മഞ്ഞപ്പിത്തം; ജനങ്ങൾ ജാഗ്രത പാലിക്കണം
text_fieldsപത്തനംതിട്ട: ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, വയറിളക്കം എന്നിവ തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധന അനിവാര്യമാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിത കുമാരി അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണം. മഞ്ഞപ്പിത്തത്തിന് കാരണമായ വൈറസുകള്‍ക്ക് എ, ബി, സി, ഡി വകഭേദങ്ങള്‍ ഉണ്ട്. ഹെപ്പറ്റൈറ്റീസ് എ മലിനജലത്തിലൂടെയും ബി, സി, ഡി എന്നിവ രക്തം വഴിയും പകരുന്നു.
രോഗകാരിയായ വൈറസിനെ ലാബ് പരിശോധന വഴിയാണ് തിരിച്ചറിയുന്നത്. മഞ്ഞപ്പിത്ത രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ചികിത്സ ആരംഭിക്കണം. പുറത്തുനിന്ന് ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മഞ്ഞപ്പിത്ത രോഗബാധ (ഹെപ്പറ്റൈറ്റിസ് എ), വയറിളക്ക രോഗങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും ഉപയോഗം, ശീതള പാനീയങ്ങളിലും മറ്റും വ്യവസായ ഉപയോഗത്തിനു മാത്രമുള്ള ഐസ് ചേര്‍ക്കല്‍, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനം.
വിവാഹങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും നല്കുന്ന വെല്‍ക്കം ഡ്രിങ്കും തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് നല്‍കുന്നതും രോഗനിരക്ക് വര്‍ധിക്കാന്‍ കാരണമാണ്. മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കാതിരിക്കാന്‍ വ്യക്തിശുചിത്വം, ആഹാര ശുചിത്വം, കുടിവെള്ള ശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
മഞ്ഞപ്പിത്തം (വൈറല്‍ ഹെപ്പറ്റൈറ്റിസ്)
കരളിനെ ബാധിക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം (വൈറല്‍ ഹെപ്പറ്റൈറ്റിസ്). ശരീരവേദനയോട് കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിലും കണ്ണിനും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു.
മലിനമായതോ അല്ലെങ്കില്‍ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം, രോഗിയുമായുള്ള സമ്പര്‍ക്കം എന്നിവ വഴി ഹെപ്പറ്റൈറ്റിസ് എ വൈറസുകള്‍ വേഗം പകരുന്നു. രോഗബാധിതനായ ഒരാള്‍ കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കുമ്പോഴും ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. രോഗിയെ ശുശ്രൂഷിക്കുന്നവര്‍ കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. മലിനമായ കൈകളിലൂടെയും രോഗാണുക്കള്‍ വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നത് വഴി രോഗം പകരുന്നു.
പ്രതിരോധ മാര്‍ഗം
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. തിളപ്പിച്ചതും തിളപ്പിക്കാത്തതുമായ വെള്ളം കൂട്ടിക്കലര്‍ത്തി ഉപയോഗിക്കരുത്. പുറത്തുപോകുമ്പോള്‍ എപ്പോഴും തിളപ്പിച്ചാറിയ വെള്ളം കരുതുക. ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പും ശുചിമുറി ഉപയോഗിച്ച ശേഷവും പുറത്ത് പോയി വന്നതിനുശേഷവും കൈ സോപ്പ് ഉപയോഗിച്ച് കഴുകുക. കിണറിന് ചുറ്റുമുള്ള പരിസരങ്ങളില്‍ വൃത്തിഹീനമായ രീതിയില്‍ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക.
കൃത്യമായ ഇടവേളകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക. മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളില്‍ ശുദ്ധജല സ്രോതസ്സ് സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം. അണുവിമുക്തമായ ശുദ്ധജലം മാത്രം പാകം ചെയ്യാനും പാത്രങ്ങള്‍ കഴുകുന്നതിനും ഉപയോഗിക്കുക. വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്ത ആഹാരസാധനങ്ങളും ശീതളപാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക.
പഴവര്‍ഗങ്ങളും പച്ചക്കറികളും കഴുകിയശേഷം ഉപയോഗിക്കുക. ആഹാര സാധനങ്ങളും കുടിവെള്ളവും എപ്പോഴും അടച്ചുസൂക്ഷിക്കുക. തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക. കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി ശുചിമുറിയിലൂടെ മാത്രം നീക്കം ചെയ്യുക. വീട്ടുപരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കുക. ഈച്ച ശല്യം ഒഴിവാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

