You are here

നോമ്പെടുക്കാം... ആരോഗ്യം സംരക്ഷിക്കാം

വിശ്വാസിയുടെ മനസ്സും വിശ്വാസവും കര്‍മ്മവുമെല്ലാം സംസ്കരിച്ചെടുക്കുന്നതോടൊപ്പം ശരീരത്തെ ശുദ്ധീകരിച്ച് ആരോഗ്യപ്രദമാക്കാന്‍ കൂടിയാണ് മുന്‍കാലങ്ങളില്‍ നോമ്പിന്‍െറ രീതികള്‍ ചിട്ടപ്പെടുത്തിയിരുന്നത്. എന്നാല്‍ അടുത്ത കാലത്ത് സംഭവിച്ച സാമൂഹിക മാറ്റങ്ങള്‍ നോമ്പെടുക്കുന്നതിനെപ്പോലും പ്രതികൂലമായി ബാധിച്ചയായി കാണാന്‍ കഴിയും. ഇതില്‍ പ്രധാനമാണ് നോമ്പുതുറക്കുമ്പോഴും തുറന്നതിന് ശേഷവും കഴിക്കുന്ന ഭക്ഷണങ്ങളില്‍ വന്ന മാറ്റം. വിലകൂടിയ ഭക്ഷണങ്ങള്‍ കൂടുതല്‍ നല്ലഭക്ഷണമാണെന്ന  അശാസ്ത്രീയമായ ചിന്താഗതികൂടിയായതേയാടെ നോമ്പുതുറയുടെ രീതികള്‍ പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന വേദികളായി മാറിയിരിക്കുയാണ്.

പകല്‍ നോമ്പുസമയത്ത് അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നത് ഒരു പരിധിവരെ ഉപവാസ ചികിത്സയുടെ ഫലം ചെയ്യുകയും നോമ്പുകാലം കഴിയുന്നതോടെ ശരീരത്തിലെ ദുര്‍മേദസും കൊഴുപ്പും ഇല്ലാതായി കൂടുതല്‍ ആരോഗ്യത്തിലേക്ക് മാറുകയും ചെയ്യും. എന്നാല്‍ ഈ അനുകൂലസാഹചര്യം പലപ്പോഴും നോമ്പുതുറയുടെ സമയത്ത് കഴിക്കുന്ന ഭക്ഷണം ഇല്ലാതാക്കുകയാണ് പതിവ്. മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതിരിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നും അതില്‍നിന്ന് രക്ഷനേടാന്‍ നോമ്പ് തുറക്ക് ശേഷം കഴിയുന്നത്ര അളവില്‍ ഭക്ഷണം കഴിക്കണമെന്നും കരുതുന്നത് പോലെയാണ് ചിലര്‍ നോമ്പുതുറന്നാല്‍ ഭക്ഷണം കഴിക്കുന്നത്. സാധാരണ രാവിലെ ആറുണിക്ക് കട്ടന്‍ചായ മുതല്‍ രാത്രി ഒമ്പത് മണിക്കോ 10 മണിക്കോ കഴിക്കുന്ന അത്താഴം വരെയുള്ള 16 മണിക്കൂറിനിടയില്‍ പലപ്പോഴായി നാം കഴിച്ചിരുന്ന  ഭക്ഷണം പലരും നോമ്പ് കാലത്ത് ചുരുങ്ങിയ സമയത്തിനകം കഴിക്കാന്‍ ശ്രമിക്കുകയാണ്. അതാകട്ടെ  എണ്ണയും കൊഴുപ്പും മസാലകളും മധുരവും അമിതതോതില്‍ അടങ്ങിയ ഭക്ഷണം. പുലര്‍കാലം മുതല്‍ സന്ധ്യവരെ ഉപവാസത്തിലൂടെ നേടുന്ന ശരീരശുദ്ധി ഇത്തരം ആഹാരങ്ങള്‍ അമിതമായി കഴിക്കുന്നതിലൂടെ ഭൂരിപക്ഷവും ഇല്ലാതാക്കുന്നതായിക്കാണാം. അതേസമയം അല്‍പം ചില കാര്യങ്ങളില്‍  ശ്രദ്ധപുലര്‍ത്തിയാല്‍ നോമ്പ് കാലം കൂടുതല്‍ ആരോഗ്യപൂര്‍ണമാക്കാന്‍ കഴിയും എന്നതാണ് സത്യം.

നോമ്പുതുറക്കുമ്പോള്‍

ഉണങ്ങിയ ഈന്തപ്പഴവും നാരങ്ങാവെള്ളവുമാണ് നമ്മുടെ നാട്ടില്‍ നോമ്പുതുറക്ക് സാധാരണ ഉപയോഗിക്കുന്ന വിഭവങ്ങള്‍. ഉപവാസത്തിനുശേഷം ഈന്തപ്പഴം കഴിക്കുന്നത് ഗുണപ്രദമാണെന്നത് ഒരു ശാസ്ത്രീയ സത്യമാണ്്. ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുളള പോഷകങ്ങള്‍ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നത് മൂലം വിശപ്പ് ഉടന്‍ കുറയുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. കൂടാതെ ഇതിലുളള പൊട്ടാസ്യം നാഡികളെ ഉണര്‍ത്തി ക്ഷീണം ഇല്ലാതാക്കും. ഉണങ്ങിയ ഈന്തപ്പഴത്തില്‍ സോഡിയത്തിന്‍്റെ അളവ് കുറവും പൊട്ടാസ്യം കൂടുതലുമാണ്. ഇതു രക്തസമ്മര്‍ദം ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിനു സഹായിക്കും. ഇതിലുളള മഗ്നീഷ്യവും ബി.പി കുറക്കാന്‍ നല്ലതാണ്. ഈന്തപ്പഴത്തില്‍ ധാരാളമുള്ള നാരുകള്‍ കുടലില്‍ നിന്നു മാലിന്യങ്ങളുടെ നീക്കം എളുപ്പമാക്കുന്നതോടൊപ്പം നോമ്പ്കാലത്തുണ്ടാവുന്ന  മലബന്ധം ഇല്ലാതാക്കുകയും ചെയ്യും. നോമ്പുതുറക്ക് ശേഷം ലഘുഭക്ഷണമാണ് കഴിക്കേണ്ടത്. പച്ചക്കറികളും പഴങ്ങളും പാലും പാലുല്‍പ്പന്നങ്ങളും ഉപയോഗിക്കുക. തരിക്കഞ്ഞി  നെയ്യ് ചേര്‍ക്കാതെയുണ്ടാക്കണം. ചപ്പാത്തിയും മറ്റും എണ്ണ ചേര്‍ക്കാതെ ചുട്ടെടുക്കാം. മത്സ്യമാംസ വിഭവങ്ങള്‍ക്ക് നല്‍കുന്ന അമിത പ്രാധാന്യം നിര്‍ബന്ധമായും ഒഴിവാക്കണം. ഇറച്ചിയും മത്സ്യവും മസാലകള്‍ കുറച്ച് ചുട്ടെടുത്തോ എണ്ണ കുറച്ചോ പാചകം ചെയ്ത് മിതമായ അളവില്‍ നല്ലവണ്ണം ചവച്ചരച്ച് കഴിക്കാന്‍ ശ്രദ്ധിക്കണം.

അത്താഴത്തിന്

പുലര്‍ച്ചെയുള്ള അത്താഴത്തിന് തലേദിവസം നോമ്പ് തുറക്ക് പാചകം ചെയ്ത ഭക്ഷണംതന്നെ കഴിക്കുന്നത് പലരുടെയും ശീലമാണ്. പഴയഭക്ഷണം ആരോഗ്യപ്രദമല്ളെന്ന് മാത്രമല്ല ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അപ്പോള്‍ തയാറാക്കിയ കഞ്ഞി, പാല്‍, പച്ചക്കറി വിഭവങ്ങള്‍,  സൂപ്പുകള്‍ എന്നിങ്ങനെ ഊര്‍ജദായകമായ ഭക്ഷണങ്ങളാണ് അത്താഴത്തിന് നല്ലത്.

ശരീരത്തിലെ ജലം ഇല്ലാതാവുമ്പോള്‍

നോമ്പുകാലത്ത് ശരീരം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് നിര്‍ജലീകരണം. വേനല്‍ക്കാലത്താണ് നോമ്പെടുക്കുന്നതെങ്കില്‍ വിയര്‍പ്പിലൂടെ ജലം നഷ്ടപ്പെട്ട് നിര്‍ജലീകരണം ഉണ്ടാവാം. ഇത് രക്തസ മ്മര്‍ദ്ദം കുറയാനിടയാക്കും. പ്രത്യേകിച്ച് രോഗികളില്‍. ഈ പ്രശ്നത്തെ നേരിടാന്‍  നോമ്പ്തുറ മുതല്‍ അത്താഴം വരെ ധാരാളം ശുദ്ധജലം കുടിക്കുക. കോളകളും കൃത്രിമ പാനീയങ്ങളും ചായയും കാപ്പിയും ഗുണത്തേക്കാളേറെ ദോഷം ചെയ്യും.  കാരറ്റ്, തക്കാളി, കക്കരി മുതലായ പച്ചക്കറികള്‍ സാലഡാക്കിയും മറ്റും  കഴിക്കുന്നതും നിര്‍ജലീകരണം തടയും.

