Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightസോറിയാസിസ്...

സോറിയാസിസ് നിയന്ത്രിക്കാം

text_fields
bookmark_border
സോറിയാസിസ് നിയന്ത്രിക്കാം
cancel

അതിവിപുലമായ ധര്‍മങ്ങളുള്ള ഏറ്റവും വലിയ അവയവമാണ് ചര്‍മം. ഏറ്റവുമധികം രോഗസാധ്യതയുള്ള അവയവവും ചര്‍മമാണ്. ചര്‍മത്തെ ബാധിക്കുന്ന ഒരു ദീര്‍ഘകാല രോഗമാണ് സോറിയാസിസ്. ചര്‍മത്തിന്‍െറ സ്വാഭാവിക സൗന്ദര്യവും മൃദുത്വവും നഷ്ടപ്പെടാന്‍ ഇടയാക്കുന്ന സോറിയാസിസ് വളരെ വ്യാപകമായി കാണപ്പെടുന്ന ഒരു രോഗമാണ്. ആയുര്‍വേദം ‘ഏകം’, ‘സിദ്ധ്മം’ എന്നീ പേരുകളിലാണ് സോറിയാസിസിനെ സൂചിപ്പിക്കുക.

കാരണങ്ങള്‍
ശരീരത്തിന്‍െറ പ്രതിരോധ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകള്‍, വിരുദ്ധാഹാരങ്ങള്‍, തുടര്‍ച്ചയായ മാനസിക സംഘര്‍ഷങ്ങള്‍, പാരമ്പര്യം ഇവ സോറിയാസിസിന് വഴിവെക്കുന്ന പ്രധാന ഘടകങ്ങളാണ്. പാരമ്പര്യമായി ചര്‍മരോഗങ്ങള്‍, ആസ്ത്മ തുടങ്ങിയവ ഉള്ളവര്‍ക്ക് സോറിയാസിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ലക്ഷണങ്ങള്‍ തിരിച്ചറിയാം
കൈകാല്‍ മുട്ടുകളുടെ പുറംഭാഗത്തും തലയിലും കട്ടിയുള്ള ശല്‍ക്കങ്ങള്‍ രൂപപ്പെടുന്നതാണ് രോഗത്തിന്‍െറ മുഖ്യ ലക്ഷണം. തലയില്‍ താരന്‍െറ രൂപത്തിലാണ് പലരിലും ഈ രോഗം ആരംഭിക്കുക. കൂടാതെ,
* തൊലി കട്ടികൂടി രൂക്ഷമായിരിക്കുക
* ചൊറിച്ചില്‍
* നിറം മാറ്റം
* ചെതുമ്പലോടു കൂടിയ ചുവന്ന പാടുകള്‍
* വെള്ളത്തുള്ളികള്‍ പറ്റിയതു പോലെയുള്ള കട്ടികൂടിയ പാടുകള്‍
* തൊലിയില്‍നിന്ന് ചാരനിറത്തിലുള്ള ചെതുമ്പലുകള്‍ പൊടിരൂപത്തിലോ പാളികളായോ ഇളകിവരുക.
* ശക്തമായ മുടികൊഴിച്ചില്‍
* ചൊറിഞ്ഞ് രക്തം പൊടിയുക
* വിട്ടുമാറാതെയുള്ള ഉപ്പൂറ്റിയിലെയും കൈവെള്ളയിലെയും വിള്ളലുകള്‍. ഇവ സോറിയാസിസിന്‍െറ സൂചനകളാണ്.

സോറിയാസിസും സന്ധിവാതവും
5-10 ശതമാനം രോഗികളിലും സോറിയാസിസിന് അനുബന്ധമായി സന്ധിവാതം ഉണ്ടാകാറുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും രോഗസാധ്യത ഒരുപോലെയാണ്. 60 ശതമാനം രോഗികളിലും സന്ധിവേദന ഉണ്ടാകുന്നതിനു മുമ്പുതന്നെ ചര്‍മത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചില ഘട്ടങ്ങളില്‍ പാടുകള്‍ ഉണ്ടാകുന്നതിന് മുമ്പുതന്നെ സന്ധികളില്‍ വേദനയും നീര്‍ക്കെട്ടുമുണ്ടാകാം. പാടുകളും വേദനയും ഒരുമിച്ച് തുടങ്ങുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാറുണ്ട്.
വിവിധതരം സന്ധിവാതരോഗങ്ങളാണ് സോറിയാസിസ് രോഗികളില്‍ കണ്ടുവരുന്നത്. സന്ധിവാതം ശരീരത്തിലെ മൂന്നോ നാലോ സന്ധികളെ മാത്രമായി ബാധിക്കുകയോ ശരീരത്തിന്‍െറ ഇരുവശത്തുമുള്ള അഞ്ചോ അതിലധികമോ സന്ധികളെ ബാധിക്കുകയോ ചെയ്യാറുണ്ട്. ചിലപ്പോള്‍ വിരലുകളെ മാത്രമായും നട്ടെല്ലിനെ മാത്രമായും സന്ധിവാതം ബാധിക്കും. സന്ധികളില്‍ ചൊറിച്ചില്‍, വീര്‍പ്പ്, വ്രണങ്ങള്‍, കണ്ണില്‍ ചുവപ്പ്, മൂത്രനാളിയില്‍ അണുബാധ, നടുവേദന, ഒരു വിരലില്‍ മുഴുവനും നീര്‍വീക്കവും തടിപ്പും, നഖങ്ങള്‍ കുഴിഞ്ഞ് കട്ടികൂടിയിരിക്കുക തുടങ്ങിയവ സന്ധിവാതവുമായി ബന്ധപ്പെട്ട് സോറിയാസിസ് രോഗികളില്‍ കാണാറുണ്ട്.

പരിഹാരങ്ങള്‍
a) ചികിത്സ
സോറിയാസിസ് വീണ്ടും ആവര്‍ത്തിക്കുന്ന രോഗമായതിനാല്‍ തുടര്‍ചികിത്സയും പരിചരണവും അനിവാര്യമാണ്. ഔധങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നതോടൊപ്പം ജീവിതശൈലി ക്രമീകരിക്കുന്നതും സോറിയാസിസ് നിയന്ത്രണത്തിലാക്കും. ഒപ്പം ആവര്‍ത്തന സ്വഭാവത്തെ കുറക്കുകയും ചെയ്യും. ഔധത്തോടൊപ്പം സ്നേഹനം, സ്വേദനം, വമനം, വിരേചനം, തക്രധാര തുടങ്ങി വിശേഷചികിത്സകള്‍ ചില ഘട്ടങ്ങളില്‍ നല്‍കാറുണ്ട്.

b) ഭക്ഷണം ശ്രദ്ധയോടെ
സോറിയാസിസിന്‍െറ പ്രതിരോധത്തിന് ആഹാരവും നല്ല പങ്കുവഹിക്കുന്നുണ്ട്. പാല്‍-കോഴിയിറച്ചി, തൈര്-മീന്‍, പുളിയുള്ള പഴങ്ങള്‍-പാല്‍ തുടങ്ങിയ വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കേണ്ടത് രോഗനിയന്ത്രണത്തിന് അനിവാര്യമാണ്. തഴുതാമയില, നെല്ലിക്ക, പടവലങ്ങ, ചെറുപയര്‍, കാരറ്റ്, വഴുതിനങ്ങ,ചുണ്ടക്ക ഇവ മാറി മാറി ഭക്ഷണത്തില്‍പെടുത്തുന്നത് ഏറെ ഗുണകരമാണ്. എന്നാല്‍, ഇലക്കറികള്‍ എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കാനും ശ്രദ്ധിക്കണം. ഉപ്പും കൊഴുപ്പും കൂടിയ വിഭവങ്ങള്‍, ചെമ്മീന്‍, ഞണ്ട്, ഉഴുന്ന്, തൈര് ഇവ ഒഴിവാക്കുകയും വേണം. കരിങ്ങാലിക്കാതല്‍ ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് നല്ല ഫലം തരും.

c) മാനസിക സമ്മര്‍ദം
സോറിയാസിസ് രോഗത്തെ ഗണ്യമായി കൂട്ടുന്ന പ്രധാന ഘടകമാണ് മാനസിക സമ്മര്‍ദം. സമ്മര്‍ദങ്ങളെ ലഘൂകരിക്കുന്നതോടൊപ്പം മതിയായ ഉറക്കവും വിശ്രമവും രോഗശാന്തി ഉറപ്പാക്കും. പ്രാണായാമം ശീലമാക്കുന്നതും മാനസിക നിലവാരം മെച്ചപ്പെടുത്തും.

d) വ്യായാമം
ചര്‍മത്തിലെ കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം ലഘുവ്യായാമങ്ങള്‍ ശീലമാക്കാം.

e) ചെറുപയര്‍പൊടി
ചെറുപയര്‍പൊടി ചര്‍മത്തില്‍ പുരട്ടുന്നത് സോറിയാസിസ് രോഗിക്ക് ഗുണകരമല്ല. പകരം ചെറുപയറും നെല്ലിക്കയും പുഴുങ്ങിയരച്ച് പുറമേ പുരട്ടാവുന്നതാണ്.

ഡോ. പ്രിയ ദേവദത്ത്
കോട്ടക്കല്‍ ആര്യവൈദ്യശാല
മാന്നാര്‍
drpriyamannar@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health
Next Story