കാഴ്ചയേകാം.... ഈ ഹതഭാഗ്യര്‍ക്ക്
text_fieldsആഗസ്റ്റ് 25 മുതല്‍ സപ്തംബര്‍ ഏട്ടുവരെ ദേശീയ നേത്രദാന പക്ഷാചരണം
കാഴ്ചയുടെ ഭാഗ്യം നിഷേധിക്കപ്പെട്ടുകൊണ്ട് ജീവിക്കുന്ന ലക്ഷകണക്കിന് സഹോദരങ്ങളാണ് നമുക്കിടയിലുള്ളത്. ഈ സുന്ദര ലോകത്തിലെ മനോഹരദൃശ്യളെല്ലാം ശബ്ദത്തിലൂടെയും സ്പര്‍ശനത്തിലൂടെയും മാത്രം തിരിച്ചറിയുന്ന ഇക്കൂട്ടര്‍ എല്ലാവര്‍ക്കും വേദനിപ്പിക്കുന്ന ഒരു കാഴ്ചയാണ്. എന്നാല്‍ വെളിച്ചത്തിന്‍െറ സൗഭാഗ്യങ്ങള്‍ നിഷേധിക്കപ്പെട്ട ഇവരുടെ അവസ്ഥയെപ്പറ്റി നമ്മള്‍ വളരെ അപൂര്‍വമായി മാത്രമാണ് ഓര്‍ക്കാറ്. ജന്മനാലോ രോഗങ്ങളുടെ ഫലമായോ അപകടങ്ങള്‍ മൂലമോ അന്ധരായി തീര്‍ന്ന ഇവരെ നമുക്കെല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ സഹായിക്കാനാവുമെന്നതാണ് വാസ്തവം. ആര്‍ക്കും നഷ്ടമില്ലാത്ത ധീരമായ ഒരു ചെറിയ തീരുമാനത്തിലൂടെ.
പണക്കാരനെന്നോ പാവപ്പെട്ടവരെന്നോ ഭേദമില്ലാതെ എതൊരു വ്യക്തിക്കും ചെയ്യാന്‍ കഴിയുന്ന ദാനമാണ് നേത്രദാനം. ഇതിന് പണമോ അധ്വാനമോ ആവശ്യമില്ല. മറിച്ച് നന്മയുള്ളൊരു മനസ്സ് മാത്രം മതി.
ആരോഗ്യരംഗത്ത് ഭീഷണിയുയര്‍ത്തുന്ന ഒരു പ്രശ്നമാണ് അന്ധത. ഇന്ത്യയെ പോലുള്ള വികസിത രാഷ്ട്രങ്ങളിലാവട്ടെ ഇത് വളര്‍ന്നുവരുന്നൊരു സാമൂഹിക പ്രശ്നം കൂടിയാണ്. അന്ധരില്‍ വലിയൊരു വിഭാഗമാകട്ടെ ചികിത്സിച്ചു മാറ്റാവുന്ന നേത്രപടലാന്ധത ബാധിച്ചവരും. ദേശീയ അന്ധതാ നിവാരണ പദ്ധതിയുടെ ഭാഗമായി നടത്തിയ കണക്കെടുപ്പ് പ്രകാരം 6.8 ദശലക്ഷം പേര്‍ ഇന്ത്യയില്‍ നേത്രപടലാന്ധത ബാധിച്ചവരാണ്. ഓരോ വര്‍ഷവും പുതിയതായി 30,000 ത്തോളം പേര്‍ക്ക് നേത്രപടലാന്ധത ബാധിക്കുന്നവെന്നാണ് കണക്ക്. 2020 ആകുന്നതോടെ 10.6 ദശലക്ഷം പേര്‍ ഇത്തരത്തില്‍ കാഴ്ചയില്ലാത്തവരായി മാറുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
മരണശേഷം ഒരു വ്യക്തി തന്‍െറ നേത്രപടലം (Cornea) ദാനം ചെയ്യാന്‍ തയാറായാല്‍ അന്ധരായ രണ്ട് വ്യക്തികള്‍ക്ക് കാഴ്ച തിരിച്ചുകിട്ടുമെന്നാണ് യാഥാര്‍ഥ്യം. ചുരുക്കത്തില്‍ മരിച്ചുപോകുന്ന ഓരോ വ്യക്തിയും ഇത്തരത്തില്‍ തന്‍െറ നേത്രപടലം ദാനം ചെയ്യുകയാണെങ്കില്‍ എതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ ലോകത്തിലുള്ള വലിയൊരു വിഭാഗം അന്ധന്മാരും വെളിച്ചത്തിലേക്ക് എത്തിച്ചേരും.