പ്രമേഹരോഗികളുടെ പ്രശ്നങ്ങള്‍

നോമ്പുകാലത്ത് പ്രമേഹ രോഗികള്‍ ചില പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ നോമ്പ്തുറക്കും ശേഷവും കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് പഞ്ചസാര, ശര്‍ക്കര, തേന്‍, മധുരപലഹാരങ്ങള്‍ എന്നിവ നിര്‍ബന്ധമായി ഒഴിവാക്കണം. പതിവായി കഴിക്കുന്ന മരുന്നുകള്‍ നോമ്പ് തുറക്ക് ശേഷം മുടങ്ങാതെ കഴിക്കണം. മരുന്ന് കഴിക്കുന്നവരും ഇന്‍സുലിന്‍ കുത്തിവെക്കുന്നവരും ഡോസും സമയക്രമവും സ്വയം നിശ്ചയിക്കാതെ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.
നോമ്പുകാലത്ത് ചിലരില്‍ ‘ഹൈപോ ഗൈ്ളസീമിയ’എന്ന അവസ്ഥ കണ്ടുവരാറുണ്ട്. രക്തത്തിലെ ഗ്ളൂക്കോസിന്‍റെ അളവ് കുറയുന്ന അവസ്ഥയാണിത്. ദീര്‍ഘനേരം ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍  രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നതാണിതിന് കാരണം. പെട്ടെന്നുണ്ടാവുന്ന ക്ഷീണം, തളര്‍ച്ച, വിയര്‍പ്പ്, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. നോമ്പുകാലത്ത് പ്രമേഹരോഗികള്‍ അവരുടെ മരുന്നുകളുടെ ഡോസിലും കഴിക്കുന്ന സമയത്തിലും വ്യതിയാനം വരുത്തിയാല്‍ ഇത് ഒഴിവാക്കാനാവും. എന്തെങ്കിലും കാരണവശാല്‍ രക്തത്തിലെ ഗ്ളൂക്കോസിന്‍റെ അളവ് കുറഞ്ഞ്  അമിതമായ ദാഹം, വിശപ്പ്, തലകറക്കം, നെഞ്ചിടിപ്പ്, കൈവിറയല്‍ എന്നിവ ഉണ്ടായാല്‍ ഉടന്‍ മധുരമുളള എന്തങ്കെിലും കഴിച്ച് നോമ്പ് അവസാനിപ്പിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതും ചിലരില്‍ ഗുരുതരമായ ആരോഗ്യപ്രശ്നത്തിന് കാരണമാകാറുണ്ട്.  പകല്‍ മുഴുവന്‍ ഒന്നും കഴിക്കാതിരുന്ന ശേഷം രാത്രി കൂടുതല്‍ ഭക്ഷണം കഴിക്കുന്നതു മൂലം പഞ്ചസാരയുടെ അളവ് പെട്ടെന്ന് ക്രമാതീതമായി ഉയരാം. ഇത് വൃക്കകളുടെ യും കണ്ണുകളുടെയും പ്രവര്‍ത്തനത്തെ വരെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗികള്‍ ഭക്ഷണക്രമത്തെറിച്ച് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടണം.

അമിത ഭക്ഷണം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍

മണിക്കൂറുകളോളം ആഹാരം കഴിക്കാതെ നോമ്പ് തുറസമയത്ത് കഴിക്കുന്ന അമിതഭക്ഷണം പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എണ്ണ, നെയ്യ് കൊഴുപ്പ്, ഇറച്ചി, പഞ്ചസാര, മുട്ട, മൈദ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ ഒറ്റയടിക്ക് കഴിച്ചാല്‍ അവ ദഹിപ്പിക്കാന്‍ ആമാശയം, കരള്‍, വയര്‍, പിത്തസഞ്ചി എന്നി അവയവങ്ങള്‍ കഠിന പ്രയത്നം ചെയ്യേണ്ടി വരും.  നോമ്പ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിലരില്‍ കണ്ടുവരുന്ന ദഹനക്കുറവ്, നെഞ്ചരെിച്ചില്‍, വായ്പ്പുണ്ണ്, മലബന്ധം, ക്ഷീണം, സന്ധിവേദന എന്നീ ലക്ഷണങ്ങള്‍ അനാരോഗ്യകരമായ ഭക്ഷണത്തിന്‍െറ തിക്തഫലങ്ങളാണ്. മുപ്പത് ദിവസവും ഇത്തരം ഭക്ഷണങ്ങള്‍ അമിതതോതില്‍ കഴിക്കുന്നവരെ കാത്തിരിക്കുന്നത് പ്രമേഹം, കൊളസ്ട്രോള്‍, പൊണ്ണത്തടി, അള്‍സര്‍, പൈല്‍സ് തുടങ്ങി വിവിധതരം രോഗങ്ങളാണെന്ന് മറക്കാതിരിക്കുക.

 

COMMENTS