അനസ്തേഷ്യയെ അറിയാം
text_fieldsരോഗം നമുക്ക് വേദന സമ്മാനിക്കുന്ന അനുഭവമാണ്. രോഗക്കിടക്കയില്‍ വേദനയെ ഓര്‍ത്ത് ഭയക്കുന്നത് അധികവും ശസ്ത്രക്രിയ വേണ്ട രോഗികളാണ്. പണ്ടുകാലം മുതലേ ശസ്ത്രക്രിയ എന്നത് മനുഷ്യന് ഏറ്റവും പേടിയുള്ള ചികില്‍സാമുറയാണ്. ആ പേടിയുടെ മുഖ്യ കാരണം വേദനയാണെന്ന കണ്ടത്തെല്‍ പുരാതനകാലത്തേ ഉണ്ടായി.
മയക്കി ഉറക്കിയശേഷം ശരീരത്തില്‍ ശസ്ത്രക്രിയകള്‍ നടത്തുന്ന രീതി അങ്ങനെ ആരംഭിച്ചു. ബി.സി മൂന്നാം നൂറ്റാണ്ടില്‍ ശസ്ത്രക്രിയയുടെ പിതാവ് സുശ്രുതന്‍ കഞ്ചാവ് പുകയും മദ്യവും ചേര്‍ത്ത് മയക്കി ശസ്ത്രക്രിയകളെ വേദനാരഹിതമാക്കിയതായി സുശ്രുത സംഹിതയില്‍ പറയുന്നുണ്ട്. ശസ്ത്രക്രിയ, ചില പ്രത്യേകതരം പരിശോധന തുടങ്ങിയവ വേണ്ടിവരുമ്പോള്‍ രോഗി സ്വബോധത്തോടെ ഇരിക്കുന്നത് ചികില്‍സക്ക് പ്രയാസമുണ്ടാകും. രോഗിയെ വേദനയില്ലാതെ ഉറക്കിയാല്‍ ചികില്‍സ സുഗമമാകുമെന്ന തിരിച്ചറിവാണ് അനസ്തേഷ്യയെന്ന ചികില്‍സാ ശാസ്ത്രത്തിന് വഴിയൊരുക്കിയത്.
ആദ്യകാലത്ത് മയക്കുമരുന്നുകള്‍ നല്‍കി ഉറക്കുന്ന രീതിയായിരുന്നു. അത് പൂര്‍ണമായും മാറ്റി ഇപ്പോള്‍ നൂതന മരുന്നുകള്‍ ഉപയോഗിച്ചാണ് അനസ്തേഷ്യ നടത്തുന്നത്. ജനറല്‍, റീജനല്‍, ലോക്കല്‍ എന്നീ മൂന്നു വിഭാഗങ്ങളായി അനസ്തേഷ്യയെ തരംതിരിക്കാം.
ജനറല്‍ അനസ്തേഷ്യ
രക്തക്കുഴലുകളിലൂടെ നല്‍കുന്ന ചില മരുന്നുകളിലൂടെയും ശ്വസിക്കാന്‍ നല്‍കുന്ന ചില വാതകങ്ങളിലൂടെയും രോഗിയെ മയക്കിക്കിടത്തുന്ന രീതിയാണ് ജനറല്‍ അനസ്തേഷ്യ. ശാസ്ത്രക്രിയയുടെ അവസാനഘട്ടംവരെ രോഗി അബോധാവസ്ഥയിലായിക്കും. ഈ സമയം രോഗിയുടെ ശാരീരിക മാറ്റങ്ങള്‍ അനസ്തറ്റിസ്റ്റ് നിരീക്ഷിച്ചുകൊണ്ടിരിക്കും. ജീവനും മരണത്തിനും ഇടയിലുള്ള ഈ നിമിഷങ്ങളില്‍ അനസ്തറ്റിസ്റ്റ് രോഗിയുടെ ജീവന് കാവല്‍നില്‍ക്കുന്നു.
സിരകളിലൂടെ മരുന്ന് നല്‍കുന്ന രീതി കുട്ടികളില്‍ മിക്കപ്പോഴും സാധിക്കാതെവരും. ശസ്ത്രക്രിയയെ തന്നെ കുട്ടികള്‍ക്ക് വലിയ ഭയമായിരിക്കും. അപ്പോള്‍ മരുന്ന് കുത്തിവെക്കാന്‍ ചെന്നാല്‍ വലിയ ബഹളമായിരിക്കും. ശരീരം അത്രമാത്രം ആയാസപ്പെട്ടാല്‍ ചിലപ്പോള്‍ രോഗിക്ക് അപകടങ്ങള്‍ വന്നേക്കാം. അത്തരം അവസരങ്ങളില്‍ രക്ഷിതാക്കളുടെ മുന്നില്‍വെച്ച് മൂക്കില്‍കൂടി ശ്വസിക്കുന്ന മരുന്ന് നല്‍കി ജനറല്‍ അനസ്തേഷ്യക്ക് വിധേയമാക്കാം.
റീജനല്‍ അനസ്തേഷ്യ
ശരീരത്തിന്‍െറ പ്രത്യേക ഭാഗത്തേക്ക് പോകുന്ന നാഡികളെ മരവിപ്പിച്ച് ആ ഭാഗത്തെ മാത്രം സംവേദനശേഷി ഇല്ലാതാക്കുന്ന രീതിയാണ് റീജനല്‍ അനസ്തേഷ്യ. ഈ അവസ്ഥയില്‍ രോഗിക്ക് പൂര്‍ണമായും ബോധം നഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുതന്നെ ചെറിയതോതില്‍ മയക്കാനുള്ള മരുന്നുനല്‍കി ഉറക്കിയശേഷം ശാസ്ത്രക്രിയ നടത്തുന്നു. തിമിരശസ്ത്രക്രിയക്കും മറ്റ് സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്കും റീജനല്‍ അനസ്തേഷ്യ ചെയ്യുന്നു. സുഷുമ്നാ നാഡിയിലെ സെറിബ്രോ സ്പൈനല്‍ ദ്രവത്തില്‍ മരുന്ന് നല്‍കി നെഞ്ചിനുതാഴെയുള്ള ശരീരഭാഗങ്ങള്‍ക്ക് സംവേദനശേഷി ഇല്ലാതാക്കുന്ന റീജനല്‍ അനസ്തേഷ്യയുടെ ഭാഗമായുള്ള അനസ്തേഷ്യയാണ് സ്പൈനല്‍ അനസ്തേഷ്യ. എപ്പിസ്യൂറല്‍ ഭാഗത്ത് കൂടിയ അളവില്‍ ഒൗഷധങ്ങള്‍ നല്‍കി നടത്തുന്നതാണ് എപ്പിസ്യൂറല്‍ അനസ്തേഷ്യ. സിസേറിയനും വേദനാരഹിതപ്രസവത്തിനും ഇത്തരം അനസ്തേഷ്യ നല്‍കിവരുന്നുണ്ട്.
ലോക്കല്‍ അനസ്തേഷ്യ
മുറിവില്‍ തുന്നല്‍ ഇടുന്നതിനും ചര്‍മഭാഗത്ത് ചെറിയ ശസ്ത്രക്രിയ നടത്തുന്നതിനും ഉപയോഗിക്കുന്ന രീതിയാണ് ലോക്കല്‍ അനസ്തേഷ്യ. ശസ്ത്രക്രിയ വേണ്ട ഭാഗത്ത് മരുന്ന് കുത്തിവെച്ച് മരവിപ്പിക്കുന്ന ലളിതമായ രീതി. ഈ അവസരത്തില്‍ രോഗിക്ക് പൂര്‍ണബോധം ഉണ്ടായിരിക്കും. എന്നാല്‍, വേദന അനുഭവപ്പെടുന്നില്ളെന്നുമാത്രം.
രോഗി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. പുകവലി, മദ്യപാനം എന്നീ ശീലങ്ങള്‍ ഉള്ളവര്‍ ആറ് ആഴ്ച മുമ്പെങ്കിലും അത് നിര്‍ത്തിവെക്കണം.
2. മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നയാളാണെങ്കില്‍ ഡോക്ടറോട് ആ കാര്യം വ്യക്തമായി അറിയിച്ചിരിക്കണം.
3. ഏതെങ്കിലും തരത്തിലുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുന്നുണ്ടെങ്കില്‍ ആ വിവരം അനസ്തറ്റിസ്റ്റിനെ രേഖാമൂലം അറിയിക്കണം.
4. ഏതെങ്കിലും മരുന്നുകളില്‍ അലര്‍ജിയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ ആ വിവരവും അനസ്തറ്റിസ്റ്റിനെയും പരിശോധിക്കുന്ന ഡോക്ടറെയും അറിയിച്ചിരിക്കണം.
5. മനസ്സിലെ ആശങ്കള്‍ തുറന്നുപറയുക. ഒരുതരത്തിലുള്ള ശാരീരിക-മാനസിക പ്രശ്നങ്ങളും മറച്ചുവെക്കരുത്.
6. ആസ്ത്മ, ശ്വാസകോശ രോഗങ്ങള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയുണ്ടെങ്കില്‍ ഡോക്ടറോട് പറയുക.
7. വെപ്പു പല്ലുകളോ, ഇളകിയ പല്ലുകളോ ഉണ്ടെങ്കില്‍ അറിയിക്കണം.
