You are here

67 കോടി പേർ പൊണ്ണത്തടി മൂലം ബുദ്ധിമുട്ടുമ്പോൾ 82 കോടി ജനം വിശന്നു പൊരിയുകയാണ്!

  • ഇന്ന് ലോക ഭക്ഷ്യദിനം

സജ്​ല ജലീൽ
12:43 PM
16/10/2019

ലോകത്തുനിന്ന് വിശപ്പ് തുടച്ചു നീക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഒക്ടോബർ 16ന് ലോക ഭക്ഷ്യദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ കാർഷിക സംഘടനയാണ് ഭക്ഷ്യദിനാചരണത്തിന് നേതൃത്വം നൽകുന്നത്. ആഹാരം വ്യക്തിയുടെ അടിസ്ഥാന ആവശ്യമാണെന്നും വിശപ്പും ദാരിദ്ര്യവും ലോകത്തുനിന്ന് ഇല്ലാതാക്കേണ്ടത് മനുഷ്യാവകാശമാണെന്നും ഓർമ്മപ്പെടുത്തിയാണ് ഒരോ ഭക്ഷ്യദിനവും കടന്നുപോകുന്നത്.

2030തോടെ വിശപ്പ് തുടച്ചുനീക്കുക (Achieving Zero Hunger) എന്നതാണ് യു.എന്നിന്‍റെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്‍റെ (എഫ്.എ.ഒ.) ലക്ഷ്യം. ആധുനിക കാലത്ത് വിശപ്പ് എന്നത് കേവലം ഭക്ഷണമില്ലായ്മ മാത്രമല്ല, പോഷകാഹാരക്കുറവിനെയും ഈ വാക്ക് ഉൾകൊള്ളുന്നു. 

വിശപ്പും പൊണ്ണത്തടിയും

നമ്മുടെ ഭക്ഷണ ശീലങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചത് അടുത്ത കാലത്താണ്. വരുമാനത്തിലെ വർധനവും വ്യവസായവത്കരണവും നഗരകേന്ദ്രീകൃതമായ ജീവിതവും ഇതിന് കാരണമായി കരുതാം. കാലാവസ്ഥക്കനുസരിച്ചും നാരുകൾ നിറഞ്ഞതും സസ്യാഹാരത്തിന് മുൻഗണന നൽകുന്നതുമായിരുന്നു നമ്മുടെ ഭക്ഷണ രീതി. അതിൽനിന്ന് കൊഴുപ്പും ഉപ്പും പഞ്ചസാരയും സംസ്കരിച്ചെടുത്ത ധാന്യങ്ങളും മാംസവും മാത്രം നിറഞ്ഞ ഭക്ഷണ ശീലങ്ങളിലേക്ക് നാം മാറിയിരിക്കുന്നു.

ഒരു വ്യക്തിക്ക് ആവശ്യമായ പോഷകഘടകങ്ങൾ പ്രധാനം ചെയ്യുന്നതും ആരോഗ്യം നിലനിർത്തുന്നതും അസുഖങ്ങൾ തടയുന്നതുമായി ഭക്ഷണത്തെ പൊതുവിൽ ആരോഗ്യകരമായ ഭക്ഷണം എന്നു പറയാം. പച്ചക്കറികളും പയർവർഗങ്ങളും തവിട് കളയാത്ത ധാന്യങ്ങളും സസ്യങ്ങളും ഉൾപ്പെട്ടതാണിത്. കൊഴുപ്പിന്‍റെയും പഞ്ചസാരയുടെയും ഉപ്പിന്‍റെയും ഉപയോഗത്തിൽ മിതത്വം പാലിക്കുകയും വേണം. അതാതുകാലത്ത് ലഭിക്കുന്ന പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവക്കാണ് പ്രാധാന്യം നൽകേണ്ടത്. സസ്യാഹാരത്തിനായി വീട്ടിൽതന്നെ അടുക്കളത്തോട്ടം നിർമിക്കുക. ഇത്തരത്തിൽ പോഷകസമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണം ശീലമാക്കുന്നതാണ് ആരോഗ്യകരം.

ഉദ്യോഗത്തിരക്കുകൾക്കിടയിൽ വീടുകളിൽ പാചകം ചെയ്യാനുള്ള സമയം കുറഞ്ഞതോടെ സൂപ്പർമാർക്കറ്റുകളുടെയും ഫാസ്റ്റ്ഫുഡ് ഒൗട്ട്ലറ്റുകളുടെയും തെരുവ് ഭക്ഷണശാലകളുടെയും ഉപഭോക്താവായി നമ്മൾ മാറി. അനാരോഗ്യകരമായ ഭക്ഷണശീലവും വ്യയാമ വിമുഖതയുള്ള ജീവിതശൈലിയും വികസിത രാജ്യങ്ങളിൽ മാത്രമല്ല, വികസ്വര രാജ്യങ്ങളിലും പൊണ്ണത്തടിയുടെ നിരക്ക് കുത്തനെ വർധിപ്പിച്ചിരിക്കുന്നു.

വിചിത്രം ഈ കണക്കുകൾ

672 മില്യൺ ജനങ്ങൾ പൊണ്ണത്തടിയും അമിതഭാരവും ഉള്ളവരാണെന്നാണ് കണക്ക്. അതിൽ 120 മില്യൺ അഞ്ചിനും 19നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. അഞ്ചു വയസ്സിനു താഴെയുള്ള 40 മില്യൺ കുട്ടികളും അതിൽ ഉൾപ്പെടും. ലോക ജനസംഖ്യയിൽ മൂന്നിലൊന്ന് ജനങ്ങൾ പൊണ്ണത്തടിയും പോഷകാഹാരക്കുറവ് കൊണ്ടുള്ള മറ്റു അസുഖങ്ങളും അനുഭവിക്കുന്നവരാണ്. 2025 ൽ ഇത് രണ്ടിലൊന്ന് എന്ന തോതിലേക്ക് ഉയരുമെന്ന് ഈ രംഗത്ത് പഠനം നടത്തുന്നവർ മുന്നറിയിപ്പ് നൽകുന്നു. 820 മില്യൺ ജനം പട്ടിണി കിടക്കുമ്പോഴാണിതെന്നാണ് വിചിത്രം. 672 മില്യൺ ആളുകൾ പൊണ്ണത്തടിയുള്ളവരും 1.3 ബില്യൺ ആളുകൾ അമിത ഭാരമുള്ളവരുമാണെന്നിരിക്കെയാണ് 820 മില്യൺ ജനം വിശപ്പ് സഹിച്ച് ഒാരോ ദിവസും തള്ളി നീക്കുന്നത്...!

 

Loading...
COMMENTS