ഒരോ വര്‍ഷവും കോടിക്കണക്കിന് ആളുകള്‍ മരിച്ചുപോകുമ്പോള്‍ കേവലം ആയിരങ്ങള്‍ മാത്രമാണ് നേത്രാദനത്തിന് സന്നദ്ധരായി രംഗത്തത്തെുന്നത് എന്നതാണ് ഈ രംഗം നേരിടുന്ന പ്രധാന വെല്ലുവിളി.
നിലവില്‍ നമ്മുടെ നാട്ടില്‍ പ്രമുഖരായ ചിലര്‍ക്ക് പുറമെ ചെറിയൊരു ശതമാനം പേര്‍ മാത്രമാണ് നേത്രദാനത്തിനായി മുന്നോട്ട് വരുന്നത്. ഈ അടുത്ത കാലത്ത് നടന്നിട്ടുള്ള ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി കൂടുതല്‍ പേര്‍ നേത്രദാനത്തിനായി സന്നദ്ധരാവുന്നുണ്ടെന്നത് ആശ്വാസകരമാണ്. എന്നല്‍ നേത്രദാനം സംബന്ധിച്ച പ്രതിജ്ഞാപത്രങ്ങള്‍ നല്‍കുന്നത് കൂടുതലും യുവാക്കളായതിനാല്‍ വളരെകാലം കഴിഞ്ഞ് ഇവരുടെ മരണസമയത്ത് നടക്കേണ്ട കാര്യങ്ങള്‍ പലപ്പോഴും വിസ്മരിക്കപ്പെട്ട് പോകാനാണ് സാധ്യത. മതപരമായ പ്രശ്നങ്ങള്‍, ബന്ധുക്കളുടെ എതിര്‍പ്പ് തുടങ്ങിയ പലവിധ കാരണങ്ങള്‍ വേറെയും നേരിടേണ്ടിവരും. അതുകൊണ്ടുകൂടിയാണ് നേത്രദാനത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുന്നതിനും ഇതിനായി ആവശ്യമുള്ള ലളിതമായ നടപടിക്രമങ്ങളെ കുറിച്ച് സമൂഹത്തെ അറിയിക്കുന്നതിനും വന്‍തോതിലുള്ള ബോധവത്കരണം ആവശ്യമായിവരുന്നത്. സര്‍ക്കാറും സന്നദ്ധ സംഘടനകളും നാട്ടിന്‍പുറങ്ങളിലെ ക്ളബുകളും ചേര്‍ന്ന് രംഗത്തിറങ്ങിയാല്‍ എളുപ്പത്തില്‍ നേടിയെടുക്കാവുന്ന ഒരു ലക്ഷ്യമാണിത്.
എന്താണ് നേത്രദാനം..?
നേത്രപടല അന്ധത ബാധിച്ച ഒരു വ്യക്തിക്ക് നേത്രപടലം മാറ്റിവെക്കുന്ന ശസ്ത്രക്രിയയിലൂടെ മാത്രമേ കാഴ്ച തിരിച്ചു കിട്ടുകയുള്ളു. മരിച്ച ഒരു വ്യക്തിയുടെ നേത്രപടലം എടുത്ത് അതാവശ്യമുള്ള വ്യക്തിയുടെ കണ്ണുകളില്‍ വെച്ച് പിടിപ്പിക്കുകയാണ് ഇവിടെ ചെയ്യന്നത്. ഈ ശസ്ത്രക്രിയക്ക് മരിച്ചുപോയൊരു വ്യക്തിയുടെ നേത്രപടലമല്ലാതെ മറ്റ് കൃത്രിമ വസ്തുക്കളൊന്നും ഉപയോഗിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ മരണശേഷം വ്യക്തികള്‍ നേത്രങ്ങള്‍ ദാനം ചെയ്താല്‍ മാത്രമെ ഇരുളില്‍ കിടന്ന് കഷ്ടപ്പെടുന്നവരെ കാഴ്ചയുടെ സുന്ദരലോകത്തേക്ക് എത്തിക്കാന്‍ കഴിയുകയുള്ളു.
