നാം എന്തു കഴിക്കണം? ഐ.സി.എം.ആറിന് പറയാനുള്ളത്
text_fieldsജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ചർച്ചയാവാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. എങ്കിലും ഇന്ത്യൻ ജനതയുടെ ആരോഗ്യപ്രശ്നങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്തെ 83 ശതമാനം മുതിർന്നവരും കുറഞ്ഞത് ഒരു ജീവിതശൈലി രോഗമെങ്കിലും ബാധിച്ചവരാണെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് - ഇന്ത്യ ഡയബറ്റിസ് പദ്ധതിയുടെ ഭാഗമായി നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
ഇതിൽ തന്നെ അമിത രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, പൊണ്ണത്തടി, പ്രമേഹം എന്നിവ രാജ്യത്തുടനീളം സാധാരണമായിരിക്കുന്നു. ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണക്രമങ്ങളും ഉദാസീനമായ ദിനചര്യകളുമാണ് രോഗാവസ്ഥയുടെ പ്രധാന കാരണം. കാർബോഹൈഡ്രേറ്റുകൾ കൂടുതലായി അടങ്ങിയ ശുദ്ധീകരിച്ച അരി, ഗോതമ്പ്, പഞ്ചസാര എന്നിവയും പൂരിത കൊഴുപ്പുകളടങ്ങിയതുമായ ഭക്ഷണക്രമം തന്നെയാണ് നമ്മെ രോഗികളാക്കുന്നത്. നമ്മുടെ പരമ്പരാഗത ഭക്ഷണരീതികളും സജീവമായ ജീവിതശൈലികളും മാറ്റിസ്ഥാപിക്കപ്പെട്ടതും ഭക്ഷണത്തിൽ പ്രോട്ടീനിന്റെ അളവ് കുറഞ്ഞതും പ്രശ്നത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.
എന്തൊക്കെ കഴിക്കണം
മുട്ട, പാൽ, മത്സ്യം, സസ്യാഹാരം തുടങ്ങി കൂടുതൽ പ്രോട്ടീൻ അടങ്ങിയ ആഹാരക്രമം ശീലമാക്കണം. ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 9-11 ശതമാനവും പ്രീ ഡയബറ്റിസിനുള്ള (ഭാവിയിൽ പ്രമേഹം വരാനുള്ള സാധ്യത) സാധ്യത 6-18 ശതമാനവും കുറക്കുന്നതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കാർബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പുകളുടെയും അളവ് കുറക്കുകയും വേണം. പൊതുജനാരോഗ്യത്തിന് ഭീഷണിയായി വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ സർക്കാർ തലത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

