ആറ് മാസത്തിനുള്ളിൽ 10 ശതമാനം ഭാരം കുറച്ചാൽ കരളിലെ കൊഴുപ്പിന്റെ അളവ് കുറക്കാമെന്ന് വിദഗ്‌ധർ
text_fieldsആറ് മാസത്തിനുള്ളിൽ ശരീരഭാരത്തിന്റെ 10 ശതമാനം കുറക്കുന്നത് ഫാറ്റി ലിവർ (കരളിനുള്ളിൽ കൊഴുപ്പടിയുന്ന അവസ്ഥ) കുറക്കാൻ ഏറ്റവും ഫലപ്രദമായ മാർഗമാണെന്ന് ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ)ഉൾപ്പെടെയുള്ള പ്രമുഖ ആരോഗ്യ വിദഗ്‌ധർ നിർദേശിക്കുന്നു. ശരീരഭാരത്തിന്‍റെ അഞ്ച് ശതമാനം മുതൽ ഏഴ് ശതമാനം വരെ കുറക്കുന്നത് കരളിലെ കൊഴുപ്പിന്റെ അളവ് ഗണ്യമായി കുറക്കാൻ തുടങ്ങും. എന്നാൽ 10 ശതമാനം ഭാരക്കുറവ് കരളിനുള്ളിലെ വീക്കം കുറക്കാനും, രോഗം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത് തടയാനും, ചില കേസുകളിൽ കരൾ വീക്കം പൂർണമായും പൂർവ്വസ്ഥിതിയിലാക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഡോ. ദുസേജയുടെ നേതൃത്വത്തിൽ പി.ജി.ഐ നടത്തിയ പഠനം കാണിക്കുന്നത് ചണ്ഡീഗഡിൽ ഫാറ്റി ലിവർ രോഗം 53 ശതമാനമാണെന്നാണ്. പതിവ് വ്യായാമം, പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം തുടങ്ങിയ ലളിതമായ ജീവിതശൈലി മാറ്റങ്ങൾ കരളിലെ കൊഴുപ്പിന്റെ അളവ് കുറക്കാൻ വളരെ ഫലപ്രദമാണ്. മൂന്ന് ചപ്പാത്തി കഴിച്ചിരുന്നെങ്കിൽ അത് രണ്ട് ചപ്പാത്തിയായി കുറക്കുന്നത് പോലുള്ള ലളിതമായ മാറ്റങ്ങൾ ശരീരത്തിന് ഗുണം ചെയ്യും. പ്രതിരോധത്തിലും ചികിത്സയിലും യോഗ വളരെയധികം ഗുണം ചെയ്യുമെന്നും കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
ഭാരം കുറക്കുമ്പോൾ ശരീരം ഇൻസുലിനോട് കൂടുതൽ നന്നായി പ്രതികരിക്കാൻ തുടങ്ങുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറക്കാനും സഹായിക്കും. ഭാരം കുറക്കുന്നത് കരളിലെ എൻസൈമുകളുടെ അളവ് കുറക്കുന്നു, ഇത് കരളിന്‍റെ വീക്കം കുറഞ്ഞുവരുന്നതിന്‍റെ സൂചനയാണ്. പി.ജി.ഐയിലെ ഹെപ്പറ്റോളജി വിദഗ്‌ധർ ഫാറ്റി ലിവർ തടയുന്നതിനും ചികിത്സിക്കുന്നതിനും വേണ്ടി ചില പ്രധാന കാര്യങ്ങൾ ഊന്നിപ്പറയുന്നു. പഴങ്ങൾ, പച്ചക്കറികൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യകരമായ ഭക്ഷണക്രമവും സ്ഥിരമായ വ്യായാമവും പ്രധാനമാണെന്നും ഭക്ഷണത്തിന്റെ അളവ് കുറക്കണമെന്നും നിർദേശമുണ്ട്.
ലോകമെമ്പാടുമുള്ള മുതിർന്നവരിൽ ഏകദേശം 30 ശതമാനം മുതൽ 32 ശതമാനം വരെ ആളുകളിൽ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഉണ്ടെന്നാണ് കണക്കാക്കുന്നത്. 1990-2006 കാലയളവിൽ 25.3 ശതമാനം ആയിരുന്ന ആഗോള വ്യാപനം 2016ന് ശേഷം 38 ശതമാനമായി വർധിച്ചിട്ടുണ്ട്. അമിതവണ്ണം, പ്രമേഹം എന്നിവയുടെ വർധനവാണ് ഇതിന് പ്രധാന കാരണം. പുരുഷന്മാരിൽ ഇത് സ്ത്രീകളെക്കാൾ കൂടുതലായി കാണപ്പെടുന്നു.
ഫാറ്റി ലിവർ ഒരു പരിധിവരെ പൂർണ്ണമായും മാറ്റിയെടുക്കാൻ സാധ്യതയുള്ള ഒരു അവസ്ഥയാണ്. അതിന് ഏറ്റവും മികച്ച വഴി സ്ഥിരതയോടെയുള്ള ജീവിതശൈലീ മാറ്റങ്ങളിലൂടെ ഭാരം കുറക്കുകയാണ്. കായികാധ്വാനം ഫാറ്റി ലിവർ തടയുന്നതിനും ചികിത്സിക്കുന്നതിനും വളരെ ഫലപ്രദമാണെന്ന് അവർ പറയുന്നു. ആഴ്ചയിൽ 150-300 മിനിറ്റ് മിതമായ തീവ്രതയിലുള്ള വ്യായാമമാണ് ആരോഗ്യത്തിന് നല്ലത്. മദ്യപാനം പൂർണമായും ഒഴിവാക്കുന്നത് കരളിന്റെ വീക്കം വർധിപ്പിക്കുന്നത് തടയും. രോഗം കൂടുതൽ വഷളാവുകയാണെങ്കിൽ മാത്രമേ സാധാരണയായി മരുന്നുകളുടെ ആവശ്യം വരുന്നുള്ളൂ എന്നും പി.ജി.ഐ വിദഗ്‌ധർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

