പത്തിൽ നാലു പേരും പ്രമേഹം അറിയുന്നില്ല
text_fieldsലോകത്ത് പ്രമേഹബാധിതരായ പത്തിൽ നാലിലധികം പേർ തങ്ങൾക്ക് രോഗമുള്ള കാര്യം അറിയാതെയാണ് ജീവിക്കുന്നത്. അന്താരാഷ്ട്ര പ്രമേഹ ഫെഡറേഷന്റെ (ഐ.ഡി.എഫ്) ഏറ്റവും പുതിയ ഡയബറ്റിസ് അറ്റ്‌ലസ് കണക്കുകൾ പ്രകാരം ലോകത്തെ 58.9 കോടി പ്രമേഹബാധിതരിൽ 25.2 കോടി പേർക്കും രോഗമുള്ളതായി അറിയില്ല. അതായത്, 43 ശതമാനം പേർ രോഗം തിരിച്ചറിയപ്പെടാതെ കഴിയുകയാണ്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. രാജ്യത്തെ പ്രമേഹബാധിതരിൽ 43 ശതമാനം പേർക്കും രോഗമുള്ളതായി അറിയില്ല.
നവംബർ 14ലെ ലോക പ്രമേഹദിനം ഈ ഗുരുതരമായ ആരോഗ്യപ്രശ്നത്തിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. ‘പ്രമേഹത്തിനെതിരെ നേരത്തേ നടപടിയെടുക്കുക’ എന്നതാണ് 2026-27 വർഷങ്ങളിലെ ലോക പ്രമേഹദിന പ്രമേയം. രോഗം നേരത്തേ കണ്ടെത്തുക, സങ്കീർണതകൾ തടയുക, ജീവൻ സംരക്ഷിക്കുക എന്നിവക്കാണ് പ്രാധാന്യം.
ഇന്ത്യയിൽ 3.86 കോടി പേർ രോഗമറിയാതെ
ഐ.ഡി.എഫിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ 20നും 79നും ഇടയിൽ പ്രായമുള്ള 8.98 കോടി പേർ പ്രമേഹബാധിതരാണ്. ഇവരിൽ ഏകദേശം 3.86 കോടി പേർ രോഗം തിരിച്ചറിയപ്പെടാത്തവരാണ്. ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹബാധിതരുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 2050ഓടെ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 15.67 കോടിയായി ഉയരുമെന്നാണ് പ്രവചനം.
പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വർധിച്ചിട്ടും രോഗം നേരത്തേ കണ്ടെത്തുന്നതിൽ വലിയ പോരായ്മ നിലനിൽക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാകാത്തതാണ് പ്രധാന വെല്ലുവിളി. പതിവ് ആരോഗ്യപരിശോധനകളുടെ അഭാവവും രോഗനിർണയം വൈകാൻ കാരണമാകുന്നു.
ലക്ഷണങ്ങളില്ലെങ്കിലും അപകടം
അമിതദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, അമിതക്ഷീണം, കാഴ്ച മങ്ങൽ, അകാരണമായി ശരീരഭാരം കുറയൽ തുടങ്ങിയവ പ്രമേഹത്തിന്റെ സാധാരണ ലക്ഷണങ്ങളാണ്. എന്നാൽ, ടൈപ്പ്-2 പ്രമേഹം ബാധിച്ച പലരിലും ആദ്യഘട്ടത്തിൽ പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. അതിനാൽ രോഗമില്ലെന്ന ധാരണയിൽ വർഷങ്ങളോളം കഴിയുന്നവരുണ്ട്.
രോഗം കണ്ടെത്തുമ്പോഴേക്കും ചിലരിൽ ഹൃദയം, വൃക്ക, കണ്ണുകൾ, നാഡികൾ എന്നിവയെ ബാധിക്കുന്ന സങ്കീർണതകൾ ആരംഭിച്ചിട്ടുണ്ടാകാം. ടൈപ്പ്-2 പ്രമേഹബാധിതരിൽ 50 ശതമാനം വരെ ആളുകൾ രോഗനിർണയ സമയത്തുതന്നെ ഏതെങ്കിലും സങ്കീർണത നേരിടുന്നുണ്ടെന്നാണ് ലോക പ്രമേഹദിന പ്രചാരണത്തിൽ ഐ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്.
ദരിദ്രരാജ്യങ്ങളിൽ പ്രതിസന്ധി രൂക്ഷം
പ്രമേഹം തിരിച്ചറിയപ്പെടാതെ തുടരുന്നവരുടെ പ്രശ്നം താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് കൂടുതൽ രൂക്ഷം. ലോകത്ത് രോഗനിർണയം നടക്കാത്ത പ്രമേഹബാധിതരിൽ ഏകദേശം 90 ശതമാനവും ഇത്തരം രാജ്യങ്ങളിലാണ് ജീവിക്കുന്നത്. പരിശോധനാസൗകര്യങ്ങളുടെ കുറവ്, ചികിത്സാച്ചെലവ്, ആരോഗ്യസേവനങ്ങളിലേക്കുള്ള പ്രവേശനത്തിലെ തടസ്സങ്ങൾ എന്നിവ സ്ഥിതി സങ്കീർണമാക്കുന്നു.
ആഫ്രിക്കയിൽ പ്രമേഹബാധിതരിൽ 72.6 ശതമാനത്തിനും രോഗമുള്ളതായി അറിയില്ലെന്നാണ് 2026ൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. ഉത്തര അമേരിക്കയിലും കരീബിയൻ മേഖലയിലും ഇത് 29.1 ശതമാനമാണ്. ആരോഗ്യപരിശോധനയും രോഗനിർണയവും ലഭ്യമാകുന്നതിലെ ആഗോള അസമത്വം ഈ വ്യത്യാസം വ്യക്തമാക്കുന്നു.