ഇന്ത്യയില്‍ ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ ബാങ്ക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആജീവനാന്ത അംഗത്വത്തോടും സര്‍ക്കാറിന്‍െറ അവയവദാന നിയമത്തിന്‍െറ അംഗീകാരത്തോടും കൂടി പ്രവര്‍ത്തിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. 24 മണിക്കൂറും സേവന സന്നദ്ധതയോടെ പ്രവര്‍ത്തിക്കുന്ന നേത്രബാങ്കുകള്‍ ഇവിടെ ലഭ്യമാണ്. നേത്രദാനത്തിന് സമ്മതം നല്‍കിയ വ്യക്തിയുടെ മരണശേഷം ഉടന്‍തന്നെ ഇത്തരം കേന്ദ്രങ്ങളിലെ വിദഗ്ദ ഡോക്ടര്‍മാര്‍ എത്തി മൃതദേഹത്തിലെ കണ്ണുകളില്‍ നിന്ന് നേത്രപടലം ശേഖരിച്ച് നേത്രബാങ്കുകളിലത്തെിക്കുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ അര്‍ഹരായ വ്യക്തികള്‍ക്ക് ഇത് നല്‍കുന്നു.
നേത്രദാനം നടത്തുന്നതിന് പ്രായം ഒരിക്കലും ഒരു തടസ്സമാവുന്നില്ല. ഏതു പ്രായത്തിലുള്ളവര്‍ക്കും കണ്ണുകള്‍ ദാനം ചെയ്യാം. മരണം സംഭവിച്ച് ആറുമണിക്കൂറിനുള്ളില്‍ വേണം ഇത് ചെയ്യാന്‍. അതായത് മരണം സംഭവിച്ചാല്‍ എത്രയും പെട്ടെന്ന് തന്നെ അടുത്തുള്ള നേത്രബാങ്കില്‍ അറിയിക്കണമെന്നര്‍ഥം.
എല്ലാം അംഗീകൃത നേത്രബാങ്കുകള്‍ക്കും 1053 എന്ന ടോള്‍ഫ്രീ നമ്പര്‍ ഉണ്ട്. മരണം സംഭവിക്കുന്നത് എവിടെയാണെങ്കിലും നേത്രദാനത്തിന് തടസ്സമില്ല. ആശുപത്രികളില്‍ നടക്കുന്ന മരണമാണെങ്കില്‍ നേത്രബാങ്കുകളെ വിവരമറിയിച്ചാല്‍ മൃതശരീരം വീട്ടിലത്തെുന്നതിന് മുമ്പുതന്നെ പ്രസ്തുത ആശുപത്രിയില്‍ വെച്ച് കണ്ണുകള്‍ ദാനം ചെയ്യാന്‍ കഴിയും. മരണം സംഭവിക്കുന്നത് വീടുകളിലാണെങ്കിലും വിവരമറിയിച്ചാല്‍ നേത്രബാങ്കിലെ മെഡിക്കല്‍ സംഘം വീട്ടിലേക്കത്തെും.
ആത്മഹത്യ, അപകടമരണം എന്നിവ നേത്രദാനത്തന് അത്ര കാര്യക്ഷമമാകാറില്ല. ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം തുടങ്ങിയ നടപടികള്‍ക്കുള്ള സമയനഷ്ടം സൃഷ്ടിക്കുന്നതാണ് ഇതിനു കാരണം. വേണ്ടത്ര ബോധവത്കരണം ഇല്ലാത്തതും ചില അന്ധവിശ്വാസങ്ങളുമാണ്. നേത്രദാനത്തിന് പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നത്.
മൃതശരീരത്തില്‍ നിന്നും കണ്ണുകള്‍ നീക്കം ചെയ്താല്‍ മുഖം വൈകൃതമാകുമെന്നതും മൃതശരീരത്തില്‍ നിന്നും കണ്ണുകള്‍ നീക്കം ചെയ്യാന്‍ മണിക്കൂറുകള്‍ നീണ്ട സമയം ആവശ്യമായി വരും എന്നുമുള്ള തെറ്റായ ധാരണകളെല്ലാം ഇവയില്‍ ചിലതാണ്. എന്നാല്‍ മൃതശരീരത്തില്‍നിന്നും നേത്രപടലം നീക്കം ചെയ്തശേഷം കേവലം 20 മിനിറ്റ് കൊണ്ട് നേത്രബാങ്കിലെ സംഘത്തിന് മടങ്ങാന്‍ കഴിയും. മരണാനന്തര ക്രിയകള്‍ക്കും ഇത് ഒരിക്കലും തടസ്സമാകില്ല.
നേത്രദാന സമ്മതപത്രം ഒപ്പിടാത്തവര്‍ക്കും കണ്ണുകള്‍ ദാനം ചെയ്യാം. മരണം സംഭവിച്ച വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ നേത്രബാങ്കില്‍ നിന്നുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ടു നല്‍കിയാല്‍ മതി.
ബന്ധുക്കള്‍ ചെയ്യേണ്ടത്
മരണം സംഭവിച്ചാല്‍ ബന്ധുക്കള്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന വീടിന്‍െറ സ്ഥലം കൃത്യമായി നേത്രബാങ്കിലുള്ളവര്‍ക്ക് പറഞ്ഞുക്കോടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. മൃതശരീരം കിടത്തിയിരിക്കുന്ന മുറിയിലെ ഫാനുകള്‍ ഓഫ് ചെയ്യേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്. അതേസമയം എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല. തലയിണ ഉപയോഗിച്ച് മൃതശരീരത്തിന്‍െറ ശിരസ്സ് ഉയര്‍ത്തി വെക്കുകയും കണ്‍പോളകള്‍ അടഞ്ഞിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. കണ്‍ പോളക്കള്‍ക്ക് മീതെ വൃത്തിയുള്ള നനഞ്ഞ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് മൂടിവെക്കുന്നതും നല്ലതാണ്.
നേത്രദാനത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനായി ഭാരതത്തിലെ എല്ലാ നേത്രബാങ്കുകളും വര്‍ഷംതോറും നേത്രദാന പക്ഷാചരണം ആചരിക്കാറുണ്ട്. ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെയാണ് ഇത് ആചരിക്കുന്നത്. അപ്രതീക്ഷിതമായി എത്തുന്ന മരണം മൂലം ബന്ധുക്കളും ഉറ്റവരും നേത്രദാനം നടത്തുന്ന കാര്യം മറന്നുപോകാന്‍ ഇടയുള്ളതിനാല്‍ ക്ളബുകള്‍, സന്നദ്ധ സംഘടനകള്‍, അയല്‍കൂട്ടങ്ങള്‍, കുടുംബശ്രി യൂനിറ്റുകള്‍ എന്നിവ ഇത്തരം ദൗത്യങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.
അതേസമയം രക്താര്‍ബുദം, എയ്ഡ്സ്, ഹെപ്പെറ്റൈറ്റിസ്-ബി തുടങ്ങി എതാനും ചില അസുഖങ്ങള്‍ ബാധിച്ച് മരിച്ചവരുടെ കണ്ണുകള്‍ മാറ്റിവെക്കുന്നതിനായി സ്വീകരിക്കാറില്ല.
കണ്ണുകളുണ്ടായിട്ടും ചുറ്റുമുള്ള ലോകത്തെ കാണാന്‍ കഴിയാത്ത ഹതഭാഗ്യരായ നമ്മൂടെ സഹോദന്മാരെ കാഴ്ചയുടെ പുതുവസന്തത്തിലേക്കാനയിക്കാന്‍ മടിച്ചു നില്‍ക്കാതെ നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്്്.
(ലേഖകന്‍ കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയിലെ അസിസ്റ്റന്‍റ് മാനേജരാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
