നിങ്ങളുടെ അരക്കെട്ട് ഉയരത്തിന്റ പകുതിയാണോ? എങ്കിൽ നിങ്ങൾ സുരക്ഷിതരാണ്
text_fieldsമുതിർന്നവരിലെ അമിതവണ്ണം കണ്ടെത്തുന്നതിന് ബോഡി മാസ് ഇൻഡക്സിനേക്കാൾ നല്ലത് വെയിസ്റ്റ് ഹൈറ്റ് റേഷിയോ ആണെന്ന് പുതിയ പഠനങ്ങൾ. ഒരാളുടെ ശരീരവും ഉയരവും തമ്മിലുള്ള അനുപാതമാണ് ബോഡി മാസ് ഇൻഡക്സ്. ശരീരത്തിനാവശ്യമായ തൂക്കമാണോ ഉള്ളതെന്ന് മനസ്സിലാക്കുന്നത് ഇതു വഴിയാണ്.
എന്നാൽ അതേസമയം അരക്കെട്ടും ഉയരവും തമ്മിലുള്ള അനുപാതമാണ് വെയിസ്റ്റ് ഹൈറ്റ് റേഷിയോയിലുടെ വ്യക്തമാക്കുന്നത്. ബി.എം.ഐ രീതിയെ അപേക്ഷിച്ച് മുതിർന്നവരിലെ പൊണ്ണത്തടി കണക്കാക്കുന്നതിന് ഈ രീതിയാണ് നല്ലതെന്ന് വിദഗ്ധർ പറയുന്നു.
എങ്ങനെയാണ് വെയിസ്റ്റ് ഹൈറ്റ് റേഷിയോ വഴി പൊണ്ണത്തടി കണക്കാക്കുന്നത്?
നിങ്ങളുടെ അരക്കെട്ടിന്റെ അളവ് നിങ്ങളുടെ ഉയരത്തിന്റെ പകുതിയായിരിക്കണം. നിങ്ങളുടെ അരക്കെട്ടിന്റെ അളവിനെ ഉയരവുമായി ഹരിക്കുക. ഇങ്ങനെ കിട്ടുന്ന അനുപാതം 0.5 ൽ താഴെയാണെങ്കിൽ ആരോഗ്യകരമായ ശരീരഭാരമായി കണക്കാക്കാം.
എന്തുകൊണ്ട് വെയിസ്റ്റ് ഹൈറ്റ് റേഷിയോ?
ബി.എം.ഐ ഉപയോഗിച്ച് കണ്ടുപിടിക്കാൻ സാധിക്കാത്ത ഘടകങ്ങൾ വെയിസ്റ്റ് ഹൈറ്റ് റേഷിയോ രീതിയിലൂടെ മനസ്സിലാക്കാൻ സാധിക്കും.
വയറിലെ കൊഴുപ്പ്: ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവക്ക് കാരണമാകുന്ന ആന്തരിക അവയവങ്ങൾക്ക് ചുറ്റുമുള്ള കൊഴുപ്പിനെ കൃത്യമായി മനസ്സിലാക്കാൻ ബി.എം.ഐക്ക് സാധിക്കില്ല. എന്നാൽ വെയിസ്റ്റ് ഹൈറ്റ് റേഷിയോ രീതിയിൽ ഇവ കൃത്യമായി കാണിക്കും.
പേശികളുടെ കുറവ്: പ്രായമാകുമ്പോൾ ശരീരത്തിലെ പേശികളുടെ അളവ് കുറയുകയും കൊഴുപ്പ് കൂടുകയും ചെയ്യും. ഇത്തരം സന്ദർഭങ്ങളിൽ ബി.എം.ഐ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് വെയിസ്റ്റ് ഹൈറ്റ് റേഷിയോ ആണ്.
രോഗസാധ്യതകൾ: ഹൃദ്രോഗം, പക്ഷാഘാതം, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങളുടെ സാധ്യതകൾ ബി.എം.ഐയേക്കാൾ നന്നായി വെയിസ്റ്റ് ഹൈറ്റ് റേഷിയോ വഴി മനസ്സിലാക്കാം.
വെയിസ്റ്റ് ഹൈറ്റ് റേഷിയോ വിഭാഗങ്ങൾ
അരക്കെട്ട്- ഉയരം അനുപാതം ഉപയോഗിച്ച് ഒരാളുടെ ആരോഗ്യസ്ഥിതിയും അമിതവണ്ണവും താഴെ പറയുന്ന വിഭാഗങ്ങളായി തരം തിരിക്കാം. പ്രധാനമായും നാല് വിഭാഗമാണുള്ളത്. ഭാരക്കുറവ്, ആരോഗ്യകരം, അമിതഭാരം, പൊണ്ണത്തടി എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്.
0.4 ൽ താഴെ ഭാരക്കുറവ് ആണ്. ഇവർക്ക് പോഷകാഹാരത്തിനുള്ള സാധ്യതയുണ്ട്.
0.4 മുതൽ 0.49 വരെ ആരോഗ്യകരമായ ശരീരഭാരമാണ്. ഇത്തരക്കാർക്ക് ഭാരം കാരണമായുണ്ടാകുന്ന അസുഖങ്ങൾ കുറവായിരിക്കും.
0.5 മുതൽ 0.59 അമിതഭാരത്തിൽപ്പെടും. ഇത്തരക്കാർക്ക് പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ വരാൻ കാവരണമാവും.
0.6 ഉം അതിനു മുകളിലും പൊണ്ണത്തടിയാണ്. ഇവർക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളായ ഹൃദ്രോഗം, പക്ഷാഘാതം, തുടങ്ങിയവക്ക് സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

