ന്യൂഡൽഹി: മഹാമാരിക്കാലത്ത് വീട്ടിൽ അടച്ചിരുന്ന വേളയിലാണ് പലരും ഫിറ്റ്നസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. വർക് ഫ്രം ഹോമിലായതിനാൽ വേണ്ടുവോളം സമയം ലഭിച്ചതിനാൽ വ്യായാമവും ഭക്ഷണക്രമീകരണങ്ങളും മുറപോലെ നടത്താൻ സാധിച്ചു. കായിക ക്ഷമത നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും ശരീര ഭാരം കുറക്കാൻ ശ്രമിക്കുന്നവർക്കും പ്രചോദനമാകുകയാണ് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ മനീഷ് തിവാരി.
1999 ഒക്ടോബറിനും 2000 മാർച്ചിനുമിടയിൽ താൻ 102 കിലോയിൽ നിന്ന് ശരീരഭാരം 71കിലോയായി കുറച്ചതെങ്ങനെയന്നാണ് ട്വിറ്റർ പോസ്റ്റിലൂടെ അദ്ദേഹം വിവരിച്ചത്. ദിവസേന ഒരു മണിക്കൂർ വ്യായാമം ചെയ്യുകയും അത്താഴത്തിന് അന്നജം അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയും ചെയ്താണ് അദ്ദേഹം 71 കിലോഗ്രാമിലെത്തിയത്.
പഞ്ചാബ് കോൺഗ്രസ് ജനറൽ സെക്രട്ടറി പവൻ ദീവാൻ അടുത്തിടെ പങ്കുവെച്ച ഒരു ചിത്രത്തിൽ നിന്നായിരുന്നു സംഗതികളുടെ തുടക്കം. 1998ൽ മനീഷ് തിവാരി മറ്റ് കോൺഗ്രസ് നേതാക്കൾക്കും പാർട്ടി അധ്യക്ഷ സോണി ഗാന്ധിക്കുമൊപ്പമുള്ള ചിത്രം ദീവാൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. അന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന മനീഷ് തിവാരിയുടെ ശരീരഭാരം പലരും ശ്രദ്ധിച്ചു. ഇതോടെയാണ് മനീഷ് തിവാരി തന്നെ വിശദീകരണവുമായി പ്രത്യക്ഷപ്പെട്ടത്.
മറ്റൊരു ട്വീറ്റിൽ തന്‍റെ ഫിറ്റ്നസ് മന്ത്രയും അദ്ദേഹം വിവരിച്ചു. അന്നജം അപകടകരമാണ്. മദ്യം ഒഴിവാക്കണം. ഒരുമണിക്കൂർ കഠിനമായി വ്യായാമം ചെയ്യണമെന്നും പ്രോട്ടീനും നാരുകളുമടങ്ങിയ ഭക്ഷണം കഴിക്കണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. രാത്രി അന്നജമടങ്ങിയ ഭക്ഷണം ഒഴിവാക്കിയാൽ ശരീരഭാരം കുറക്കാമെന്ന് അദ്ദേഹം പറഞ്ഞു. ശരീരഭാരം കുറച്ച തിവാരിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി.