകയും ചെയ്യുന്ന രീതിയാണിത്.
ഇടക്കിടക്ക് തൊണ്ട കാറുന്നത് ചിലരുടെ സ്വഭാവമാണ്. ഏറ്റവും അപകടകാരിയായ ഒരു ദുശ്ശീലമാണിത്. സംസാരം സുഗമമാക്കാനും ശബ്ദത്തിന് വ്യക്തത വരുത്താനുമെന്ന് കരുതി ചെയ്യുന്നതാണിത്. എന്നാല്‍, ഓരോ തവണ തൊണ്ട കാറുമ്പോഴും സ്വനതന്തുക്കള്‍ അഥവ വോക്കല്‍ കോഡുകള്‍ തമ്മില്‍ ശക്തിയായി കൂട്ടിയിടിക്കുകയും ക്രമേണ അവിടെ പോറലുകളും തടിപ്പും രൂപപ്പെടുകയും ചെയ്യും. ഈ ശീലം നിര്‍ബന്ധമായും ഉപേക്ഷിക്കണം. കൂടാതെ വേഗത്തിലുള്ള സംസാരം, മറ്റു ശബ്ദങ്ങള്‍ അനുകരിക്കല്‍, അലറിവിളിക്കല്‍ തുടങ്ങിയ പ്രവണതകളും ഒഴിവാക്കണം. ഇതോടൊപ്പം പുകവലി, അസിഡിറ്റി ഉണ്ടാക്കുന്ന കോളകള്‍ എന്നിവയും ഒഴിവാക്കണം.
പാട്ടുപാടുക, പ്രസംഗിക്കുക, ക്ളാസെടുക്കുക തുടങ്ങിയ പ്രവൃത്തികള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായി വാഗ്വാദത്തില്‍ ഏര്‍പ്പെടാതിരിക്കുക, ഭക്ഷണത്തില്‍ മിതത്വം പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും വയറുനിറച്ച് ഭക്ഷണം കഴിക്കാതിരിക്കുകയും വേണം. ശരീരത്തിലെ ജലാംശം കുറക്കുന്ന കാപ്പി, കോള തുടങ്ങിയ പാനീയങ്ങളും ഒഴിവാക്കണം.
പകരം തൊണ്ടവരളാതിരിക്കാന്‍ ഇടക്കിടെ വെള്ളം കുടിക്കുക, ജോലിക്ക് മുമ്പും ശേഷവും ഇടവേളകളിലും തൊണ്ടക്ക് മതിയായ വിശ്രമം നല്‍കുക, മൃദുവായി വേഗംകുറച്ച് മാത്രം സംസാരിക്കാന്‍ പരിശീലിക്കുക, ആഹാരരീതി ക്രമപ്പെടുത്തുക തുടങ്ങിയ രീതികള്‍ പിന്തുടരുകയും വേണം. തെറ്റുകള്‍ തിരുത്തി ശരിയായ ശബ്ദപ്രയോഗങ്ങള്‍ പരിശീലിപ്പിക്കുന്ന വോയിസ് ട്രെയ്നിങ്ങും ചികിത്സയുടെ ഭാഗമാണ്. പാട്ടുപാടുന്നവര്‍ക്ക് സിങ്ങിങ് ട്രെയ്നിങ്ങും ചികിത്സയോടൊപ്പം നല്‍കാറുണ്ട്.

(ലേഖകന്‍ കോഴിക്കോട് എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റലിലെ ഇ.എന്‍.ടി സ്പെഷലിസ്റ്റും ശബ്ദരോഗ ചികിത്സയില്‍ വിദഗ്ദനുമാണ് )

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health
Next Story