ഡിമെൻഷ്യയെ തടുക്കാൻ സൈക്ലിങ് എങ്ങനെ സഹായിക്കും?
text_fieldsയു.കെ ബയോബാങ്കിൽ ഏകദേശം 480,000 പേർ പങ്കെടുത്ത സമീപകാല പഠനത്തിൽ സൈക്ലിങ് ഡിമെൻഷ്യ സാധ്യത കുറക്കുമെന്ന് കണ്ടെത്തൽ. കാറുകളോ പൊതുഗതാഗതമോ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് ഗതാഗതത്തിനായി സൈക്കിൾ ചവിട്ടുന്ന വ്യക്തികൾക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത 19 ശതമാനം കുറവും അൽഷിമേഴ്‌സ് രോഗത്തിനുള്ള സാധ്യത 22 ശതമാനം കുറവുമാണെന്ന് ഗവേഷകർ പറയുന്നു. കണ്ടെത്തലുകൾ പ്രതീക്ഷ നൽകുന്നതാണെങ്കിലും സൈക്ലിങ്ങിനെ ഒരു രോഗശാന്തിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
സൈക്ലിങും ഡിമെൻഷ്യയും തമ്മിലുള്ള ബന്ധം മാത്രമാണ് പഠനം കാണിക്കുന്നത്. നടത്തവുമായി ബന്ധപ്പെട്ട അസാധാരണമായ കണ്ടെത്തലുകളും പഠനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നടത്തവും മിക്സഡ് വാക്കിങും ഡിമെൻഷ്യ വരാനുള്ള സാധ്യത ആറ് ശതമാനം കുറക്കുകയും അതേസമയം അൽഷിമേഴ്‌സ് രോഗത്തിനുള്ള സാധ്യത 14 ശതമാനം വർധിപ്പിക്കുകയും ചെയ്യുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
സൈക്ലിങ് ഒരു എയ്റോബിക് വ്യായാമം ആണ്. ഇത് ഹൃദയമിടിപ്പ് വർധിപ്പിക്കുകയും ശരീരത്തിലുടനീളമുള്ള പ്രത്യേകിച്ച് തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടുകയും ചെയ്യുന്നു. ഇതിലൂടെ ഓക്സിജനും പോഷകങ്ങളും തലച്ചോറിലെ പ്രധാന ഭാഗങ്ങളിൽ പ്രത്യേകിച്ച് ഓർമശക്തിക്ക് പ്രധാനമായ ഹിപ്പോകാമ്പസിൽ കൂടുതലായി എത്തുന്നു. ഇത് ന്യൂറോണുകളുടെ ആരോഗ്യവും പ്രവർത്തനവും നിലനിർത്താൻ സഹായിക്കുന്നു. സ്ഥിരമായി സൈക്ലിങ് ചെയ്യുന്നവരിൽ ഹിപ്പോകാമ്പസിന്‍റെ അളവ് കൂടുതലായി കാണപ്പെടുന്നു. ഓർമശക്തിക്കും പഠനത്തിനും നിർണായകമായ തലച്ചോറിലെ ഭാഗമാണ് ഹിപ്പോകാമ്പസ്. ഡിമെൻഷ്യ പ്രത്യേകിച്ച് അൽഷിമേഴ്സ് രോഗം ബാധിക്കുമ്പോൾ ഈ ഭാഗമാണ് ആദ്യം ചുരുങ്ങുന്നത്. ഇതിന്‍റെ അളവ് നിലനിർത്തുന്നത് വൈജ്ഞാനിക തകർച്ചയെ വൈകിപ്പിക്കാൻ സഹായിക്കും.
സൈക്ലിങ് ബ്രെയിൻ-ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടർ എന്ന പ്രോട്ടീന്‍റെ ഉത്പാദനം വർധിപ്പിക്കുന്നു. ഇത് തലച്ചോറിലെ ന്യൂറോണുകളുടെ വളർച്ചക്കും നിലനിൽപ്പിനും അത്യന്താപേക്ഷിതമാണ്. നാഡീബന്ധങ്ങൾ ശക്തിപ്പെടുത്താനും പുതിയ ന്യൂറോൺ കണക്ഷനുകൾ രൂപപ്പെടുത്താനും സഹായിക്കുന്നു. ആഴ്ചയിൽ കുറച്ച് തവണ സൈക്കിൾ ചവിട്ടുന്നത് പോലും മാറ്റമുണ്ടാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. തുടക്കക്കാർക്ക് ചെറുതും സുരക്ഷിതവുമായ വഴികളിൽ നിന്നോ വീടിനുള്ളിൽ സ്റ്റേഷണറി ബൈക്കുകൾ ഉപയോഗിച്ചോ ചെയ്യാവുന്നതാണ്.
റോഡിലെ തടസ്സങ്ങൾ ശ്രദ്ധിക്കുകയും എവിടെ പോകണം എന്ന് തീരുമാനിക്കുകയും ചെയ്യുന്നത് തലച്ചോറിന്‍റെ വൈജ്ഞാനിക ഇടപെടൽ വർധിപ്പിക്കുന്നു. ഈ സങ്കീർണ്ണമായ മസ്തിഷ്ക പ്രവർത്തനം ഡിമെൻഷ്യയെ പ്രതിരോധിക്കാൻ സഹായിക്കും. ലോകാരോഗ്യ സംഘടന മുതിർന്നവർ ആഴ്ചയിൽ 150 മുതൽ 300 മിനിറ്റ് വരെ മിതമായ എയറോബിക് പ്രവർത്തനമോ 75 മുതൽ 150 മിനിറ്റ് വരെ കഠിനമായ പ്രവർത്തനമോ ചെയ്യണമെന്ന് ശിപാർശ ചെയ്യുന്നു. 2050 ആകുമ്പോഴേക്കും ആഗോളതലത്തിൽ ഡിമെൻഷ്യ കേസുകൾ മൂന്നിരട്ടിയാകുമെന്ന് പ്രവചിക്കപ്പെടുന്നതിനാൽ ഇതുപോലുള്ള പഠനങ്ങൾ അപകടസാധ്യത കുറക്കുന്നതിൽ ജീവിതശൈലി തിരഞ്ഞെടുപ്പുകളുടെ പങ്ക് എടുത്തുകാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

