കൂളാണ് കുക്കുമ്പർ; ഡാർക്ക് സർക്കിളും ക്ഷീണവും അകറ്റും
text_fieldsനമ്മളിൽ പലരും വെള്ളരിക്ക കണ്ണിൽ വെക്കാറുണ്ട്. ഇതൊരു പരമ്പരാഗതമായ വീട്ടുവൈദ്യമാണ്. തണുത്ത വെള്ളരിക്ക കഷ്ണങ്ങൾ കണ്ണിന് മുകളിൽ വെക്കുന്നത് കണ്ണിന് ചുറ്റുമുള്ള വീക്കം കുറക്കാൻ സഹായിക്കും. ഉറക്കക്കുറവ് മൂലമോ മറ്റ് കാരണങ്ങളാലോ കണ്ണിന് ചുറ്റും ഉണ്ടാകുന്ന ഡാർക്ക് സർക്കിൾസ് കുറക്കാനും ഇത് സഹായിക്കും. വെള്ളരിക്കയിൽ അടങ്ങിയ വിറ്റാമിൻ സി, കെ, അതുപോലെ ആന്റി ഓക്സിഡന്റുകൾ എന്നിവ ചർമത്തിന് നിറം നൽകാനും ഓക്സീകരണ സമ്മർദം കുറക്കാനും സഹായിക്കുന്നു.
വെള്ളരിക്കയിലെ ഉയർന്ന ജലാംശം കണ്ണിനും ചുറ്റുമുള്ള ചർമത്തിനും നല്ല തണുപ്പും ഈർപ്പവും നൽകുന്നു. ഇത് കണ്ണിന് വിശ്രമം നൽകാനും ക്ഷീണം അകറ്റാനും സഹായിക്കും. വെള്ളരിക്കയിൽ 96 ശതമാനം വരെ ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന് ചുറ്റുമുള്ള അതിലോലമായ ചർമത്തിന് ഈർപ്പം നൽകാനും നേർത്ത വരകൾ കുറക്കാനും സഹായിക്കും. വെള്ളരിക്ക കഷ്ണങ്ങൾ തണുപ്പിച്ചതിന് ശേഷം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. വെള്ളരിക്ക കഷ്ണങ്ങൾ വെച്ച് 10-15 മിനിറ്റ് കണ്ണടച്ച് വിശ്രമിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
വെള്ളരിക്കയിലെ ഉയർന്ന ജലാംശം ചർമകോശങ്ങൾക്ക് ഈർപ്പം നൽകി ചർമം മൃദുവായി നിലനിർത്തുന്നു. വെള്ളരിക്ക പതിവായി ഉപയോഗിക്കുന്നത് ചർമത്തിന്‍റെ ആരോഗ്യം വർധിപ്പിക്കാൻ വളരെയധികം സഹായിക്കും. ചർമത്തിലെ ജലാംശം നിലനിർത്തുകയും വരണ്ടുപോകാതെ തടയുകയും ചെയ്യുന്നു. ചൂടുമൂലമുള്ള ചുവപ്പ്, എരിച്ചിൽ, വീക്കം എന്നിവ കുറക്കാനും വെള്ളരിക്ക നല്ലതാണ്.
ഇതിലെ ആന്‍റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും വാർധക്യ ലക്ഷണങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. പ്രകൃതിദത്തമായ ടോണറാണ് വെള്ളരിക്ക. ചർമത്തിലെ അഴുക്കുകളെ നീക്കി തിളക്കം നൽകാൻ ഇതു സഹായിക്കും. വെള്ളരിക്കാ നീര് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം. വെള്ളരി തൊലി കളഞ്ഞ് ഉടച്ചെടുത്ത് അതിലേക്ക് അൽപ്പം തേൻ, കറ്റാർവാഴ അല്ലെങ്കിൽ തൈര് ചേർത്തിളക്കി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. 10 മുതൽ 15 മിനിറ്റു വരെ ഈ പാക്ക് മുഖത്ത് വെക്കാവുന്നതാണ്. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. ചർമ സുഷിരങ്ങൾ ശക്തമാക്കുന്നതിനും അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യുന്നതിനും ആ പാക്ക് നല്ലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

