പിത്താശയ അർബുദം എങ്ങനെ നേരത്തെ തിരിച്ചറിയാം?
text_fieldsകരളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പിത്തരസം സംഭരിക്കുന്ന കരളിൽ താഴെയുള്ള ഒരു ചെറിയ അവയവമാണ് പിത്താശയം. ഈ പിത്താശയത്തിന്‍റെ ഭിത്തിയിലെ കോശങ്ങളിൽ അനിയന്ത്രിതമായി വളർച്ചയുണ്ടാകുന്നതിനെയാണ് പിത്താശയ അർബുദം എന്ന് പറയുന്നത്. ഈ കാൻസർ സാധാരണയായി പിത്താശയത്തിന്‍റെ ഏറ്റവും ഉള്ളിലെ പാളിയിൽ നിന്നാണ് ആരംഭിച്ച് പുറത്തേക്ക് വ്യാപിക്കുന്നത്. നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാകാൻ സാധ്യതയുണ്ടെങ്കിലും ഭൂരിഭാഗം കേസുകളും വൈകിയാണ് തിരിച്ചറിയുന്നത്. പിത്താശയ അർബുദത്തിന്‍റെ ലക്ഷണങ്ങൾ മറ്റ് ദഹന സംബന്ധമായ പ്രശ്നങ്ങളുടേതിന് സമാനമായതിനാൽ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാം. രോഗം കൂടുതലായി വ്യാപിക്കുമ്പോഴാണ് പലപ്പോഴും ലക്ഷണങ്ങൾ വ്യക്തമാകുന്നത്.
ചർമത്തിനും കണ്ണിന്‍റെ വെള്ളക്കും മഞ്ഞനിറം ഉണ്ടാകുന്നത്, വയറിന്‍റെ മുകൾ ഭാഗത്ത് വലതുവശത്തായി (വാരിയെല്ലിന് താഴെ) അനുഭവപ്പെടുന്ന വേദന, അല്ലെങ്കിൽ ഭാരം അനുഭവപ്പെടുന്നത്, പ്രത്യേക കാരണങ്ങളില്ലാതെ തുടർച്ചയായി ഓക്കാനം ഉണ്ടാകുന്നത്, വിശപ്പില്ലായ്മയും ഭാരക്കുറവും, മലത്തിലും മൂത്രത്തിലുമുള്ള മാറ്റങ്ങൾ ഇതൊക്കെ പിത്താശയ അർബുദത്തിന്‍റെ ലക്ഷണങ്ങളാണ്. വിശപ്പില്ലായ്മയും പെട്ടെന്നുള്ള ശരീരഭാരം കുറയുന്നതും മുന്നറിയിപ്പ് ലക്ഷണങ്ങളാണ്. പിത്താശയ അർബുദം മെറ്റബോളിസത്തിൽ മാറ്റം വരുത്തും. ഇത് ഭക്ഷണക്രമത്തിലോ പ്രവർത്തനത്തിലോ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പോലും വിശപ്പ് കുറയുന്നതിനും അപ്രതീക്ഷിത ശരീരഭാരം കുറയുന്നതിനും കാരണമാകും.
പിത്തരസം നാളികൾ തടസ്സപ്പെടുമ്പോൾ പിത്തരസം ലവണങ്ങൾ അടിഞ്ഞുകൂടുന്നത് മൂലം ചർമത്തിൽ തുടർച്ചയായി ചൊറിച്ചിൽ ഉണ്ടാകാം. ഈ തരത്തിലുള്ള ചൊറിച്ചിൽ സാധാരണ ക്രീമുകളോ മരുന്നുകളോ ഉപയോഗിച്ച് മാറില്ല. പിത്താശയ അർബുദം വേഗത്തിൽ പടരാൻ സാധ്യതയുണ്ട്. പിത്താശയ ഭിത്തിയിൽ കാത്സ്യം അടിഞ്ഞുകൂടി കട്ടിയായി വരുന്ന അവസ്ഥയാണ് പോഴ്സലൈൻ പിത്താശയം (Porcelain Gallbladder). പിത്താശയത്തിന് ദീർഘകാലമായി വീക്കം ഉണ്ടാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് കാൻസറിനുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
നേരത്തെയുള്ള തിരിച്ചറിയലും സമയബന്ധിതമായ ഇടപെടലും അനിവാര്യമാണ്. പിത്താശയ അർബുദം നേരത്തെ കണ്ടെത്താൻ സാധിക്കാത്തതിന്‍റെ പ്രധാന കാരണം ആരംഭ ഘട്ടത്തിൽ വ്യക്തമായ ലക്ഷണങ്ങൾ ഇല്ലാത്തതാണ്. എന്നിരുന്നാലും അപകടസാധ്യതയുള്ളവർ ജാഗ്രത പാലിക്കുകയും പതിവായ പരിശോധനകൾ നടത്തുകയും ചെയ്താൽ നേരത്തേ തിരിച്ചറിയാൻ സാധ്യതയുണ്ട്.
പിത്താശയ അർബുദമുള്ള ഭൂരിഭാഗം ആളുകളിലും പിത്താശയക്കല്ലുകൾ കാണപ്പെടാറുണ്ട്. വലിയ കല്ലുകൾ അപകടസാധ്യത കൂട്ടുന്നു. പിത്താശയത്തിന് ദീർഘകാലമായുള്ള അണുബാധയോ വീക്കമോ ഉള്ളവർക്കും ഈ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. 65 വയസ്സിന് മുകളിലുള്ളവർക്കും രോഗം സാധ്യത കൂടുതലാണ്. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഈ കാൻസർ കൂടുതലായി കാണപ്പെടുന്നത്. ഈസ്ട്രജൻ ഹോർമോണുകൾ പിത്താശയക്കല്ലുകൾ ഉണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതാണ് ഇതിന് ഒരു കാരണം.
പിത്താശയത്തിലെ മുഴകളോ കല്ലുകളോ തടസ്സങ്ങളോ അൾട്രാസൗണ്ട് സ്കാനിലൂടെ കണ്ടെത്താനാകും. പലപ്പോഴും പിത്താശയക്കല്ലുകൾ നീക്കം ചെയ്യുമ്പോൾ ആകസ്മികമായി കാൻസർ കണ്ടെത്തുന്നത് ഈ സ്കാൻ വഴിയാണ്. കാൻസറിന്‍റെ കൃത്യമായ സ്ഥാനവും അത് എത്രത്തോളം വ്യാപിച്ചു എന്നും മനസിലാക്കാൻ സിടി സ്കാൻ സഹായിക്കും. മഞ്ഞപ്പിത്തം, വയറുവേദന, ഭാരക്കുറവ്, തീവ്രമായ ചൊറിച്ചിൽ പോലുള്ള ലക്ഷണങ്ങൾ തുടർച്ചയായി അനുഭവപ്പെടുകയാണെങ്കിൽ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്. നേരത്തെയുള്ള രോഗനിർണയം ചികിത്സയുടെ വിജയസാധ്യത വർധിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

