വെള്ളപ്പൊക്കം: കാത്തിരിക്കുന്നുണ്ട് ആരോഗ്യഭീഷണികൾ
text_fieldsകോഴിക്കോട്: അണമുറിയാതെ പെയ്യുന്ന മഴ മാറി വെള്ളം ഇറങ്ങിയാൽ വെള്ളപ്പൊക്കത്തിന്റെ പ്രകടമായ ആഘാതം കുറയുമെങ്കിലും അതിനുപിന്നാലെ നമ്മെ കാത്തിരിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളാണ്. മഴയിൽ ഓടയും പുഴയും നിറഞ്ഞുകവിഞ്ഞ് വീടുകളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും വെള്ളം കയറുന്നതും വെള്ളപ്പൊക്കത്തിൽ കിണറുകളിൽ മലിനജലം കലരുന്നതും നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. വീട്ടുപരിസരങ്ങളിലും കിണറുകളിലും വഴികളിലും പൊതുഇടങ്ങളിലും അവശേഷിക്കുന്ന ചെളിയും മാലിന്യങ്ങളും രോഗാണുക്കളുടെ വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു.
അതിനാൽ വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിലും തുടർന്നുള്ള ദിവസങ്ങളിലും ആരോഗ്യകാര്യത്തിൽ അതീവ ജാഗ്രത പുലർത്തണം. ചെളി കെട്ടിനിൽക്കൽ, കുടിവെള്ള മലിനീകരണം, കൊതുക് വളരൽ തുടങ്ങിയവ കാരണം എലിപ്പനി, വയറിളക്കരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, ശ്വാസകോശ അണുബാധകൾ തുടങ്ങിയ രോഗങ്ങൾ പടരാനുള്ള സാധ്യത വർധിക്കുന്നു.
വെള്ളപ്പൊക്കകാലത്തും ശേഷവുമുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾ
എലിപ്പനി
വെള്ളപ്പൊക്ക വെള്ളത്തിലൂടെയും കെട്ടിക്കിടക്കുന്ന മലിനജലത്തിലൂടെയും എലി, പട്ടി, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രം കലർന്ന് മനുഷ്യർക്ക് എലിപ്പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിലെ മുറിവുകളിലൂടെയാണ് ഇത് പ്രധാനമായും ശരീരത്തിനകത്ത് പ്രവേശിക്കുന്നത്. അതിനാൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നവരും വെള്ളപ്പൊക്കത്തിനുശേഷം വീട് വൃത്തിയാക്കുന്നവരും അതീവ ജാഗ്രത പുലർത്തണം. എലിപ്പനി പ്രതിരോധിക്കുന്നതിനായി മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവരും പ്രളയബാധിത പ്രദേശങ്ങളിൽ ഉള്ളവരും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം ഡോക്സിസൈക്ലിൻ (Doxycycline) എന്ന പ്രതിരോധ മരുന്ന് കൃത്യമായ അളവിൽ കഴിക്കേണ്ടതാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ നടക്കുന്നത് പരമാവധി ഒഴിവാക്കുക. അനിവാര്യമായ സാഹചര്യങ്ങളിൽ ഗംബൂട്ടും (Gum boots) കൈയുറകളും ധരിക്കുക.
ജലജന്യ രോഗങ്ങൾ
കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കപ്പെടുന്നത് വഴി വയറിളക്കം, ടൈഫോയ്ഡ്, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ പടരാം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. വെള്ളപ്പൊക്കത്തിനുശേഷം, കിണറുകളും ടാങ്കുകളും ഉപയോഗിക്കുന്നതിന് മുൻപ് ക്ലോറിനേറ്റ് ചെയ്യണം.
കൊതുക് ജന്യ രോഗങ്ങൾ
വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ കൊതുകുകൾ പെരുകുന്നത് കാരണം ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പടരാൻ വലിയ സാധ്യതയുണ്ട്. വീടിന്റെ പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കണം.