8. ശസ്ത്രക്രിയക്ക് ആറുമണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കുന്നത് നിര്‍ത്തിവെക്കുക.
9. ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷ്യവസ്തുക്കള്‍ ശസ്ത്രക്രിയ ദിവസവും തലേദിവസവും ഒഴിവാക്കുന്നത് നല്ലതാണ്.
ശസ്ത്രക്രിയ കഴിഞ്ഞാല്‍
ബോധം വീണ്ടെടുത്തുകഴിഞ്ഞാലും രോഗിക്ക് ചെറിയതോതില്‍ മയക്കം അനുഭവപ്പെടാം. ക്ഷീണം, ശരീരവേദന, തലവേദന, തൊണ്ടവേദന എന്നിവ ഉണ്ടാകാം.
2. അനസ്തേഷ്യയും ശസ്ത്രക്രിയയും ചെറുതാണെങ്കില്‍ പോലും കുറഞ്ഞത് 24 മണിക്കൂര്‍ വിശ്രമിക്കുക.
3. രോഗികള്‍ക്കൊപ്പം നിര്‍ബന്ധമായും ആരോഗ്യവാനായ ഒരാള്‍ ഉണ്ടാകണം.
4. യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതും വാഹനം ഓടിക്കുന്നതും 24 മണിക്കൂറെങ്കിലും ഒഴിവാക്കണം.
സിസേറിയനും നടുവേദനയും
സിസേറിയന്‍ സമയത്ത് നട്ടെല്ലിനിടയിലൂടെ സുഷുമ്നയില്‍ എടുക്കുന്ന അനസ്തേഷ്യ ഇന്‍ജക്ഷന്‍ ഭാവിയില്‍ നടുവേദനക്ക് കാരണമാകുമെന്ന ധാരണ വ്യാപകമാണ്. ഇത് ഒരു അടിസ്ഥാനവമില്ലാത്തതാണ്.
സ്വാഭാവികമായും ഉണ്ടാകുന്ന നടുവേദനയെ പഴയകാലത്ത് എടുത്ത ഇന്‍ജക്ഷന്‍െറ തലയില്‍ കെട്ടിവെക്കുന്നു എന്നല്ലാതെ ഇത് അടിസ്ഥാനരഹിതമായ ആശങ്കയാണ്. സ്പൈനല്‍ അനസ്തേഷ്യക്കുശേഷം 0.8 ശതമാനം ആളുകളില്‍ വളരെ അപൂര്‍വമായി നടുവേദന കാണപ്പെടാറുണ്ട്. എന്നാല്‍, അത്തരം പ്രശ്നങ്ങള്‍ ചികില്‍സകൊണ്ട് മാറുന്നവയാണ്.
അപകടസാധ്യത
അപകടരഹിതവും വേദനാരഹിതവുമായ ഒരു ചികില്‍സാ സഹായ ഘടകമാണെങ്കിലും ചില അവസരങ്ങളില്‍ അനസ്തേഷ്യ അപകടാവസ്ഥയിലേക്ക് പോകാറുണ്ട്. ഡോക്ടറോട് കഴിക്കുന്ന മരുന്നിനെപ്പറ്റിയും രോഗാവസ്ഥയെപ്പറ്റിയും ഒളിപ്പിച്ചുവെക്കുന്നവരിലാണ് മിക്കവാറും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുക.
ഹൃദയാഘാതം
അലര്‍ജി, മസ്തിഷ്കാഘാതം കുത്തിവെപ്പെടുത്ത ഭാഗത്തുള്ള തടിപ്പ്, ചൊറിച്ചില്‍ തുടങ്ങിയവയും അനസ്തേഷ്യയുടെ പാര്‍ശ്വഫലങ്ങളായി സംഭവിക്കാറുണ്ട്. 80 ശതമാനം അപകടാവസ്ഥകളും രോഗിയും അനസ്തറ്റിസ്റ്റും തമ്മിലുള്ള ആശയവിനിമയത്തിലെ പിശകുകൊണ്ടാവും ഉണ്ടാവുക. അതുകൊണ്ടുതന്നെ രോഗിയും ബന്ധുക്കളും കൃത്യമായ വിവരങ്ങള്‍ മാത്രമേ അനസ്തറ്റിസ്റ്റിനു നല്‍കാവൂ. ശസ്ത്രക്രിയ വേഗത്തില്‍ നടക്കാന്‍ വേണ്ടി വിവരങ്ങള്‍ മറച്ചുവെക്കുന്ന രീതി ഒഴിവാക്കിയാല്‍ തന്നെ അപകടങ്ങള്‍ 90 ശതമാനം കുറക്കാനാവും.
(ലേഖിക കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ അനസ്തറ്റിസ്റ്റാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