ത്വക്ക് രോഗങ്ങൾ
മലിനജലത്തിൽ ദീർഘനേരം നിൽക്കുന്നതും നനഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതും ഫംഗസ്, ബാക്ടീരിയ അണുബാധകൾക്ക് കാരണമാകും. ചൊറിച്ചിൽ, ചുവന്ന പാടുകൾ, കാലിലെ മുറിവുകൾ, ഫംഗസ് ബാധ എന്നിവ ഉണ്ടാകാം.
പാമ്പുകടിയും മറ്റ് ജീവികളുടെ ആക്രമണവും
വെള്ളപ്പൊക്ക സമയത്തും അതിനുശേഷവും പാമ്പുകളും വിഷജീവികളും സുരക്ഷിത സ്ഥലങ്ങൾ തേടി വീടുകളിലേക്ക് എത്താൻ സാധ്യതയുണ്ട്.
പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടവർ
കുട്ടികളും പ്രായമായവരും
പ്രതിരോധശേഷി താരതമ്യേന കുറവായതിനാൽ ജലജന്യ രോഗങ്ങളും വൈറൽ പനികളും ഇവരിലേക്ക് പെട്ടെന്ന് ബാധിക്കാൻ ഇടയുണ്ട്.
കൈകാലുകളിൽ മുറിവുള്ളവർ
ശരീരത്തിൽ ചെറിയ മുറിവുകളോ പോറലുകളോ ഉള്ളവർ വെള്ളപ്പൊക്ക വെള്ളവുമായി സമ്പർക്കത്തിൽ വന്നാൽ എലിപ്പനി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ
ഇവർ വെള്ളക്കെട്ടുകളിലും മണ്ണിലും നിരന്തരം പണിയെടുക്കുന്നവരായതിനാൽ എലിപ്പനി പോലെയുള്ള രോഗങ്ങൾ വരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളവരാണ്.
പൊതുജനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരും പാലിക്കേണ്ട നിർദ്ദേശങ്ങൾ
* ആഹാരം കഴിക്കുന്നതിന് മുൻപ് സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
* വൃത്തിഹീനമായ സാഹചര്യത്തിൽ തയ്യാറാക്കിയതോ തുറന്നുവെച്ചിരിക്കുന്നതോ പഴകിയതോ ആയ ഭക്ഷണസാധനങ്ങൾ കഴിക്കരുത്.
* മലമൂത്രവിസർജനം ശൗചാലയത്തിൽ മാത്രം നടത്തുക; ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
* ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും വലിച്ചെറിഞ്ഞ് ക്യാമ്പ് പരിസരം മലിനമാക്കാതെ നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക.
* ക്യാമ്പുകളിൽ ആളുകൾ താമസിക്കുന്നതോടൊപ്പം വളർത്തുന്ന മൃഗങ്ങളെയോ പക്ഷികളെയോ ഇടപഴകാൻ അനുവദിക്കരുത്.
* തുറസ്സായ സ്ഥലങ്ങളിൽ തുപ്പരുത്.
* പനി, ശരീരവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടുക; സ്വയം ചികിത്സ പാടില്ല.
* ജീവിതശൈലീ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ അവ മുടങ്ങാതെ കഴിക്കുക.
* വെള്ളക്കെട്ടുകളിൽ താമസിക്കുന്നവരും വെള്ളക്കെട്ടുകളിൽ ഇറങ്ങിയവരും വെള്ളം കയറിയ ഇടങ്ങൾ വൃത്തിയാക്കുന്നവരും എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം ആഴ്ചയിലൊരിക്കൽ 200mg ഡോക്സിസൈക്ലിൻ ഗുളിക കഴിക്കുക.
* വെള്ളപ്പൊക്കത്തോടനുബന്ധിച്ച് വീടുകൾക്കുള്ളിൽ പാമ്പുകൾ കയറാൻ സാധ്യതയുള്ളതിനാൽ വീട് വൃത്തിയാക്കുമ്പോഴും വീടുകളിലേക്ക് തിരികെ പോകുമ്പോഴും അതീവ ശ്രദ്ധ പുലർത്തുക.
* മഴക്ക് ശേഷം വെള്ളം കെട്ടിക്കിടന്ന് വീട്ടിലും പരിസരത്തും കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
* കുടിവെള്ള സ്രോതസ്സുകളിലെ വെള്ളം കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

